നിരത്തുകളിലെ രാജാക്കന്മാരെ പരിചയപ്പെടാം; ആഡംബരത്തിന്റെ സുൽത്താന്മാർക്കായി ജനീവ ഇന്റർനാഷനൽ മോട്ടർ ഷോയുമായി ഖത്തർ
Mail This Article
ദോഹ∙ഓട്ടമൊബീൽ രംഗത്തെ സുപ്രധാന പ്രദർശനമായ ജനീവ ഇന്റർനാഷനൽ മോട്ടർ ഷോ ആതിഥേയത്വത്തിന് തയാറെടുത്ത് ഖത്തർ.ഒക്‌ടോബർ 5 മുതൽ 14 വരെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിലാണ് മോട്ടർ ഷോ നടക്കുന്നത്. ടൊയോട്ട, ലക്‌സസ്, പോർഷെ, വോക്‌സ് വാഗൻ, കിയ, ഓഡി തുടങ്ങി ഓട്ടമൊബീൽ രംഗത്തെ 31 ലോകോത്തര ബ്രാൻഡുകൾ പ്രദർശനത്തിൽ പങ്കെടുക്കും.
പത്തിലധികം ലോക പ്രീമിയർ മോഡലുകളും ഇരുപതിലധികം റീജനൽ മോഡലുകളുമാണ് അവതരിപ്പിക്കുന്നത്. പ്രധാന പ്രദർശനത്തിന് പുറമേ ഓട്ടമൊബീൽ ഫെസ്റ്റിവലും സംഘടിപ്പിച്ചിട്ടുണ്ട്. ഖത്തർ ദേശീയ മ്യൂസിയത്തിൽ ഫ്യൂച്ചർ ഡിസൈൻ ഫോറം, സീലൈനിലേക്ക് ഓഫ്‌റോഡ് സവാരി, ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ടിൽ റൈഡ് ആൻഡ് ഡ്രൈവ്, ക്ലാസിക് ഓട്ടമൊബീലുകളുടെ ഗാലറി, ലുസെയ്ൽ ബൗളെവാർഡിൽ ആഡംബര കാറുകളുടെ പരേഡ് എന്നിവയാണ് ഫെസ്റ്റിവലിൽ ഉൾപ്പെടുന്നത്.
ഒക്‌ടോബർ 12ന് രാത്രി 7.00ന് ബൗളെവാർഡിൽ നടക്കുന്ന പരേഡിൽ 100 ഡ്രീം കാറുകളും അപൂർവ മോഡൽ കാറുകളും പങ്കെടുക്കും. ഉച്ചയ്ക്ക് 2.00 മുതൽ രാത്രി 10.00 വരെയും ശനിയാഴ്ചകളിൽ രാവിലെ 10.00 മുതൽ രാത്രി 10.00 വരെയുമാണ് പ്രദർശനത്തിലേക്ക് പ്രവേശനം. പ്രവൃത്തി ദിനങ്ങളിൽ പ്രവേശനം സൗജന്യം. എന്നാൽ വാരാന്ത്യങ്ങളിൽ 50 റിയാൽ ആണ് നിരക്ക്. വെർജിൻ മെഗാ സ്റ്റോർ മുഖേന ടിക്കറ്റെടുക്കണം.
English Summary: Geneva International Motor Show will held at the Doha Exhibition and Convention Center.