ADVERTISEMENT

അബുദാബി ∙ ബാലാവകാശ നിയമം ഉറപ്പാക്കി കുട്ടികൾക്ക് മികച്ച സംരക്ഷണം നൽകുന്നതിന് യുഎഇയിലെ ശിശുസംരക്ഷണ സമിതികളെ ഓൺലൈൻ വഴി ബന്ധിപ്പിക്കുന്നു. സാമൂഹിക വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നിയമ, സാമൂഹിക, വിദ്യാഭ്യാസ വകുപ്പുകളെയും ശൃംഖലയിൽ കണ്ണികളാക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പദ്ധതിയിൽ കൊണ്ടുവരും. കുട്ടികളുടെ വിഷയങ്ങളിൽ വിവിധ സ്ഥാപനങ്ങളുടെ ഏകോപനം നടപടി എളുപ്പമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

കുട്ടികൾക്കു നേരെ അതിക്രമങ്ങൾ നടത്തുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകും. കുട്ടികൾക്ക് ശാരീരികവും മാനസികവും ആരോഗ്യപരവുമായ മികച്ച പരിചരണം ഉറപ്പാക്കുന്നതിനാണ് ശിശുസംരക്ഷണ സമിതികളെ ഏകോപിപ്പിക്കുന്നത്. കുട്ടികളുടെ സംരക്ഷണത്തിനാണ് മുന്തിയ പരിഗണനയെന്ന് സോഷ്യൽ പ്രൊട്ടക്‌ഷൻ ഡിപ്പാർട്മെന്റ് ഡയറക്ടർ ഡോ. ഫാത്തിമ അൽ റെയ്‌സി പറഞ്ഞു. 

കുട്ടികളുടെ സമഗ്ര വളർച്ചയ്ക്ക് തടസ്സമാകുന്ന നടപടി വച്ചുപൊറുപ്പിക്കില്ല. അത്തരം കുട്ടികളെ അഭയകേന്ദ്രത്തിലേക്കു മാറ്റി മികച്ച പരിചരണം നൽകും. ഇതിനായി ശിശുസംരക്ഷണ കേന്ദ്രത്തിലെ 45 വിദഗ്ധർ ഉൾപ്പെടെ 375 പേർക്കു പരിശീലനം നൽകിയതായും പറഞ്ഞു. നിലവിൽ 9 ശിശു സംരക്ഷണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.

∙ രക്ഷിതാക്കൾക്കായി ശിൽപശാല
കുട്ടികളുമായി എങ്ങനെ ഫലപ്രദമായി ഇടപഴകാം, അവരുടെ അവകാശം, ശിശു സംരക്ഷണം, കൗമാരക്കാരുമായി ഇടപഴകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് രക്ഷിതാക്കൾക്കും മറ്റുമായി ശിൽപശാലകളും നടത്തുന്നു. കുട്ടിയുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും ശിശു സംരക്ഷണ സമിതിയെ (056-1776832) ബന്ധപ്പെടാം. പൊലീസ്, പബ്ലിക് പ്രോസിക്യൂഷൻ, സോഷ്യൽ സർവീസ്, ആരോഗ്യ, വിദ്യാഭ്യാസ, സുരക്ഷാ വിഭാഗങ്ങൾ എന്നീ വകുപ്പുകളിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെടുന്ന സംഘമാണ് കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുക. മാനസികാരോഗ്യ കൺസൽറ്റന്റുമാർ, കോ ഓർഡിനേറ്റർമാർ, ചൈൽഡ് കെയർ സ്‌പെഷലിസ്റ്റുകൾ എന്നിവരും സംഘത്തിലുണ്ടാകും. കുട്ടികളുടെ മാനുഷിക, നിയമ അവകാശങ്ങൾ സംരക്ഷിച്ചാകും തുടർ നടപടികൾ.

∙ മാതാപിതാക്കൾ ഉപദ്രവിച്ചാൽ  ക്രിമിനൽ കുറ്റം
2016 മാർച്ച് 8ന് പുറപ്പെടുവിച്ച ബാലാവകാശ സംരക്ഷണ നിയമം (വദീമ ലോ) 36ാം വകുപ്പ് അനുസരിച്ച് മാതാപിതാക്കൾ കുട്ടിയെ ദേഹോപദ്രവം ചെയ്യുകയോ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്. നിയമലംഘകർക്ക് 50,000 മുതൽ 10 ലക്ഷം ദിർഹം വരെ പിഴയോ തടവോ ലഭിക്കും.

English Summary:

Ministry of Community Development Enhances Child Protection Law with Strategic Plans and Quality Initiatives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com