അബുദാബി നഗരത്തിന് പുതിയ ഗതാഗത ശീലം സമ്മാനിക്കാൻ ആർട് : 25 ഇടത്ത് സ്റ്റോപ്
Mail This Article
അബുദാബി ∙ നഗരത്തിന് പുതിയൊരു ഗതാഗത ശീലം സമ്മാനിച്ച് ആരംഭിച്ച ട്രാമിന്റെ മാതൃകയിലുള്ള ആർട്ടിന് (ഓട്ടോമേറ്റഡ് റാപ്പിഡ് ട്രാൻസിറ്റ്) കൂടുതൽ സ്റ്റോപ്പ് അനുവദിച്ചു. 27 കി.മീ പരീക്ഷണയോട്ടത്തിൽ 25 സ്ഥലങ്ങളിൽ ആർട്ട് നിർത്തും. ട്രാമിന്റെ നീളവും സൗകര്യവും ഉണ്ടെങ്കിലും റോഡിലൂടെയാണ് യാത്ര. നീളം കൂടിയ 3 ബസ്സുകൾ ചേർത്തുവച്ചതുപോലിരിക്കും. അതിനാൽതന്നെ ഇവയ്ക്ക് നിർത്താൻ അനുയോജ്യമായ വിധത്തിൽ നഗരത്തിലെ ബസ് സ്റ്റോപ്പുകളുടെ നീളം കൂട്ടിവരികയാണ് സംയോജിത ഗതാഗത കേന്ദ്രം.
റൂട്ട്
അൽറീം മാളിൽനിന്ന് ആരംഭിച്ച് സായിദ് ഫസ്റ്റ് സ്ട്രീറ്റ്, കോർണിഷ് സ്ട്രീറ്റ് വഴി മറീനാ മാൾ വരെയാണ് നിലവിലെ സേവനം. വൈകാതെ മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കും.
സേവനം
വാരാന്ത്യ ദിനങ്ങളായ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രമായിരിക്കും പരീക്ഷണയോട്ടത്തിലെ സേവനം. വിജയകരമായാൽ ആഴ്ചയിൽ 7 ദിവസവും സേവനം ലഭ്യമാക്കും. യാത്രക്കാർക്ക് കൂടുതൽ സൗകര്യവും ഗുണമേന്മയും സുരക്ഷിതത്വവും ഉറപ്പു നൽകുന്ന പരിസ്ഥിതി സൗഹൃദ യാത്ര.