ഇസ്രയേൽ ആക്രമണം: ‘ഗാസയിലെ വെടിനിർത്തലിന് രാജ്യാന്തര സമൂഹം അടിയന്തരമായി ഇടപെടണം’
Mail This Article
അബുദാബി ∙ ഗാസയിൽ ഒരു വർഷമായി തുടരുന്ന ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കാൻ രാജ്യാന്തര സമൂഹം ഉടൻ ഇടപെടണമെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി ആവശ്യപ്പെട്ടു. ‘സംഘർഷം കാരണം മേഖലയിലെ മാനുഷിക, സാമ്പത്തിക സുരക്ഷ വഷളായിട്ടുണ്ട്. അടിയന്തര വെടിനിർത്തൽ ആവശ്യമാണ്.
പലസ്തീൻ ജനതയ്ക്കെതിരായ ഇസ്രയേലിന്റെ സൈനിക നടപടി നിർത്തിവയ്ക്കുക, ഉപരോധം പിൻവലിക്കുക, മാനുഷിക സഹായം ഉറപ്പാക്കാൻ അതിർത്തികൾ തുറക്കുക തുടങ്ങിയ കാര്യങ്ങളിലും ഇടപെടൽ ആവശ്യമാണ്. സിവിലിയൻമാരെയും ജീവകാരുണ്യ പ്രവർത്തകരെയും സംരക്ഷിക്കുകയും വേണം.
കൂടാതെ, ഗാസയിലെ കൂട്ടക്കുരുതിക്ക് ഉത്തരവാദികളായ ഇസ്രയേലിനെതിരെ നടപടിയുമെടുക്കണം’– അദ്ദേഹം ആവശ്യപ്പെട്ടു. 1967ലെ നിയമം അനുസരിച്ച് കിഴക്കൻ ജറുസലം ആസ്ഥാനമാക്കി സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.