17–ാം വയസ്സിൽ ‘ലോകം കീഴടക്കിയ സൂപ്പർ താരം’; പരീക്ഷാഫലത്തിലെ ‘തെറ്റിൽ’ നഷ്ടമായത് ജീവൻ

Mail This Article
ലണ്ടൻ∙ ലോകം കണ്ട ഏറ്റവും മികച്ച ഗെയിമർമാരുടെ ഗണത്തിലേക്ക് കേവലം 17 വയസ്സിനുള്ളിൽ ഇടംപിടിച്ച അലക്സ് ഹെൻഷായുടെ മരണത്തിന്റെ നടുക്കം വിട്ടുമാറും മുൻപേയാണ് നിർണായക വെളിപ്പെടുത്തലുമായി ഇൻക്വിസ്റ്റ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. സ്കൂളിലെ ഗണിത പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്താണ് അലക്സ് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ ഇൻക്വിസ്റ്റ് റിപ്പോർട്ട്.
ഫലം വന്ന ഒരു മാസത്തിനു ശേഷമായിരുന്നു ആത്മഹത്യ. പക്ഷേ ജീവനൊടുക്കിയതിന്റെ തൊട്ടടുത്ത ദിവസം പുനഃപരിശോധനയിൽ അലക്സ് ജയിച്ചതായി റിപ്പോർട്ട് വന്നു. ഇതു സംബന്ധിച്ച ഇമെയിൽ അമ്മയ്ക്ക് ലഭിച്ചപ്പോഴും അലക്സ് ഈ ലോകം വിട്ടുപോയിരുന്നു. ഓട്ടിസം ബാധിതനായ അലക്സ് വേൾഡ് ഓൺലൈൻ ഗെയിമിങ് ടൂർണമെന്റിൽ അഞ്ചാം സ്ഥാനം നേടിയിട്ടുണ്ട്. തുടർച്ചയായി ലോക ഗെയിമിങ് ടൂർണമെന്റുകളിൽ ആദ്യ പത്തിൽ ഇടം നേടിയാണ് അലക്സ് ഗെയിമിങ് പ്രേമികളെ ഞെട്ടിച്ചത്.
പഠനത്തിൽ മികവ് പുലർത്തിയിരുന്ന അലക്സിന് വലിയ സ്വപ്നങ്ങളുണ്ടായിരുന്നതായിട്ടാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. പിതാവിനൊപ്പം ജപ്പാൻ സന്ദർശിക്കുന്നതിനും ഗെയിമിങ് ഡിസൈനിങ് കമ്പനിയിൽ ജോലി ചെയ്യുന്നതിനും അലക്സ് ആഗ്രഹിച്ചിരുന്നു. ക്ലാസിന് മുന്നിൽ പ്രസന്റേഷൻ നടത്താനും അലക്സിന് പേടിയുണ്ടായിരുന്നു. ഇതും മനോസംഘർഷത്തിന് കാരണമായി. ഒരു പക്ഷേ അലക്സ് ജീവനൊടുക്കാൻ ഇതും കാരണമായി എന്ന് കരുതപ്പെടുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബർ പത്തിനാണ് അലക്സ് ആത്മഹത്യ ചെയ്തത്. ശാരീരികമായ പരിമിതികളെ അതിജീവിച്ചാണ് അലക്സ് വിവിധ മേഖലകളിൽ മികവ് പുലർത്തിയിരുന്നതെന്ന് കുടുംബം അനുസ്മരിച്ചു.