പണം മുടുക്കിയത് 2010 മോഡൽ കാരവനായി, കിട്ടിയത് ‘വ്യാജൻ’; നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി
Mail This Article
മനാമ ∙ ബഹ്‌റൈനിൽ, 2010 മോഡൽ കാരവൻ എന്ന വ്യാജനേ 1996 മോഡൽ കാരവൻ വിറ്റ വിൽപനക്കാരന് ശിക്ഷ വിധിച്ച് കോടതി.
ഇൻസ്റ്റഗ്രാമിൽ കണ്ട പരസ്യത്തിലൂടെയാണ് വാഹനം വാങ്ങുന്നതിനായി ബഹ്‌റൈൻ പൗരൻ വിൽപനക്കാരനുമായി ബന്ധപ്പെട്ടത്. വില നൽകി അദ്ദേഹം വാഹനം സ്വന്തമാക്കി. പിന്നീട്, വാഹനം ഒരു ഗാരേജിലേക്ക് കൊണ്ടുപോയപ്പോൾ അത് യഥാർഥത്തിൽ 1996 മോഡലാണെന്നും കേടുപാടുകൾ സംഭവിച്ചതായും അദ്ദേഹം കണ്ടെത്തുകയായിരുന്നു.
വാഹനത്തിന്‍റെ യഥാർത്ഥ വിവരങ്ങൾ മറച്ചുവെച്ചും അധിക വില ഈടാക്കിയും തനിക്ക് നഷ്ടം സംഭവിച്ചെന്ന് കണ്ട വാങ്ങിയ വ്യക്തി വിൽപനക്കാരനെതിരെ കേസ് ഫയൽ ചെയ്തു. പണം കൈമാറ്റം ചെയ്തതിന്‍റെ തെളിവ്, തെറ്റായി സൂചിപ്പിച്ച വാഹന റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, മാറ്റം വരുത്തിയ വാഹനത്തിന്‍റെ ചേസിസ് നമ്പറിന്‍റെ പകർപ്പ് എന്നിവ കോടതിയിൽ ഹാജരാക്കി.
കേസ് പരിശോധിച്ച കോടതി വാഹനം 1996 മോഡലാണെന്നും വിപണി മൂല്യം 1,800 ദിനാറിൽ കൂടുതലില്ലെന്നും സ്ഥിരീകരിച്ചു. വിൽപനക്കാരൻ വാഹനത്തിന്‍റെ യഥാർത്ഥ അവസ്ഥയും മോഡൽ വർഷവും വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്നും വാങ്ങുന്നയാൾ വാഹനം വാങ്ങുന്ന സമയത്ത് പൊരുത്തക്കേടുകൾ അറിഞ്ഞിരുന്നില്ലെന്നും കോടതി കണ്ടെത്തി.
തുടർന്ന്, വിൽപനക്കാരൻ വാങ്ങിയ വ്യക്തിക്ക് അറ്റകുറ്റപ്പണി ചെലവ്, കോടതി ഫീസ്, നിയമ ചെലവ് എന്നിവ ഉൾപ്പെടെ 5,105 ദിനാർ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.