ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ ഇഫ്താർ സംഗമം

Mail This Article
ലണ്ടൻ ∙ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെയുടെ കേരള ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്‌താർ സംഗമം ജന പങ്കാളിത്തം കൊണ്ടും വ്യത്യസ്തത കൊണ്ടും അവിസ്മരണീയമായി. സ്ഥലപരിമിതിമൂലം 3 നിലകളിലായി ഇരിപ്പിടം ഒരുക്കി ആണ് സംഘാടകർ വൻ ജനാവലിയെ മുഴുവൻ സംഗമത്തിന്റെ ഭാഗമാക്കിയത്.
കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ. ഡാനിയലിന്റെ അധ്യക്ഷതയിൽ കൂടിയ സംഗമത്തിൽ ഐഒസി യുകെ ദേശീയ വൈസ് പ്രസിഡന്റ് ഗുർമിൻഡർ രൺധാവ മുഖ്യ അതിഥിയായിരുന്നു. പ്രോഗ്രാം കോഓർഡിനേറ്ററായ അപ്പ ഗഫൂർ സ്വാഗതം പറഞ്ഞു. സംഗമത്തിൽ വിവിധ മത വിഭാഗത്തിൽപെട്ട മുനീർ മൗലവി, റവ. സോജു എം.തോമസ് തുടങ്ങിയവർ റമദാൻ സന്ദേശം നൽകി. മുൻ മേയറും കൗൺസിലറുമായ മഞ്ജു ഷാഹുൽ ഹമീദ്, കൗൺസിലർ നിഖിൽ തമ്പി, കെഎംസിസി ചെയർമാൻ അബ്ദുൽ കരീം, ഐഒസി യൂറോപ്പ് ജനറൽ സെക്രട്ടറി മുഹമ്മദ് ഇർഷാദ്, ബോബിൻ ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു. കോഓർഡിനേറ്റർ അഷ്‌റഫ് അബ്ദുള്ള നന്ദി പറഞ്ഞു.
പ്രതീക്ഷിച്ചതിലും കൂടുതൽ ജന പങ്കാളിത്തം കൊണ്ടും ചിട്ടയായ പ്രവർത്തനം കൊണ്ടും ഐഒസിയുടെ ചരിത്രതാളുകളിൽ തങ്ക ലിപികളാൽ എഴുതി ചേർക്കപ്പെട്ട ഒന്നായി ഇത്തവണത്തെ ഇഫ്താർ സംഗമം മാറിയത് പ്രോഗ്രാം കോഓർഡിനേറ്റർമാരായ അഷ്‌റഫ് അബ്ദുള്ള, അപ്പ ഗഫൂർ, ജോർജ്ജ് ജോസഫ് തുടങ്ങിയവരുടെ നേതൃ പാടവവും കഠിന പ്രയത്നവും കൊണ്ടാണെന്ന് ഐഒസി കേരള ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു. കേവലം ഒരാഴ്ചകൊണ്ട് 300ൽപ്പരം പേരെ പങ്കെടുപ്പിച്ചു കൊണ്ടാണ്സംഗമം വൻ വിജത്തിലെത്തിച്ചതെന്നും ഇത്തരം പ്രവർത്തനങ്ങൾ അക്ഷരാർഥത്തിൽ ഐഒസിയുടെ തുടർന്നുള്ള പ്രവർത്തനങ്ങളുടെ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്നും ഐഒസി വൈസ് പ്രസിഡന്റ് അശ്വതി നായർ ഉൾപ്പടെയുള്ള ഭാരവാഹികൾ പറഞ്ഞു.
ഐഒസിയുടെ ദേശീയ കമ്മിറ്റി ഭാരവാഹികൾ, യൂത്ത് വിങ് നേതാക്കൾ, പ്രാദേശിക കൗൺസിലുകളിൽ നിന്നുള്ള കൗൺസിലർമാർ, കെഎംസിസിയുടെ നേതാക്കൾ, തമിഴ്നാട്, കർണാടക, പഞ്ചാബ്, പോണ്ടിച്ചേരി, മഹാരാഷ്ട തുടങ്ങി വിവിധ ചാപ്റ്ററുകളിൽ നിന്നുള്ള ഭാരവാഹികൾ എന്നിവർ ഉൾപ്പടെയുള്ളവർ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.