‘അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ്സ്’ ദേശീയ സമ്മേളനം ലണ്ടനിൽ സംഘടിപ്പിച്ചു

Mail This Article
ലണ്ടൻ ∙ സിപിഐ (എം) 24-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ലണ്ടനിൽ നടന്ന ‘അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ്സ്’ സമ്മേളനത്തിൽ ജനേഷ് നായർ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. സിപിഐ (എം) പോളിറ്റ് ബ്യൂറോ അംഗം അശോക് ധാവളെ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സമ്മേളനം 21 അംഗ എക്സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു. ഏഴംഗ സെക്രട്ടേറിയറ്റിനെ പിന്നീട് പുതിയ കമ്മിറ്റി തീരുമാനിക്കും.
സംഘടനയുടെ സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ട മിക്കവരും പഞ്ചാബിൽ നിന്നുള്ളവരായിരുന്നു. എന്നാൽ ഇത്തവണ ചരിത്രം തിരുത്തി കുറിച്ചാണ് 60 വർഷത്തിലധികം നീണ്ട പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

കോട്ടയം ജില്ലയിലെ കിടങ്ങൂർ സ്വദേശിയായ ജനേഷ് ഇപ്പോൾ മാഞ്ചസ്റ്ററിൽ സ്ഥിരതാമസമാണ്. മധുരയിൽ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിൽ ലണ്ടനിൽ നിന്ന് രണ്ട് പ്രതിനിധികൾ പങ്കെടുക്കുമെന്ന് ‘അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ്സ്’ അറിയിച്ചു. സ്ഥാനമൊഴിഞ്ഞ സെക്രട്ടറി ഹർസേവ് ബയിൻസും രാജേഷ് കൃഷ്ണയുമാണ് പ്രതിനിധികൾ.
