ഇരുവൃക്കളും തകരാറിലായ മലയാളി ഒമാനിലെ ആശുപത്രിയിൽ; ജീവൻ നിലനിർത്താൻ സുമനസുകളുടെ സഹായം വേണം
Mail This Article
മസ്‌കത്ത് ∙ രണ്ടു വൃക്കകളും തകരാറിലായി ഒമാനിലെ ആശുപത്രിയിൽ കഴിയുന്ന കൊല്ലം സ്വദേശി മഹേഷ് കുമാറിന് ജീവൻ നിലനിർത്താൻ സുമനസുകളുടെ സഹായം വേണം. ഈ മാസം മൂന്നിന് റൂവി ബദർ സമ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച മഹേഷ് തുടർച്ചയായ ഡയാലിസിസിന് വിധേയനാവുകയാണ്. എട്ട് വർഷമായി വീസ കാലാവധി കഴിഞ്ഞ് നാട്ടിൽ പോകുവാൻ സാധിക്കാതെ ഒമാനിൽ തന്നെ തുടരുകയായിരുന്ന മഹേഷ് കുമാറിനൊപ്പം പരിചരണത്തിനും ആരുമുണ്ടായിരുന്നില്ല.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വളരെ അവശനായ നിലയിൽ ബദർ അൽ സമ അൽ ഖുദിൽ മഹേഷ് കുമാർ എത്തിയത്. കൂടെ ആരുമുണ്ടായിരുന്നില്ല. മഹേഷിന്റെ ആരോഗ്യ സ്ഥിതി വളരെ മോശമായിരുന്നു. അടിയന്തിരമായി ഡയാലിസിസും തുടർ ചികിത്സയും നൽകിയില്ലെങ്കിൽ ജീവൻ അപകടത്തിലാകും എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ചികിത്സയ്ക്ക് ഭീമമായ തുക വേണ്ടിവരും. ക്രോണിക് കിഡ്‌നി ഡിസീസ് അഞ്ചാം ഘട്ടത്തിലാണിപ്പോൾ. ഇതിനു പുറമെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് താഴ്ന്നതിനെ തുടർന്ന് ഇതിനോടകം ഏഴ് യൂണിറ്റ് രക്തം നൽകേണ്ടി വന്നു.
ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി വന്ന ശേഷം മാത്രമേ സ്‌ട്രെച്ചർ സഹായത്തോടു കൂടി നാട്ടിലെത്തിക്കാൻ സാധിക്കൂ എന്ന് വിഷയത്തിൽ ഇടപെട്ട ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറി ഷമീർ പി ടി കെ പറഞ്ഞു. എൻ കെ പ്രേമചന്ദ്രൻ എം പി മുഖേനെ ഒമാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും യാത്ര രേഖകൾ തരപ്പെടുത്താനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.
എന്നാൽ നാട്ടിലെത്തുന്നത് വരെയുള്ള ചികിത്സയ്ക്ക് ആവശ്യമായ ഭീമമായ തുക സുമനസ്സുകളുടെ സഹായമില്ലാതെ അടക്കാൻ സാധിക്കില്ലെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. ഏകദേശം 4,000 ഒമാനി റിയാൽ ഇതിനോടകം ആശുപത്രിയിൽ ബില്ല് വന്നു. സഹായിക്കാൻ താത്പര്യമുള്ളവർക്ക് ബദർ അൽ സമാ ആശുപത്രിയിൽ നേരിട്ട് പണം നൽകാനും സാധിക്കുമെന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് ഭാരവാഹികൾ പറഞ്ഞു.
ഫയൽ നമ്പർ: 7991201
രോഗിയുടെ പേര്: മഹേഷ് കുമാർ