ഫുജൈറയിൽ ഇത്തിഹാദ് റെയിൽവേയുടെ പാസഞ്ചർ റെയിൽവേ സ്റ്റേഷൻ പ്രഖ്യാപിച്ചു
Mail This Article
ഫുജൈറ∙ ഇത്തിഹാദ് റെയിൽവേയുടെ പാസഞ്ചർ റെയിൽവേ സ്റ്റേഷൻ ഫുജൈറ അവതരിപ്പിച്ചു. ഫുജൈറയിലെ സകംകം പ്രദേശത്താണ് റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കുക. അബുദാബിയിൽ ആരംഭിച്ച ആദ്യ ഗ്ലോബൽ റെയിൽ കോൺഫറൻസിലാണ് ഈ പ്രഖ്യാപനം. 900 കിലോമീറ്റർ ദൈർഘ്യമുള്ള ഇത്തിഹാദ് റെയിൽ പൂർത്തിയാകുന്നതോടെ ഏഴ് എമിറേറ്റുകളെയും 11 പ്രധാന നഗരങ്ങളെയും ഗുവെയ്ഫാത്തിൽ നിന്ന് ഫുജൈറയിലേക്ക് ബന്ധിപ്പിക്കുമെന്ന് ഇത്തിഹാദ് റെയിൽ പബ്ലിക് പോളിസി ആൻഡ് സസ്റ്റൈനബിലിറ്റി ഡയറക്ടർ അദ്ര അൽമൻസൂരി പറഞ്ഞു. പാസഞ്ചർ സ്റ്റേഷനുകളുടെ രണ്ട് സ്ഥലങ്ങൾ ഇതിനകം പ്രഖ്യാപിച്ചു. ആദ്യത്തേത് ഫുജൈറയിലെ സകംകാമിലും രണ്ടാമത്തേത് ഷാർജയിലെ യൂണിവേഴ്സിറ്റി സിറ്റിയിലും ആയിരിക്കും.
ചരക്ക് തീവണ്ടി ശൃംഖലയുടെ അതേ അടിസ്ഥാന സൗകര്യങ്ങൾ യാത്രക്കാരുടെ ശൃംഖലയും ഉപയോഗിക്കും. പാസഞ്ചർ ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറിൽ 200 കിലോമീറ്ററായിരിക്കും. 2030 ആകുമ്പോഴേയ്ക്കും 36 ദശലക്ഷം യാത്രക്കാരെ എത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാസഞ്ചർ സർവീസ് എപ്പോൾ ആരംഭിക്കുമെന്ന് വെളിപ്പെടുത്താൻ ഇനിയും സമയമായിട്ടില്ലെന്നും പറഞ്ഞു. സമയമാകുമ്പോൾ അത് പ്രഖ്യാപിക്കും.
അയൽരാജ്യങ്ങളിലേക്ക് റെയിൽ ബന്ധം പ്രഖ്യാപിച്ച ആദ്യ ഗൾഫ് രാജ്യം കൂടിയാണ് യുഎഇ. മുബദാല, ഒമാൻ റെയിൽ, എത്തിഹാദ് റെയിൽ എന്നിവയുടെ സംയുക്ത സംരംഭമായ ഹാഫിത് റെയിൽ എന്ന പേരിൽ കമ്പനി സ്ഥാപിച്ചാണിത് യാഥാർഥ്യമാക്കിയത്. യുഎഇയെയും ഒമാനെയും ബന്ധിപ്പിക്കുന്ന ഹഫിത് പർവതത്തിന്‍റെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്. ശൃംഖല 300 കിലോമീറ്ററിലേറെ വരും. ഒമാനിലെ പ്രധാന തുറമുഖങ്ങളിലൊന്നായ സോഹാറുമായി ഇത് യുഎഇയെ ബന്ധിപ്പിക്കും. ഷാർജയിൽ യൂണിവേഴ്സിറ്റി സിറ്റിക്ക് സമീപം നിർമിക്കുന്ന സ്റ്റേഷന്‍റെ സ്ഥലം അധികൃതർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.