ഇന്ത്യൻ എംബസിയിലെ കോൺസുലാർ സർവീസുകൾ ഇനി വിഎഫ്എസ് വഴി മാത്രം
Mail This Article
ലണ്ടൻ ∙ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ബ്രിട്ടനിലെ ഇന്ത്യൻ എംബസി വഴിയും കോൺസുലേറ്റുകൾ വഴിയും നൽകിയിരുന്ന കൂടുതൽ സേവനങ്ങൾ വിഎഫ്എസ് വഴിയാക്കി മാറ്റി. 24-ാം തീയതി മുതലാണ് ഈ തീരുമാനം പ്രാബല്യത്തിലായത്. നേരത്തെ തന്നെ പാസ്പോർട്ട് പുതുക്കൽ, സറണ്ടർ, ഒസിഐ റജിസ്ട്രേഷൻ, ഒസിഐ പുതുക്കൽ തുടങ്ങിയ സർവീസുകൾ പുറം ജോലിക്കരാർ ഏജൻസിയായ വീസ ഫെസിലിറ്റേഷൻ സർവീസസിനെ ഏൽപിച്ചിരുന്നു. ഇതിനു പുറമെയാണ് ഇപ്പോൾ വിൽ എക്സിക്യൂഷൻ, ഗിഫ്റ്റ് ഡീഡ്, പവർ ഓഫ് അറ്റോർണി, ബർത്ത് റജിസ്ട്രേഷൻ, കൊച്ചുകുട്ടികളുടെ പാസ്പോർട്ട് എടുക്കുന്നതിനുള്ള സത്യവാങ്മൂലം എന്നീ സർവീസുകളും വിഎഫ്എസ് വഴിയാക്കിയത്.
ഇത്തരം സർവീസുകൾക്കായി വളരെയേറെ ആളുകൾ എംബസിയിൽ എത്തുന്ന സാഹചര്യത്തിൽ പൊതുജന താൽപര്യവും ജോലിക്കാരുടെ സുരക്ഷിതത്വവും കണക്കിലെടുത്താണു പുതിയ തീരുമാനമെന്ന് ഹൈക്കമ്മിഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വിവിധ കോൺസുലാർ സർവീസുകൾക്കായി 24-ാം തീയതിക്കു ശേഷം ഹൈക്കമ്മിഷനിലോ കോൺസുലേറ്റുകളിലൊ അപ്പോയിന്റ്മെന്റ് ലഭിച്ചിട്ടുള്ളവർ അതിനു പകരം തൊട്ടടുത്ത വിഎഫ്എസ്. സെന്ററിൽ അപ്പോയിന്റ്മെന്റ് എടുത്ത് അപേക്ഷ നൽകേണ്ടതാണ്.
ലണ്ടനിലെ ഗോസ്വെൽ റോഡ്, ഹൺസ്ലോ എന്നിവിടങ്ങളിലും ബർമിങ്ങാം, എഡിൻബറോ നഗരങ്ങളിലുമാണു ബ്രിട്ടണിലെ വിഎഫ്എസ് ഓഫിസുകൾ പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ സർവീസുകൾ വി.എഫ്.എസിനെ ഏൽപിക്കുന്നത് ഗുണകരമാകാനാണു സാധ്യത.