ADVERTISEMENT

ബര്‍ലിന്‍  ∙ ആഗോളതലത്തില്‍ പണപ്പെരുപ്പവും വിലവർധനയും തൊഴിലില്ലായ്മയും വർധിച്ചുവരുന്ന സാഹചര്യത്തില്‍ ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ആഗോള ഓഹരി വിപണികളില്‍ ഒരു ദിവസം കൊണ്ട് 2.9 ട്രില്യന്‍ ഡോളര്‍ നഷ്ടമാണ് ഉണ്ടായത്. ഇത് ഓഹരി വിപണിയെ മാത്രമല്ല മുന്തിയ ബാങ്കുകളെയും ആശങ്കയിലാഴ്ത്തുകയാണ്. 

2020ൽ കോവിഡ് കാലത്ത് മാര്‍ച്ച് മൂന്നാം വാരത്തില്‍ സംഭവിച്ചതിന് സമാനമായ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണ് വെള്ളിയാഴ്ച ഓഹരി വിപണികള്‍ നേരിട്ടത്. ഇത് ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നുള്ള ആശങ്കയ്ക്ക് കാരണമായി പറയുന്നു. 

അമേരിക്ക സാമ്പത്തിക മാന്ദ്യത്തിന്റെ ചുഴിയിലേയ്ക്ക് പോകുന്നു എന്ന വെള്ളിയാഴ്ചത്തെ വാര്‍ത്ത ന്യൂയോര്‍ക്കിലെ മാത്രമല്ല യൂറോപ്പിലെയും ഏഷ്യയിലെയും വിപണികളിലെ ഇടിവിന് കാരണമായി. അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്ക് കൂടിയതും വിപണി വീഴ്ചയുടെ ആഘാതത്തിന് ശക്തികൂട്ടി. 

4.3 ശതമാനമാണ് നിലവിൽ അമേരിക്കയുടെ തൊഴിലില്ലായ്മ നിരക്ക്. ഇത്  2021 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. അമേരിക്കന്‍ സ്റേറാക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്ററ് ചെയ്യപ്പെട്ട ഏറ്റവും വലിയ 500 കമ്പനികളുടെ ഓഹരി മൂല്യത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചത്. ആമസോണ്‍ ഉള്‍പ്പടെയുള്ള പല വമ്പന്‍മാരും വെള്ളിയാഴ്ച കനത്ത നഷ്ടമാണ് നേരിട്ടത്. 12.5 ശതമാനം ഇടിവാണ് ആമസോണിന് സംഭവിച്ചതെങ്കില്‍ അമേരിക്കയുടെ ഇന്റെലിനുണ്ടായത് 29 ശതമാനം ഇടിവാണ്. ജാപ്പനീസ് ഓഹരി വിപണിയിലും ഇടിവുണ്ടായി. 

ജര്‍മനിയിലെ പണപ്പെരുപ്പം, തൊഴിലില്ലായ്മ വർധനവ് തുടങ്ങിയ അടിസ്ഥാനപ്രശ്നങ്ങള്‍ യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയെ താഴോട്ട് വലിക്കുമ്പോൾ മറ്റു രാജ്യങ്ങളും സമാനപാതയില്‍ എത്തിയേക്കുമെന്നാണ് ആശങ്ക. ജര്‍മന്‍ ഭരണകൂടത്തിന്റെ പിടിപ്പുകേടും, യുക്രെയ്ൻ റഷ്യ യുദ്ധത്തില്‍ പുടിനെതിരെ ജര്‍മനിയെടുക്കുന്ന താല്‍പ്പര്യവും ജര്‍മനിയുടെ സാമ്പത്തിക വളർച്ചയെ ബാധിക്കുന്നതായി പറയുന്നു. ഇതെ തുടർന്ന് വിദേശ പ്രതിരോധച്ചെലവില്‍ ജര്‍മനിയുടെ ബജറ്റ് വിഹിതം എക്കാലത്തേയും വലിയ ഉയരത്തിലാണ്. യൂറോപ്യന്‍ ടെക്ക് കമ്പനികളും കനത്ത നഷ്ടമാണ് നേരിട്ടത്. 

English Summary:

Stock market suffers worst day since covid; Global recession fears.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com