യുകെയിലെ ഡ്രൈവിങ് ടെസ്റ്റ് നിയമങ്ങളിൽ മാറ്റം; ഏപ്രിൽ മുതൽ പ്രാബല്യത്തിൽ

Mail This Article
ലണ്ടൻ ∙ യുകെയിൽ ഏപ്രില്‍ 8 മുതല്‍ ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട നിയമത്തില്‍ മാറ്റങ്ങള്‍ വരും. ലേണര്‍ ഡ്രൈവര്‍മാര്‍ക്ക് ടെസ്റ്റിങ് തീയതി മാറ്റുകയോ റദ്ദാക്കുകയോ ചെയ്യണമെങ്കില്‍ പത്ത് പ്രവർത്തി ദിവസങ്ങള്‍ക്ക് മുന്‍പായി അപേക്ഷ നൽകണമെന്ന് ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി (ഡിവിഎസ്എ) അറിയിച്ചു. നിലവില്‍ ടെസ്റ്റ് ഫീസ് നഷ്ടപ്പെടാതിരിക്കാന്‍ ഇക്കാര്യം മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ക്ക് മുന്‍പ് അപേക്ഷ നൽകിയാൽ മതിയായിരുന്നു.
തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങള്‍ പ്രവൃത്തി ദിവസങ്ങളായി കണക്കു കൂട്ടും. ഞായറാഴ്ചയും മറ്റ് പൊതു ഒഴിവ് ദിവസങ്ങളും പ്രവൃത്തി ദിവസങ്ങളായി കണക്കാക്കില്ല. കാര്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ക്കാണ് പുതിയ നിയമം ബാധകമാവുന്നത്. തിയറി ടെസ്റ്റുകള്‍ക്കും മോട്ടോര്‍ സൈക്കിള്‍, ബസ് ഡ്രൈവിങ് ടെസ്റ്റുകള്‍, ഡ്രൈവിങ് ഇന്‍സ്ട്രക്റ്റര്‍ ടെസ്റ്റുകള്‍, സ്‌പെഷ്യലിസ്റ്റ് വെഹിക്കിള്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ എന്നിവയുടെ കാര്യത്തിൽ നിലവിൽ തുടരുന്നത് പോലെ 3 ദിവസം മുൻപ് അപേക്ഷിച്ചാൽ മതി.
മിക്കവരും ഡ്രൈവിങ് ടെസ്റ്റ് തീയതി അടുക്കുമ്പോൾ ആണ് തീയതി മാറ്റുകയോ റദ്ദാക്കുകയോ ചെയ്യുന്നത്. ഇത്തരത്തിൽ തീയതികൾ ഏറ്റവും കുറഞ്ഞ ദിവസങ്ങൾക്ക് മുൻപ് നൽകുന്ന അറിയിപ്പില്‍ മാറ്റുന്നത് മൂലം മിക്കവർക്കും ടെസ്റ്റ് തീയതി ലഭ്യമാകുന്നില്ല എന്ന പരാതി ഉയർന്നിരുന്നു. അഥവാ ലഭിച്ചാലും ടെസ്റ്റിന് വേണ്ടുന്ന തയാറെടുപ്പുകളും മൂന്ന് ദിവസം കൊണ്ട് നടത്താൻ കഴിയാതെയും വരുന്നുണ്ട്. ഇത് ഒഴിവാക്കുന്നതിനാണ് ഇപ്പോള്‍ പത്ത് ദിവസത്തെ നോട്ടിസ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.