ഇന്ന് ഉച്ച വരെ യുഎഇയിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് പുറപ്പെടുവിച്ചു
![dubai-rain ഇന്നലെ രാത്രിയിലെ ദുബായിലെ മഴക്കാഴ്ച. ചിത്രം: മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2024/3/5/dubai-rain.jpg?w=1120&h=583)
Mail This Article
ദുബായ്∙ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ വൈകിട്ട് ആരംഭിച്ച മഴ തുടരുന്നു. പലയിടത്തും ഇടിമിന്നലോടെയായിരുന്നു മഴ. ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ റിപ്പോർട്ട് ചെയ്തപ്പോൾ ഫുജൈറയിൽ കനത്ത മഴ രേഖപ്പെടുത്തി. രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ ഇന്നലെ രാത്രി കൂടുതൽ മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് നാഷനൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) മുന്നറിയിപ്പ് നൽകിയിരുന്നു.
ദുബായിലും വടക്കൻ എമിറേറ്റുകളിലും അബുദാബിയുടെ ചില പടിഞ്ഞാറൻ ഭാഗങ്ങളിലും മഴ മേഘങ്ങൾ നിരീക്ഷിക്കപ്പെട്ടതായി എൻസിഎം മഞ്ഞ അലർട്ട് പുറപ്പെടുവിക്കുകയും ചെയ്തു. ദുബായിൽ അൽ നഹ്ദ, ഖിസൈസ്, മുഹൈസിന, ബർ ദുബായ്, കരാമ, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് (ഇ 311) റോഡ്, മിർദിഫ്, ദുബായ് സിലിക്കൺ ഒയാസിസ്, അൽ ബർഷ, അർജാൻ, അൽ ഖൂസ്, ദുബായ് ലാൻഡ്, ജുമൈറയുടെ ചില ഭാഗങ്ങൾ, റാസൽ ഖോർ, അൽ വർഖ എന്നിവിടങ്ങളിൽ നേരിയ മഴയാണ് പെയ്തത്.
![dubai-rain1 ഇന്നലെ രാത്രിയിലെ ദുബായിലെ മഴക്കാഴ്ച. ചിത്രം: മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
രാജ്യത്തുടനീളം മഴമേഘങ്ങളുടെ അളവ് ക്രമാതീതമായി വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എൻസിഎം പറഞ്ഞു. കൂടാതെ ചിതറിക്കിടക്കുന്ന പ്രദേശങ്ങളിൽ മഴ പെയ്യാനുള്ള സാധ്യത ക്രമേണ വർധിക്കുകയും തുടർച്ചയായി വേഗമേറിയ തിരമാലകളായി പ്രത്യക്ഷപ്പെടുകയും ചെയ്യും. ഇടി മിന്നലോടും കൂടിയ കനത്ത മഴ ഇന്ന് ഉച്ചവരെ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തിന്‍റെ കിഴക്കൻ, വടക്കൻ ഭാഗങ്ങളിലെ ചില പ്രദേശങ്ങളിൽ ആലിപ്പഴ വർഷവും ഉണ്ടാകാം.
∙ സുരക്ഷാ നിബന്ധനകളും ജാഗ്രതയും
നിലവിലെ കാലാവസ്ഥയ്ക്ക് കാരണം ഉപരിതല ന്യൂനമർദ്ദ സംവിധാനത്തിന്‍റെ വിപുലീകരണമാണ്. ഒപ്പം താഴ്ന്ന മർദ്ദ സംവിധാനത്തിന്‍റെ മുകളിലെ വായുവിന്‍റെ വിപുലീകരണവും. ചില സമയങ്ങളിൽ ശക്തമായ കാറ്റ് പൊടി നിറഞ്ഞ കാലാവസ്ഥയ്ക്ക് കാരണമാകും. ഇത് റോഡുകളിലെ ദൂരക്കാഴ്ച കുറയ്ക്കും. യുഎഇയിലെ താമസക്കാരോടും സന്ദർശകരോടും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാൻ ആഹ്വാനം ചെയ്തു. പ്രത്യേകിച്ച് കനത്ത മഴയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. വെള്ളപ്പൊക്ക സാധ്യതയുള്ള പാതകൾ ഒഴിവാക്കണം. മലകൾ പോലെയുള്ള ദുർഘടമായ ഭൂപ്രദേശങ്ങൾ ഒഴിവാക്കണം. കിംവദന്തികൾ പ്രചരിപ്പിക്കരുത്. കൃത്യമായ വിവരങ്ങൾക്കും മാർഗനിർദ്ദേശത്തിനും രാജ്യത്തിനുള്ളിലെ അപ്‌ഡേറ്റുകൾക്കും വ്യക്തികൾ ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കണമെന്നും നിർദേശിച്ചു.
∙ ഇന്ന് താപനില കുറയും
ഇന്ന് താപനിലയിൽ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം വൈകിട്ട് മുതൽ മഴയുടെ സാധ്യത ക്രമേണ കുറയുമെന്നും അറിയിച്ചു.