മക്ക ബസ് പദ്ധതിയുടെ അവസാനഘട്ട പരീക്ഷണം പൂർത്തിയായി

Mail This Article
മക്ക ∙ മക്ക ബസ് പദ്ധതിയുടെ അവസാനഘട്ട പരീക്ഷണം പൂർത്തിയായി. 12 റൂട്ടുകളിലായി ഏകദേശം 200 ലേറെ ബസുകൾ ഇതിലൂടെ കടന്നുപോകും. അൽ ശുഹാദ, കാക്കിയ, ജറാന തുടങ്ങിയ മക്ക പള്ളികൾക്ക് ചുറ്റുമുള്ള ഭാഗത്തെ സുപ്രധാന സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ബസ് റൂട്ട്.
85 യാത്രക്കാർക്ക് സഞ്ചരിക്കാൻ ശേഷിയുള്ള സാധാരണ ബസുകളും, 125 യാത്രക്കാർക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ആർട്ടിക്യുലേറ്റഡ് ബസുകളുമാണ് സര്‍വീസ് നടത്തുന്നത്. 24 മണിക്കൂറും പ്രവർത്തിക്കും. ഏകദേശം 550 ഡ്രൈവർമാരെ ഇതിനായി പ്രവർത്തിക്കും. അഗ്നിശമന സംവിധാനങ്ങൾ, പ്രാഥമിക വൈദ്യസഹായം, ലക്ഷ്യസ്ഥാനവും സമയ വിവരങ്ങളും പ്രദർശിപ്പിക്കുന്ന ഇലക്‌ട്രോണിക് ഇൻഫർമേഷൻ സ്‌ക്രീനുകൾ എന്നിവ ഈ ബസുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. വീൽചെയറുകൾക്ക് മതിയായ ഇടം നൽകുന്നതിന് പുറമെ എല്ലാ ബസുകളിലും വൈഫൈ ഇന്റർനെറ്റ് സേവനവും ഉണ്ട്.

വിഷൻ 2030 പദ്ധതിയുടെ ഭാഗമായി തീർഥാടകർക്ക് സേവനം നൽകുന്നതിനുള്ള സംരംഭങ്ങളിലൊന്നാണ് ഈ പദ്ധതി.