ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും 30 കോടിയുടെ സമ്മാനവുമായി മലയാളിയുടെ കമ്പനി
Mail This Article
ദുബായ് ∙ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർക്കും കുടുംബാംഗങ്ങള്‍ക്കും 30 കോടി രൂപയുടെ സമ്മാനം പ്രഖ്യാപിച്ച് ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്. ആഘോഷങ്ങളുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 25 ജീവനക്കാരുടെ മാതാപിതാക്കള്‍ ദുബായിലെത്തി. ഇവർ യുഎഇ സന്ദർശിച്ച് ആഘോഷ പരിപാടികളിൽ പങ്കെടുക്കും. ജീവനക്കാർക്കും കുടുംബാംഗങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും മറ്റുമാണ് 30 കോടി രൂപയുടെ സമ്മാനങ്ങള്‍ ലഭിക്കുക.
തൊഴിലാളികളാണ് കമ്പനിയുടെ നിർണായകശക്തിയെന്നും അവരോടുളള നന്ദിസൂചകമായാണ് സമ്മാനങ്ങള്‍ പ്രഖ്യാപിച്ചതെന്നും ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാന്‍ സോഹന്‍ റോയ് പറഞ്ഞു. ഇത്തരം പ്രവൃത്തികളിലൂടെ ജീവനക്കാരും കുടുംബവും തമ്മിലുളള ബന്ധം ശക്തിപ്പെടും. ലോകത്തെ ഏറ്റവും വലിയ ഷിപ്പ് ഡിസൈന്‍ ആന്‍ഡ് ഇന്‍സ്പെക്ഷന്‍ സ്ഥാപനങ്ങളില്‍ ഒന്നാണ് ഏരീസ് ഗ്രൂപ്പ്. 25 രാജ്യങ്ങളില്‍ 2,200 ലേറെ ജീവനക്കാരുണ്ട്. ജീവനക്കാർക്കും സ്ഥാപനത്തിന് പുറത്തുളളവർക്കുമായി ഒട്ടേറെ ജീവകാരുണ്യ പദ്ധതികളാണ് സ്ഥാപനം നടപ്പിലാക്കുന്നത്.
ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് പെന്‍ഷന്‍, പങ്കാളികള്‍ക്ക് ശമ്പളം, ഭവന രഹിതര്‍ക്ക് വീട്, കുട്ടികള്‍ക്ക് വിദ്യാഭ്യാസ അലവന്‍സും മറ്റു സ്‌കോളര്‍ഷിപ്പുകളും, ജീവനക്കാരുടെ മാനസിക ഉല്ലാസത്തിനായുള്ള പരിപാടികളും സ്ഥാപനം നടപ്പിലാക്കുന്നുണ്ട്.