കുത്തിയൊലിച്ചെത്തിയ മലവെള്ളത്തിൽ കാർ ഒലിച്ചുപോയി; സൗദിയിൽ രണ്ടു മലയാളികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു
Mail This Article
ജിദ്ദ ∙ ജിദ്ദയിൽനിന്ന് എഴുന്നൂറിലേറെ കിലോമീറ്റർ ദൂരമുള്ള ജിസാനിലേക്ക് എന്നത്തേയും പോലൊരു യാത്രയായിരുന്നു വീരാനും സുഹൃത്ത് സൈനുദ്ദീനും ഇന്നലത്തേതും. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി തോട്ടശ്ശേരിയറ സ്വദേശിയായ സൈനുദ്ദീൻ മാളിയേക്കലും പള്ളിക്കൽ ബസാർ സ്വദേശിയായ ബീരാൻ താഴത്തേരിയും ഇന്നലെ വൈകിട്ട് ഏഴു മണിയോടെ ജിദ്ദയിൽനിന്ന് വ്യാപാരാവശ്യത്തിന് ജിസാന് സമീപമുള്ള ദർബിലേക്ക് പുറപ്പെട്ടതായിരുന്നു.
മഴ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും റോഡുകളിൽ വാഹനങ്ങളുണ്ടായിരുന്നു. ഖുൻഫുദക്ക് സമീപം ഹമഖിലെ സവാല എന്ന സ്ഥലത്ത് എത്തിയതോടെ റോഡിൽ അപ്രതീക്ഷിതമായി വെള്ളം ഉയർന്നു. കാറിന് ഒരിഞ്ചു മുന്നോട്ടുപോകാനായില്ല. ശക്തമായ മഴവെള്ളത്തിൽ കാർ എതിർദിശയിലേക്ക് തിരിയാൻ തുടങ്ങി. ഇരുവരും അതിവേഗം കാറിൽനിന്നിറങ്ങി. മഴയത്ത് റോഡിൽ കുടുങ്ങിയ കാറിന്റെ വീഡിയോ പകർത്തുകയും ചെയ്തു. അടുത്ത നിമിഷം ഇരച്ചെത്തിയ മലവെള്ളത്തിൽ കാർ റോഡിലൂടെ ഒലിച്ചുപോകുകയും ചെയ്തു. പിന്നീട് പുലർച്ചെയാണ് കാർ ഏറെ ദൂരെനിന്ന് ലഭിച്ചത്.
∙കാര്‍ ഒഴുക്കില്‍പ്പെട്ട് അഞ്ചു മരണം
അബഹ-അസീര്‍ പ്രവിശ്യയില്‍ കാര്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് അഞ്ചു പേരാണ് മരിച്ചത്. ആറു പേര്‍ സഞ്ചരിച്ച കാറാണ് ശക്തമായ ഒഴുക്കില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന ബാലനെ സിവില്‍ ഡിഫന്‍സ് രക്ഷിച്ചു. രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ശേഷിക്കുന്ന മൂന്നു പേര്‍ക്കു വേണ്ടി തിരച്ചിലുകള്‍ തുടരുകയാണെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
∙ഖുന്‍ഫുദയില്‍ റോഡ് തകര്‍ന്ന് കാറുകള്‍ കുഴിയില്‍ പതിച്ചു
ജിദ്ദ -മക്ക പ്രവിശ്യയില്‍ ഖുന്‍ഫുദയില്‍ ഖമീസ് ഹര്‍ബ് റോഡ് മലവെള്ളപ്പാച്ചില്‍ തകര്‍ന്ന് ഏതാനും കാറുകള്‍ ആഴമേറിയ കുഴിയില്‍ പതിച്ചു. റോഡ് തകര്‍ന്നത് അറിയാതെ എത്തിയ കാറുകളാണ് അപ്രതീക്ഷിതമായി കുഴിയില്‍ പതിച്ചത്. കാറുകള്‍ കുഴിയില്‍ പതിച്ചു കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ ദൃക്‌സാക്ഷികള്‍ ചിത്രീകരിച്ച് പുറത്തുവിട്ടു. കനത്ത മഴയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍ രൂപപ്പെട്ടതിനാല്‍ ഖുന്‍ഫുദക്ക് തെക്കുള്ള റോഡ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഹൈവേ സുരക്ഷാ സേന ആവശ്യപ്പെട്ടിരുന്നു.