ADVERTISEMENT

ഡബ്ലിൻ∙ അയർലൻഡിലെ കോർക്കിൽ വെള്ളിയാഴ്ച മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിന്‍റെ ഞെട്ടലിലാണ് മലയാളി സമൂഹം ഇപ്പോഴും. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് തൃശൂർ സ്വദേശിനിയായ ദീപ ദിനമണി (38) കൊല്ലപ്പെട്ട വിവരം പുറംലോകം അറിഞ്ഞു തുടങ്ങിയത്. കൊലപാതക കേസിലെ പ്രതിയെന്ന് കരുതുന്ന ഭർത്താവ് റെജിൻ രാജൻ (41), കൊല്ലപ്പെട്ട ദീപ എന്നിവരെ കോർക്കിലെ മലയാളി സമൂഹത്തിന് അധികം പരിചയം ഇല്ലങ്കിലും തങ്ങൾക്കിടയിൽ ഉണ്ടായ ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവത്തിന്റെ ഞെട്ടലിലാണ് മിക്കവരും. കോര്‍ക്ക് സിറ്റിയില്‍ നിന്നും അഞ്ച് കിലോ മീറ്റര്‍ മാത്രം അകലെയുള്ള കാര്‍ഡിനാൾ കോര്‍ട്ടിലെ വീടിനുള്ളിലാണ് ദീപയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

Read also: സാധാരണക്കാരെ നെഞ്ചോടു ചേർത്ത് ഷെയ്ഖ് മുഹമ്മദിന്റെ സെൽഫി; വിഡിയോ വൈറൽ...

ദീപ കൊല്ലപ്പെട്ട സമയത്ത് ഇവരുടെ അഞ്ച് വയസുകാരനായ മകന്‍ അടുത്തുള്ള മറ്റൊരു വീട്ടിലായിരുന്നു. ഇതേ തുടർന്നാണ് മകൻ കൊലപാതക സമയത്ത് വീട്ടിൽ ഇല്ലാതെ പോയത്. സംഭവത്തെ തുടര്‍ന്ന് മകന്റെ സംരക്ഷണം സോഷ്യല്‍ വെല്‍ഫെയര്‍ സംഘം ഏറ്റെടുത്തു. എന്നാൽ കൊലപാതകത്തിന് ദൃക്സാക്ഷിയി ഒരാൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇവരോടൊപ്പം വാടക ഷെയർ ചെയ്തു അതേ കെട്ടിടത്തിൽ താമസിച്ചിരുന്ന ഒരു പെൺകുട്ടിയാണ് ദൃക്സാക്ഷി എന്നാണ് പറയപ്പെടുന്നത്.

കോർക്ക് ജില്ലാ കോടതിയിൽ ഹാജരാക്കാൻ ടോഗർ ഗാർഡ സംഘം റെജിൻ രാജനെ വാഹനത്തിൽ കൊണ്ടുപോകുന്ന ദൃശ്യം
കോർക്ക് ജില്ലാ കോടതിയിൽ ഹാജരാക്കാൻ ടോഗർ ഗാർഡ സംഘം റെജിൻ രാജനെ വാഹനത്തിൽ കൊണ്ടുപോകുന്ന ദൃശ്യം

കർണാടകയിലെ ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ തൃശൂർ സ്വദേശിയാണ് ദീപയെന്നും കോയമ്പത്തൂരിൽ താമസമായിരുന്ന മലയാളിയാണ് റെജിനെന്നുമാണ് ഇരുവരെയും സംബന്ധിച്ച് ലഭ്യമാകുന്ന വിവരം.  കോര്‍ക്കിലെ എയർപോർട്ട് ബിസിനസ് പാർക്കിൽ പ്രവര്‍ത്തിക്കുന്ന ആള്‍ട്ടര്‍ ഡോമസ് ഫണ്ട് സര്‍വീസ് (അയർലൻഡ്) ലിമിറ്റഡ് എന്ന രാജ്യാന്തര കമ്പനിയില്‍ സീനിയർ മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ദീപ ജോലിയിൽ പ്രവേശിച്ചത്. അതിന് ശേഷം ഉടന്‍ തന്നെ ഭര്‍ത്താവ് റെജിൻ രാജനെയും മകനെയും ദീപ അയർലൻഡിൽ ആശ്രിത വിസയിൽ എത്തിക്കുകയായിരുന്നു.

 റെജിൻ രാജൻ
റെജിൻ രാജൻ

കൊലപാതകത്തെ തുടർന്ന് ടോഗർ ഗാര്‍ഡ കസ്റ്റഡിയിലെടുത്ത ദീപയുടെ ഭര്‍ത്താവ് റെജിന്‍ രാജനെ ഇന്ന് രാവിലെ കോര്‍ക്ക് ജില്ലാ കോടതിയുടെ പ്രത്യേക സിറ്റിങിൽ ഹാജരാക്കി. ഇന്ന് പുലര്‍ച്ചെ ടോഗര്‍ ഗാര്‍ഡ സ്റ്റേഷനില്‍ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തതായി ഡിറ്റക്ടീവ് ഗാര്‍ഡ അലന്‍ ജോൺസൻ പറഞ്ഞു. പ്രത്യേക സിറ്റിങിൽ കോടതിയുടെ ചോദ്യങ്ങള്‍ക്ക് പ്രതി മറുപടി നല്‍കിയില്ല. കൊലപാതകക്കുറ്റം ചുമത്തിയതിനാല്‍ ജില്ലാ കോടതിയില്‍ നിന്നും ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതിയെ  റിമാൻഡിൽ പ്രവേശിപ്പിച്ചു. ജൂലൈ 20 വ്യാഴാഴ്ച വീണ്ടും കോടതിയില്‍ ഹാജരാകണമെന്നാണ് കോർക്ക് ജില്ലാ കോടതിയുടെ ഉത്തരവ്.

കൊലപാതകം നടന്ന വീടിന് മുന്നിൽ എത്തിയ ടോഗർ ഗാർഡ  (പൊലീസ്) സംഘം
കൊലപാതകം നടന്ന വീടിന് മുന്നിൽ എത്തിയ ടോഗർ ഗാർഡ (പൊലീസ്) സംഘം

റെജിന് വരുമാന മാർഗമുള്ള ജോലി ഇല്ലാത്തതിനാൽ നിയമ സഹായത്തിന് അപേക്ഷിച്ചിരുന്നു. ഇതേ തുടർന്ന് ജില്ലാ കോടതി ജഡ്ജ് ഒലാൻ കെല്ലെഹര്‍ നിയമ സഹായം അനുവദിച്ചിട്ടുണ്ട്. അഭിഭാഷകനായി  എഡ്ഡി ബര്‍ക്കിനെയാണ് നിയോഗിച്ചിരിക്കുന്നത്. തന്റെ കക്ഷിക്ക് കസ്റ്റഡിയില്‍ ഇരിക്കെ ആവശ്യമായ വൈദ്യസഹായം നല്‍കണമെന്ന്  അഭിഭാഷകൻ ആവശ്യപ്പെട്ടു. ജഡ്ജി ഒലാന്‍ കെല്ലെഹര്‍ ഇതിന് അനുമതി നല്‍കി.

ദീപയും ഭർത്താവ് റെജിനും
ദീപയും ഭർത്താവ് റെജിനും

പന്ത്രണ്ട് വര്‍ഷത്തോളം പ്രവര്‍ത്തി പരിചയമുള്ള പ്രഗത്ഭയായ ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആയിരുന്നു ദീപ ദിനമണി. ബെംഗളൂരു, നോയിഡ എന്നിവിടങ്ങളിലായി ഇന്‍ഫോസിസ്, അമികോര്‍പ്പ്, അപ്പക്‌സ് ഫണ്ട് സര്‍വീസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. മരിച്ച യുവതിയുടെ കുടുംബത്തെ സഹായിക്കുന്നതിന് കോര്‍ക്കിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങളും വിവിധ മലയാളി സംഘടനകളുടെ ഭാരവാഹികളും ഇന്ത്യൻ എംബസി അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. മൃതദേഹം  നടപടി ക്രമീകരണങ്ങൾ പൂർത്തീകരിച്ച് നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നതായി വിവിധ സംഘടനകളുടെ ഭാരവാഹികൾ പറഞ്ഞു. 

English Summary: Deepa Dinamani murder updates

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com