ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് തിരുമേനിക്ക് സ്വീകരണം നൽകി

Mail This Article
മസ്‌കത്ത്∙ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് തിരുമേനിക്ക് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ഇടവക ഉള്‍പ്പെടുന്ന അഹമ്മദാബാദ് ഭദ്രാസനാധിപനായി ചുമതല ഏറ്റെടുത്ത ശേഷം ഒമാനില്‍ നടത്തുന്ന പ്രഥമ സന്ദര്‍ശനമാണിത്. റുവി സെന്റ്. തോമസ് പള്ളിയിൽ വിശുദ്ധ കുര്‍ബ്ബാനക്ക് തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിച്ചു.
സ്വീകരണ സമ്മേളനത്തില്‍ ഇടവക വികാരി ഫാ. വര്‍ഗീസ് റ്റിജു ഐപ്പ് സ്വാഗതം ആശംസിച്ചു. അസ്സോ. വികാരി ഫാ. എബി ചാക്കോ, മലങ്കര സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍, ഏബ്രഹാം മാത്യു എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ഇടവകയുടെ സ്‌നേഹോപഹാരം ചടങ്ങില്‍ സമര്‍പ്പിച്ചു. ആത്മീയ പ്രസ്ഥാനങ്ങളായ സണ്ടേസ്‌കൂള്‍, മര്‍ത്തമറിയം വനിത സമാജം, യുവജനപ്രസ്ഥാനം, എംജിഒസിഎസ്എം, ആമോസ്സ് എന്നീ സംഘടനകളെ പ്രതിനിധീകരിച്ചും ചടങ്ങില്‍ സ്വീകരണം നല്‍കി.
ശരീരത്തിന്റെയും മനസുകളുടെയും വിശുദ്ധീകരണത്തിനും ജീവിതത്തെ ക്രമപ്പെടുത്തുന്നതിനും വലിയ നോമ്പിന്റെ ദിനങ്ങള്‍ സഹായകമാകട്ടെയെന്ന് മെത്രാപ്പൊലീത്ത മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഇടവക നല്‍കിയ ഊഷ്മള സ്വീകരണത്തിന് നന്ദി അറിയിക്കുകയും ചെയ്തു. ഇടവക സെക്രട്ടറി ബിജു പരുമല കൃതജ്ഞത രേഖപ്പെടുത്തി. ട്രസ്റ്റി ജാബ്‌സണ്‍ വര്‍ഗീസ്, കോ ട്രസ്റ്റി ബിനു ജോസഫ് കുഞ്ചാറ്റില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.