കുറഞ്ഞ വിലയിൽ സ്കോഡ, സാധാരണക്കാരന്റെ കയ്യിലേക്ക് കൈലാഖ്: ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്

Mail This Article
മാരുതിയും ഹ്യൂണ്ടേയും ടാറ്റയുമൊക്കെ ഭരിക്കുന്ന ബജറ്റ് എസ്‌യുവി സെഗമെന്റിൽ സ്കോഡ ഹരിശ്രീ കുറിക്കുകയാണ്. സാധാരണക്കാരന്റെ കയ്യിലേക്ക് ‘കൈലാഖ്’ വച്ചു കൊടുത്താണ് സ്കോഡയുടെ ഇൗ മാസ് എൻട്രി. വിലയും വലുപ്പവും കുറച്ചെങ്കിലും ഉറപ്പിനും കരുത്തിനും ഒട്ടും കുറവില്ലാത്ത ഇൗ കാർ ഇതിനോടകം തന്നെ ജനപ്രിയ ലേബൽ സ്വന്തമാക്കി കഴിഞ്ഞു. മിക്ക വാഹനനിർമാതാക്കളും ബജറ്റ് കാറുകളേക്കാൾ വില കൂടിയ മോഡലുകളുടെ പിന്നാലെ പോകുന്ന കാലത്താണ് സ്കോഡാ പോലൊരു പ്രീമിയം ബ്രാൻഡ് സാധാരണക്കാരിലേക്ക് ഇറങ്ങി വരുന്നത്. തങ്ങളുടെ പുതിയ മോഡലിന് പേരിടാൻ ജനങ്ങളോട് ആവശ്യപ്പെടുകയും ഒടുവിൽ തങ്ങൾക്ക് ലഭിച്ച 2 ലക്ഷം പേരുകളിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കുകയും ചെയ്തതു വഴി സ്കോഡ അവരുടെ സന്ദേശം വ്യക്തമാക്കി. അവർ തിരഞ്ഞെടുത്ത പേര് ഒരു മലയാളി ഇട്ടതാണെന്നത് നമ്മൾ കേരളീയർക്ക് അഭിമാനവുമായി.
∙ കരുത്തൻ കൈലാഖ്
ഗോവയിലെ നിരത്തുകളിലൂടെയുള്ള കൈലാഖ് ഡ്രൈവിൽ ഒരു കാര്യം വ്യക്തമായി. സ്കോഡാ എന്ന ബ്രാൻഡിന്റെ ക്വാളിറ്റി അതേ പടി നില നിർത്തിയിരിക്കുന്ന മോഡലാണ് കൈലാഖ്. ഒരു ഡോർ തുറന്നടച്ചാൽ മാത്രം മതി ആ വാഹനത്തിന്റെ ബിൽഡ് ക്വാളിറ്റി മനസ്സിലാക്കാൻ. ഗ്ലോബല്‍ എന്‍സിഎപി, ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റുകളിൽ 5 സ്റ്റാർ റേറ്റിങ് കിട്ടിയതു വെറുതെയല്ല എന്നു വ്യക്തം. ത്രീ സിലിണ്ടര്‍ 1.0 ടിഎസ്‌ഐ എന്‍ജിനാണ് കൈലാഖിലുള്ളത്. 999 സിസി എന്‍ജിന്‍ 115 എച്ച്പി കരുത്തും 178എന്‍എം പരമാവധി ടോര്‍ക്കും നൽകും. 6 സ്പീഡ് മാനുവല്‍/6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ വാഹനത്തിനുണ്ട്. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കീലോമീറ്റര്‍ വേഗതയിലേക്ക് 10.5 സെക്കന്‍ഡില്‍ കുതിച്ചെത്തും.


മികച്ച ഡ്രൈവബിലിറ്റിയാണ് വാഹനം നൽകുന്നത്. ഒരു വലിയ എസ്‌യുവി ഒാടിക്കുമ്പോൾ ലഭിക്കുന്ന കോൺഫിഡൻസ് ഡ്രൈവർക്കും യാത്രക്കാർക്കും ലഭിക്കും. സ്പീഡോമീറ്ററിൽ 100 കഴിഞ്ഞൊലും ഉള്ളിലിരിക്കുന്നവർക്ക് ആ വേഗക്കൂടതൽ ഫീൽ ചെയ്യില്ല. അത്രയ്ക്ക് സ്റ്റെബിലിറ്റിയും കംഫർട്ടുമാണ് വാഹനം നൽകുന്നത്. മാനുവൽ ഒാട്ടമാറ്റിക് മോഡലുകൾ ഒാടിച്ചപ്പോൾ മാനുവലാണ് കുറച്ചു കൂടുതൽ ഇഷ്ടപ്പെട്ടത്. മാനുവലിന് 19.68 കിമീയും ഒാട്ടമാറ്റിക്കിന് 19.05 കിമീയുമാണ് സ്കോഡാ അവകാശപ്പെടുന്ന മൈലേജ്.

∙ കുഞ്ഞൻ കുഷാഖ്
കുഷാഖ് എന്ന തങ്ങളുടെ വലിയ എസ്‌യുവിയുടെ സ്കേൽഡ് ഡൗൺ വേർഷനായാണ് കൈലാഖ് സ്കോഡാ അവതരിപ്പിച്ചിരിക്കുന്നത്. അതു അപ്പാടെ ശരി വയ്ക്കുന്നതാണ് വാഹനത്തിന്റെ അകം പുറം കാഴ്ചകൾ. സ്പ്ലിറ്റ് ഹെഡ്‌ലാംപുകളും എല്‍ഇഡി ഡിആര്‍എല്ലുകളും എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാംപുകളും കൈലാഖിലുണ്ട്. കുഷാഖിനെ അപേക്ഷിച്ച് മെലിഞ്ഞതാണ് ഗ്രില്ലുകള്‍, പക്ഷേ ഗ്ലോസിയുമാണ്. ബംപറില്‍ കറുപ്പ് ക്ലാഡിങുകളും അലൂമിനിയം ലുക്ക് സ്‌പോയ്‌ലറുമുണ്ട്. 2,566എംഎം ആണ് വീൽബേസ്. ഗ്രൗണ്ട് ക്ലിയറന്‍സ് 189 എംഎം. കൈലാഖിന്റെ ഉയര്‍ന്ന മോഡലുകളിൽ 17 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വിലുകളാണുള്ളത്.



ഇന്റീരിയറിലും കൈലാഖ് ഒരു മിനി കുഷാഖ് തന്നെയാണ്. ഡാഷ്‌ബോര്‍ഡ് ലേ ഔട്ട്, ക്ലൈമറ്റ് കണ്‍ട്രോള്‍ പാനലുകള്‍, 8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10 ഇഞ്ച് ടച്ച് സ്‌ക്രീന്‍ എന്നീ ഫീച്ചറുകളും ഇരു മോഡലുകളും പങ്കിട്ടെടുക്കുന്നു. കീലെസ് എന്‍ട്രി, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, വയര്‍ലസ് ആന്‍ഡ്രോയിഡ് ഓട്ടോ/ ആപ്പിള്‍ കാര്‍ പ്ലേ, ഫ്രണ്ട് സീറ്റ് വെന്റിലേഷന്‍ എന്നിങ്ങനെയുള്ള സെഗ്മെന്റിലെ പ്രധാന ഫീച്ചറുകളും കൈലാഖിലുണ്ട്. എല്ലാ ഡോറുകളിലും ബോട്ടില്‍ ഹോള്‍ഡറുകളും തണുപ്പിക്കാവുന്ന ഗ്ലൗ ബോക്‌സും കപ് ഹോള്‍ഡറുകളും കാബിനുള്ളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നു. 6 തരത്തിൽ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന മുൻ സീറ്റുകൾ കൈലാഖിന്റെ മാത്രം പ്രത്യേകതയാണ്. സ്കോഡാ ലോഗോയുള്ള 2 സ്പോക് സ്റ്റിയറിങ് വീലും അതിലെ കൺട്രോളുകളും ലുക്കിലും ഫീലിലും മികവു പുലർത്തുന്നു.


പിന്‍സീറ്റുകളില്‍ താരതമ്യേന വിശാലമായ സൗകര്യമുണ്ട്. ഫോള്‍ഡ് ഡൗണ്‍ സെന്റര്‍ ആംറസ്റ്റ്, അഡ്ജസ്റ്റബിള്‍ ഹെഡ്‌റെസ്റ്റ്, 3 പോയിന്റ് സീറ്റ് ബെല്‍റ്റ് എന്നിവയും പിന്നിലുണ്ട്. 446 ലീറ്ററാണ് കൈലാഖിന്റെ ബൂട്ട്‌സ്‌പേസ്. ഏതാണ്ട് 2 പേർക്ക് സുഖമായി ഇരിക്കാവുന്ന വലുപ്പം. ആറ് എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, ഇഎസ്‌സി, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക് എന്നിങ്ങനെ പോവുന്നു സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകള്‍. ഒപ്പം നേരത്തെ പറഞ്ഞതു പോലെ ക്രാഷ് ടെസ്റ്റുകളിൽ 5 സ്റ്റാർ റേറ്റിങ്ങും.
∙ ജനപ്രിയൻ കൈലാഖ്
7.89 ലക്ഷം രൂപ മുതലാണ് കൈലാഖിന്റെ വില ആരംഭിക്കുന്നത്. ഇതിലും വില കുറഞ്ഞ ഒരു സ്കോഡാ ഇറങ്ങിയിട്ടില്ല ഇനി ഇറങ്ങാനും സാധ്യതയില്ല. സാധാരണക്കാരന്റെ എസ്‌യുവി എന്ന വിപണിയിലെ ജനകീയ സെഗ്മെന്റിലെ ഒന്നാം സ്ഥാനമാണ് സ്കോഡാ ലക്ഷ്യമിടുന്നത്. ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര എക്‌സ് യു വി 3എക്‌സ്ഒ, മാരുതി ബ്രസ, ഹ്യുണ്ടേയ് വെന്യു, കിയ സോനറ്റ് എന്നിങ്ങനെ വിപണിയില്‍ പയറ്റി തെളിഞ്ഞ മോഡലുകളോടാണ് കൈലാഖിന്റെ മത്സരം.അവിടെയും അവരെ ഏറ്റവുമധികം സഹായിക്കുക സ്കോഡാ എന്ന പേര് തന്നെയാണ്. 130 വർഷം നീണ്ട ആഗോള പാരമ്പര്യത്തിന്റെയും ഇന്ത്യയിലെ 25–ാം വർഷത്തിന്റെയും വിശ്വാസ്യതയ്ക്ക് പകരം വയ്ക്കാനൊന്നുമില്ല. പണക്കാരുടെ വാഹനമെന്ന വിശേഷണം മാറ്റി വച്ച് സാധാരണക്കാരന്റെ കയ്യിലേക്ക് കൈലാഖ് വച്ചു കൊടുത്ത് സ്കോഡ ജനപ്രിയ നായകാനാകാനുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞു.