ഷാർജയിലും ദോഹയിലും വൻവരവേൽപ്; വോട്ട് ഉറപ്പിച്ച് ഷാഫി

Mail This Article
ഷാർജ ∙ സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം വടകരയിൽ എത്തിയപ്പോൾ ലഭിച്ച സ്വീകരണത്തെ അനുസ്മരിപ്പിക്കുന്ന ജനപങ്കാളിത്തവുമായി വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് ഗൾഫിലും വരവേൽപ്. ദുബായ് വിമാനത്താവളം മുതൽ വൻ ജനക്കൂട്ടമാണ് ഷാഫിയെ കാത്തുനിന്നത്. ഞായറാഴ്ച ഷാർജയിലും ഇന്നലെ ദോഹയിലും പ്രവാസികളെ നേരിൽ കണ്ട് വോട്ട് ഉറപ്പിച്ച അദ്ദേഹം വടകരയ്ക്ക് മടങ്ങിയത് വർധിച്ച ആത്മവിശ്വാസത്തോടെ.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ രാത്രി 11ന് തിരഞ്ഞെടുപ്പ് പ്രചാരണ യോഗം പൂർത്തിയാകും വരെയും സ്ത്രീകളും കുട്ടികളും അടക്കം ഒട്ടേറെ പ്രവാസികൾ പങ്കെടുത്തു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സംഘാടകരും പാടുപെട്ടു. യാത്രാ ചെലവ് വലിയ സാമ്പത്തിക ബാധ്യതയാകുന്നില്ലെങ്കിൽ നാട്ടിൽ എത്തി വോട്ടു ചെയ്യണമെന്ന് അഭ്യർഥിച്ച ഷാഫി നാട്ടിലുള്ള കുടുംബത്തെ അവധിക്കു ഗൾഫിലേക്കു കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർ ഏപ്രിൽ 26നു ശേഷമാക്കണമെന്നും പറഞ്ഞു. തിരഞ്ഞെടുപ്പിന് നാട്ടിൽ എത്താൻ കഴിയാത്തവർ ഫോണിലൂടെ പ്രചാരണം നടത്തണം. എതിർ പാർട്ടിക്കു വോട്ടു ചെയ്യാൻ ആഗ്രഹിക്കുന്ന 5 പേരെയെങ്കിലും യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യാൻ പ്രേരിപ്പിക്കണമെന്നും നിർദേശിച്ചു. കെഎംസിസി, ഇൻകാസ്, ആർഎംപിഐ സംഘടനകൾ ചേർന്നാണ് സ്വീകരണം ഒരുക്കിയത്. കെഎംസിസി നേതാവും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റുമായ നിസാർ തളങ്കര അധ്യക്ഷനായി.
ഒരുക്കങ്ങൾ ഉഷാറാക്കി പ്രവാസി സംഘടനകള്‍
'ഈ ജനങ്ങളെ ഞാൻ ലോറിയിൽ കൊണ്ടിറക്കിയതാണെന്ന് ഇനി ചിറ്റപ്പൻ പറയുമോ?’ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിലും പുറത്തുമായി തിങ്ങി നിറഞ്ഞ ജനങ്ങളെ സാക്ഷിനിർത്തി വടകര യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. വടകരയിലെ ആദ്യ ദിവസത്തെ സ്വീകരണത്തിൽ ജനം കൂടിയതിനെ സിപിഎം ആക്ഷേപിച്ചതിനുള്ള മറുപടിയായിരുന്നു ആ ചോദ്യം.
നാട്ടിൽ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതൽ യുഎഇയിൽ പ്രചാരണ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. സ്ഥാനാർഥികളുടെ ബാനറുകളും കട്ടൗട്ടുകളും വിവിധ പ്രവാസി സംഘടനകളുടെ പേരിൽ നാട്ടിലെ മുക്കിലും മൂലയിലും ഉയർന്നു കഴിഞ്ഞു. മിക്കവരും തിരഞ്ഞെടുപ്പു ദിവസത്തേക്ക് വിമാനടിക്കറ്റ് ബുക്ക് ചെയ്തു. പ്രവാസി സംഘടനകളുടെ ചുമതല സംബന്ധിച്ച് കെപിസിസി തീരുമാനം എടുത്തതോടെ ഗൾഫിലെ കോൺഗ്രസ് അനുകൂല സംഘടനകൾ ആവേശത്തിലാണ്.
ഇൻകാസ് നേതാക്കളായ വൈ.എ. റഹീം (കൊല്ലം), ഹാഷിക് തൈക്കണ്ടി (കണ്ണൂർ), അനുര മത്തായി (ഇടുക്കി), സുനിൽ അസീസ് (എറണാകുളം), എൻ.പി. രാമചന്ദ്രൻ (തൃശൂർ) എന്നിവർക്ക് പേരിനൊപ്പമുള്ള മണ്ഡലങ്ങളുടെ ചുമതല നൽകി. പ്രധാന നേതാക്കൾ പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലേക്കു പോകും. എല്ലാ ഇലക്‌ഷൻ കമ്മിറ്റിയുടെയും കൂടെ ഒഐസിസി, ഇൻകാസ് എന്നിവയുടെ കമ്മിറ്റി ഓഫിസുകൾ തുറക്കും. ഓരോ മണ്ഡലത്തിലും പ്രവാസി സംഘടനകളുടെ പ്രത്യേക പ്രചാരണ സംഘത്തെ നിയോഗിക്കാനും ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് ചെയർമാൻ കുമ്പളത്തു ശങ്കരപിള്ള നിർദേശിച്ചു.
ആവേശം നിയന്ത്രണാതീതം
നാട്ടിൽ പ്രചാരണ തിരക്കിനിടയിൽ സ്ഥാനാർഥിയെ ഗൾഫിലെത്തിക്കാൻ കെഎംസിസിയാണ് ചുക്കാൻ പിടിച്ചത്. ഇൻകാസും ആർഎംപിയുടെ പ്രവാസി സംഘടനയും കൈകോർത്തതോടെ നാട്ടിലെ തിരഞ്ഞെടുപ്പ് ആവേശത്തിലായി ഷാർജയിലെ ഇന്ത്യൻ അസോസിയേഷൻ ഹാളും. നോമ്പു തുറന്ന് രാത്രി തറാവീഹിനു ശേഷമാണ് സ്വീകരണം ക്രമീകരിച്ചത്.
എട്ടോടെ ഹാളും പരിസരവും നിറഞ്ഞു. പത്തോടെ സ്ഥാനാർഥി എത്തിയപ്പോൾ ആവേശം എല്ലാ അതിരുവിട്ടു. ചിത്രമെടുക്കാനും കൈകൊടുക്കാനും തിരക്കേറിയതോടെ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന ആശങ്കയിലായി സംഘാടകരും. രാജ്യത്തെ നിയമങ്ങൾ കർശനമായതിനാൽ, ആവേശം നിയന്ത്രിക്കാൻ സംഘാടകർ നന്നേ കഷ്ടപ്പെട്ടു. രാത്രി 11 ഓടെ പൊതുപരിപാടി അവസാനിച്ചെങ്കിലും സ്ഥാനാർഥി മടങ്ങാൻ പിന്നെയും വൈകി. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാറും ഒപ്പമെത്തിയിരുന്നു.