കാൻസറിനോട് പൊരുതി, പക്ഷേ പരാജയപ്പെട്ടു; വിടവാങ്ങല്‍ പാര്‍ട്ടി നടത്തി ആഘോഷം, വൈകാരിക വിഡിയോ

Mail This Article
വാര്‍സൗ ∙ മാരകമായ അര്‍ബുദ രോഗത്തെക്കുറിച്ച് വിഷമിക്കാതെ അവസാന ദിനങ്ങള്‍ പ്രിയപ്പെട്ടവരോടൊത്ത് ചെലവിട്ട് സന്തോഷവാനായി മരണത്തെ സ്വീകരിക്കാനൊരുങ്ങുകയാണ് ഈ പോളണ്ടുകാരന്.
അടുത്ത ബന്ധുക്കള്‍ക്കൊപ്പമുള്ള പിതാവിന്റെ വിടവാങ്ങല്‍ പാര്‍ട്ടിയിലെ വൈകാരിക നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി മകള്‍ ബിബി ബ്രസോസ്ക പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയി കഴിഞ്ഞു. 'എന്റെ പിതാവ് ഇതിഹാസമാണ്' എന്നു പറഞ്ഞ് ഇന്‍സ്റ്റഗ്രമില്‍ ബിബി പങ്കുവച്ച വിഡിയോ ഇതിനകം 2 മില്യന്‍ ആളുകള്‍ കണ്ടു കഴിഞ്ഞു.
പോളണ്ടില്‍ മരിച്ചവരോടുള്ള ആദരസൂചകമായി സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം സ്റ്റിപ്പ എന്ന പേരില്‍ എല്ലാ ബന്ധുക്കളും ചേര്‍ന്നൊരു ഒത്തുകൂടല്‍ നടത്തുന്നത് പതിവാണ്. പാരമ്പര്യ രീതികളില്‍ പുതിയ മാറ്റത്തിന് തുടക്കമിട്ട് തന്റെ മരണത്തിന് മുന്‍പേ തന്നെ പ്രിയപ്പെട്ടവരുമായുള്ള ഒത്തു ചേരല്‍ നടത്തി സന്തോഷവാനായിരിക്കുകയാണ് ടെര്‍മിനല്‍ കാന്‍സര്‍ ബാധിതനായ ബിബിയുടെ പിതാവ്. മരണത്തിന് മുന്‍പുള്ള വിടവാങ്ങല്‍ പാര്‍ട്ടി ചിലരെ ഞെട്ടിക്കുകയോ മറ്റ് ചിലര്‍ക്ക് പ്രചോദനമാകുകയോ ചെയ്യുമെന്നും ബിബി ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ചു.
ജീവിച്ചിരിക്കുമ്പോള്‍ വേണം തന്നെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കിടണമെന്നാണ് അദ്ദേഹം പറയുന്നത്. താന്‍ പങ്കെടുക്കാത്ത ഒത്തുചേരലിനോട് താല്പര്യമില്ലാത്തതു കൊണ്ടാണ് മരണത്തിന് മുന്‍പേ തന്നെ സ്റ്റിപ്പ പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചതെന്നും മകള്‍ പറയുന്നു. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷമുള്ള ആഘോഷങ്ങള്‍ ഒഴിവാക്കാനായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടതെന്നും ബിബി പറഞ്ഞു.
ഡാന്‍സും പാട്ടും കവിത ചൊല്ലലും ഭക്ഷണപാനീയങ്ങളും എല്ലാമായി ഏറ്റവും അടുത്ത 50 ബന്ധുക്കളെ ക്ഷണിച്ചാണ് അദ്ദേഹം വിടവാങ്ങല്‍ പാര്‍ട്ടി നടത്തിയത്. സ്വന്തം ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമെല്ലാം വിശദമായ പ്രസംഗവും അദ്ദേഹം നടത്തി. എല്ലാവരും പരസ്പരമുള്ള ഓര്‍മകളും പങ്കുവച്ചു. ഒരുമിച്ച് നൃത്തം ചെയ്താണ് പിരിഞ്ഞതെങ്കിലും അവസാന ചുവടുകളില്‍ കൂടുതലും കണ്ണീരായിരുന്നുവെന്ന് മകള്‍ പറയുന്നു.
ധൈര്യശാലിയായ പിതാവിനെക്കുറിച്ച് അഭിമാനം തോന്നുവെന്നാണ് മകളുടെ പ്രതികരണം. വിഡിയോ വൈറല്‍ ആയതോടെ കയ്യടിച്ചാണ് അപൂര്‍വമായ വിടവാങ്ങല്‍ പാര്‍ട്ടിയെ സോഷ്യല്‍മീഡിയ വരവേറ്റത്. സ്വന്തം ജീവിതം മരണത്തിന് മുന്‍പ് ഇതുപോലെ ആഘോഷിക്കാനുള്ള ആഗ്രഹമാണ് പലരും പ്രകടിപ്പിച്ചത്. പിതാവ് ഇതിഹാസമാണെന്നാണ് ചിലരുടെ കമന്റുകള്‍. ഏറ്റവും മനോഹരമായ കാര്യമാണിതെന്നാണ് ചിലര്‍ പറഞ്ഞത്. ഹൃദയത്തില്‍തൊടുന്ന കമന്റുകളാണ് എല്ലാവരും പങ്കുവച്ചത്.