ദുബായിൽ നങ്കൂരമിട്ട് ക്വീൻ എലിസബത്ത്–2; ഓളപ്പരപ്പിൽ ആഢംബര താമസം, വിഭവസമൃദ്ധമായ ഭക്ഷണം, വെറും 499 ദിർഹം!

Mail This Article
അബുദാബി/ദുബായ് ∙ ഓളങ്ങളുടെ താളത്തിൽ ഒഴുകുന്ന ഹോട്ടലിൽ ഇരുന്ന് നോമ്പുതുറക്കാൻ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യുകയാണ് ദുബായിൽ നങ്കൂരമിട്ട ക്വീൻ എലിസബത്ത്–2 കപ്പൽ. ഇഫ്താർ അൽ മാലിക എന്നു പേരിട്ടിരിക്കുന്ന നോമ്പുതുറയ്ക്കായി വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കിയാണ് സന്ദർശകരെ ആകർഷിക്കുന്നത്.
ഐതിഹാസിക കപ്പലിലെ സുഖസൗകര്യങ്ങളും ആഡംബരങ്ങളും ആസ്വദിച്ച് പുണ്യമാസത്തിലെ പ്രശാന്തമായ അന്തരീക്ഷത്തിൽ കപ്പലിൽ താമസിക്കാനുള്ള 'റമസാൻ സ്റ്റേകേഷൻ' പാക്കേജും അവതരിപ്പിച്ചു. നോമ്പുതുറ, അത്താഴം, സുഹൂർ എന്നിവയെല്ലാം ഉൾപ്പെടെ അവിസ്മരണീയ അനുഭവമാണ് സന്ദർശകർക്ക് സമ്മാനിക്കുക.
∙ ഗ്രൂപ്പ് ഇഫ്താർ/ സുഹൂർ
വ്യക്തിഗത ഇഫ്താറിന് പുറമേ കുടുംബാംഗങ്ങൾക്ക് ഒന്നിച്ചും കമ്പനികൾക്കും സംഘടനകൾക്കും ഗ്രൂപ്പ് ഇഫ്താറിന് ബുക്ക് ചെയ്യാം.
∙ ഇഫ്താർ അൽ മാലിക
റമസാന്റെ സത്ത ഉൾക്കൊള്ളും വിധമുള്ള അന്തരീക്ഷത്തിൽ കപ്പലിലെ തീൻമേശയിൽ നിറയുന്നത് അറബിക്, രാജ്യാന്തര പരമ്പരാഗത വിഭവങ്ങൾ. പഴങ്ങളും പാനീയവും ചേർന്നുള്ള ലഘു നോമ്പുതുറയ്ക്കുശേഷം ആഡംബര ബുഫെയിൽ ഇഷ്ടമുള്ള വിഭവങ്ങൾ കഴിക്കാം. മുതിർന്നവർക്ക് 159 ദിർഹവും 6–11 വയസ്സുവരെയുള്ള കുട്ടികൾക്ക് 90 ദിർഹവുമാണ് നിരക്ക്. 6 വയസ്സിനു താഴെയുള്ളവർക്ക് സൗജന്യം.
∙ കപ്പലിൽ താമസം
പ്രിയപ്പെട്ടവരോടൊത്ത് 24 മണിക്കൂർ കപ്പലിൽ താമസിച്ച് കടൽക്കാഴ്ചകളും ഇഫ്താറും സുഹൂറുമെല്ലാം ആസ്വദിക്കാം. വിഭവങ്ങളെല്ലാം സമയാസമയം മുറിയിൽ എത്തും. ബുഫെ വേണ്ടവർക്ക് അതും തിരഞ്ഞെടുക്കാം. ദിവസത്തിന് 499 ദിർഹം മുതലാണ് നിരക്ക്.
വിവരങ്ങൾക്ക്
ഫോൺ +9714 5268040
ഇഫ്താറിന്: dining.qe2@accor.com
താമസത്തിന്: events.qe2@accor.com