ഈദ് ദിനത്തിൽ എച്ച്എംസിയുടെ കീഴിലെ ആശുപത്രികളില്‍ ചികിത്സ തേടിയത് 651 പേര്

Mail This Article
ദോഹ∙ ഈദിന്റെ ആദ്യ ദിനമായ ഇന്നലെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ (എച്ച്എംസി) കീഴിലെ ആശുപത്രികളില്‍ ചികിത്സ തേടിയത് 651 പേര്. റോഡ് അപകടങ്ങളില്‍ ഗണ്യമായ കുറവെന്ന് അധികൃതര്‍.ഹമദ് ജനറല്‍ ആശുപത്രിയിലും അല്‍ വക്ര ആശുപത്രിയിലുമായി വിവിധ കാരണങ്ങളാല്‍ ചികിത്സ തേടിയവരാണ് 651 പേര്. റോഡ് അപകടങ്ങള്‍, ദഹനക്കേട് തുടങ്ങി ഉദരസംബന്ധമായ പ്രശ്നങ്ങള്‍, ശ്വാസകോശ സംബന്ധമായവ, പരുക്ക് എന്നിവയെ തുടര്‍ന്ന് ചികിത്സ തേടിയവരാണ് ഇവരെല്ലാം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റോഡ് അപകടങ്ങളില്‍ ഈദ് ദിനത്തില്‍ ഗണ്യമായ കുറവാണുള്ളതെന്ന് ഹമദ് മെഡിക്കല്‍ കോര്പറേഷന് (എച്ച്എംസി) എമര്‍ജന്‍സി മെഡിസിന് വകുപ്പിലെ കോര്‍പറേറ്റ് കാര്യ വിഭാഗം വൈസ് ചെയര്മാന് ഡോ.ഗലാല്‍ സലേഹ് അല്‍ ഇസായി പറഞ്ഞു. കോവിഡ്-19 നിയന്ത്രണങ്ങളെ തുടര്‍ന്ന് പൊതുജനങ്ങള്‍ അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങുന്നുള്ളു എന്നതാണ് റോഡ് അപകടങ്ങള്‍ കുറയാന്‍ കാരണം.
ചികിത്സ തേടി എത്തിയവരില്‍ ആരുടേയും ആരോഗ്യനില ഗുരുതരമല്ലാത്തതിനാല്‍ ഭൂരിഭാഗം പേര്‍ക്കും ചികിത്സ നല്കിയ ശേഷം വീട്ടിലേക്ക് അയച്ചു. ചെറിയ ശതമാനം പേരെ മാത്രമേ തുടര്‍ ചികിത്സക്കായി കിടത്തി ചികിത്സ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുള്ളു.
ഹമദ് ജനറല്‍ ആശുപത്രിയിലെ എമര്‍ജന്‍സി വകുപ്പില്‍ ചികിത്സ തേടിയ 431 പേരില്‍ 291 പേര് പുരുഷന്മാരും 140 പേര് സ്ത്രീകളുമാണ്. ഇവരില്‍ 16 രോഗികളെ മാത്രമാണ് തുടര്‍ ചികിത്സക്കായി കിടത്തി ചികിത്സാ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അല്‍ വക്രയില്‍ 220 പേരാണ് ചികിത്സ തേടിയത്. ഇവരില്‍ 186 പേര് പുരുഷന്മാരും 34 പേര് സ്ത്രീകളുമാണ്. 23 പേരെ കിടത്തി ചികിത്സാ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സ് വകുപ്പില്‍ 869 ഫോണ്‍ വിളികളാണ് എത്തിയത്. ഇതില്‍ 60 എണ്ണം വാഹനാപകടങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്.
കഴിഞ്ഞ വര്‍ഷം ഈദിന്റെ ആദ്യ മൂന്ന് ദിനങ്ങളിലായി വിവിധ കാരണങ്ങളെ തുടര്‍ന്ന് ഹമദ് ജനറല്‍ ആശുപത്രിയില്‍ 1,524 പേരും അല്‍ വക്രയില്‍ 656 പേരുമാണ് ചികിത്സ തേടിയത്.