ഇരുട്ടായാൽ ടാക്സിക്ക് ഇരട്ടി പണം, ഓട്ടോയ്ക്ക് 'പറയുന്ന' ചാർജ്, മാടനും കൊള്ളക്കാരും വേറെയും; നമുക്കും മുതലാക്കേണ്ടേ 'രാപകൽ' സാധ്യത
Mail This Article
ബിഎസ്എൻഎല്ലിന്റെ ആപ്ത വാക്യം തന്നെ ‘കണക്ടിങ് ഇന്ത്യ’ എന്നാണ്. പരസ്പരം കണക്റ്റഡ് ആകുകയാണ് ഇന്നത്തെ ലോകത്തിന്റെ നയം. കണക്റ്റിങ്ങിനെ പരസ്പരം ബന്ധപ്പെട്ടു നിൽക്കുക എന്നോ, തൊട്ടുരുമ്മി നിൽക്കുക എന്നോ മലയാളീകരിക്കാമെങ്കിലും ആ ഇംഗ്ലിഷ് വാക്കിന് അതിലേറെ അർഥമുണ്ട്. ഒരു ദിക്കിൽ നിന്ന് മറ്റൊരു ദിക്കിൽ എത്തിപ്പെടുന്നത് മുതൽ ഒരു ഫോൺ വിളിയിൽ ബന്ധപ്പെടുന്നതുവരെ.
കണക്ടിവിറ്റി ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ വളരെ നിർണായകമാണ്. കണക്റ്റിവിറ്റിയെ വിറ്റു കാശാക്കുന്നതിൽ ദുബായിയോളം വലിയ മാതൃക വേറെയില്ല. യാത്രയുടെ കാര്യത്തിലാണെങ്കിൽ മെട്രോ, അവിടുന്നിറങ്ങിയാൽ ബസ്, ബസിൽ നിന്നിറങ്ങിയാൽ കാർ, അതു കഴിഞ്ഞാൽ ഇ – ബൈക്ക്, വെള്ളത്തിലൂടെയാണെങ്കിൽ അബ്ര, വാട്ടർ ടാക്സി, ഫെറി സർവീസ് അങ്ങനെയും. ഇതിനെല്ലാം മീതെ പറക്കും ടാക്സികളും വരുന്നു. ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ യാഥാർഥ്യമായാൽ ഗൾഫ് രാജ്യങ്ങളെ ഒരു പാളത്തിൽ കോർത്തെടുക്കാം.
പരസ്പരം ബന്ധപ്പെട്ടു നിൽക്കാൻ എന്തെല്ലാം വഴികളാണ് ഈ രാജ്യം തേടുന്നത്. എല്ലാം ഓടിയെത്തുന്നത് ഈ രാജ്യത്തിന്റെ അഭിവൃദ്ധിയിലേക്കാണ്. വൈകിട്ട് 7നു ശേഷം ബസ് ലഭിക്കാത്ത, കാർ ഇല്ലാത്ത, മെട്രോയില്ലാത്ത ദുബായിയെ സങ്കൽപ്പിക്കാനാകില്ല. മനോഹര സൗധങ്ങളും പാതകളും ഇല്ലാതെ വിജനമായ ദുബായിയെ സങ്കൽപ്പിച്ചു നോക്കു. സങ്കൽപ്പത്തിനും അപ്പുറം വിരസവും അരോചകവുമായിരിക്കും അത്.
ഈ നാട് ഇത്ര ചടുലവും വികസനോന്മുഖവും ആയതിൽ കണക്ടിവിറ്റിക്കു തന്നെയാണ് ഒന്നാം സ്ഥാനം. ഇനി നമ്മുടെ നാട്ടിലാണെങ്കിലോ ? രാത്രി കിളികൾ കൂടണയും പോലെയല്ലേ ? നമുക്ക് രാത്രികൾ വിശ്രമിക്കാനുള്ളതാണ്. നിരത്തുകളിലെ വാഹനങ്ങൾ ഒന്നൊന്നായി ഒഴിഞ്ഞ്, വിജനമാകും. രാത്രികൾ നമുക്ക് അസമയങ്ങളാണ്. അസമയത്ത് പുറത്തിറങ്ങിയാൽ, കാത്തിരിക്കുന്നത് മാടനും മറുതയും മുതൽ കള്ളന്മാരും കൊള്ളക്കാരും വരെയാണ്. തലമുറകളായി നമ്മൾ മുത്തശ്ശിക്കഥകളിലൂടെ കൈമാറി വരുന്നൊരു ധാരണയാണത്.
നമ്മുടെ സ്വഭാവവും രീതികളും ഇതാണെങ്കിലും ദുബായ് അടക്കമുള്ള ലോക നഗരങ്ങളുടെ വികസന ലക്ഷ്യങ്ങളാണ് നമ്മുടെ സ്വപ്നങ്ങളിൽ. രാത്രി മുഴുവൻ ഉറങ്ങാൻ അവസരമുള്ളതിനാൽ, സ്വപ്നം കാണുന്നതിൽ നമുക്ക് ധാരാളിത്തമുണ്ട്. ഈ സ്വപ്നങ്ങൾ യാഥാർഥ്യമാകാൻ നമ്മൾ കണക്റ്റഡാകേണ്ടേ. രാത്രിയിൽ ഒരു വഴിക്കിറങ്ങാൻ ടാക്സിക്ക് ഇരട്ടി പണം നൽകേണ്ടി വരുന്നത് എന്തു തരം രീതിയാണ്? രാത്രിയിൽ ലഭിക്കുന്ന ഏതു സേവനത്തിനും നമ്മൾ നിശ്ചയിച്ചിട്ടുള്ള നിരക്ക് ഇരട്ടിയോ അതിലേറെയുമോ ആണ്.
അതിനു നമ്മൾ തന്നെ ന്യായവും കണ്ടെത്തും, അതു പിന്നെ രാത്രിയല്ലേ? ലോകം 24 മണിക്കൂറും ചലിച്ചുകൊണ്ടിരിക്കുകയാണ്. ഒരാൾ ഉറങ്ങുമ്പോൾ മറ്റൊരാൾ ജോലി ചെയ്യുന്നു. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ. ആശുപത്രിയിൽ പോകാൻ, അടുത്ത സുഹൃത്തിനെ കാണാൻ, സിനിമ കാണാൻ, ഭക്ഷണം കഴിക്കാൻ നേരം വെളുക്കുന്നതു വരെ കാത്തിരിക്കേണ്ട കാലം കഴിഞ്ഞില്ലേ? കഴിഞ്ഞ ദിവസം വെളുപ്പിനെ 3 മണിക്കുണ്ടായ കലശലായ വിശപ്പിനെ ശമിപ്പിച്ചത്, തലാബാത്തിലെ ഡെലിവറി ബോയ് ആണ്. ചൂട് ഭക്ഷണവുമായി വെളുപ്പിന് മൂന്നരയ്ക്ക് അയാൾ വാതിലിൽ മുട്ടിയപ്പോൾ, അതിന് അധിക പണമോ, നഷ്ടപരിഹാരമോ നൽകേണ്ടി വന്നില്ല. കാരണം, ലോകക്രമം അങ്ങനെയാണ്.
ഓരോ നിമിഷവും സംഭവങ്ങളുടേതാണ്. ഇനി നാളെയാകാം എന്നൊരു മന്ത്രം ആധുനിക ലോകത്തിലില്ല. ഇന്ന്, ഈ നിമിഷം മാത്രമാണ് മുന്നിൽ. ഏതൊരു തുടക്കത്തിനും ഇപ്പോഴാണ് അവസരം. നാളത്തെ മുഹൂർത്തത്തിന് കാത്തിരിക്കുമ്പോഴേക്കും ലോകം ഒരു വട്ടം സ്വയം കറങ്ങി വന്നിട്ടുണ്ടാകും.
നമ്മൾ കണക്ടിവിറ്റിയിലേക്ക് മാറണം. ദുബായ് പറക്കും ടാക്സിയിൽ പറ പറക്കുമ്പോൾ, നമ്മൾ റോഡിലെങ്കിലും പറപറക്കണം. കഴിഞ്ഞ ദിവസം ഒരു വിദേശ വിനോദ സഞ്ചാരിയുമായി ഒരു ഓട്ടോറിക്ഷാ ഡ്രൈവർ തർക്കിക്കുന്നതിന്റെ വിഡിയോ കണ്ടു. മീറ്ററിൽ 190 രൂപയെങ്കിലും അത്രയും കൂടി അധികം നൽകണമെന്നാണ് ഡ്രൈവറുടെ ആവശ്യം.
ആ വിനോദ സഞ്ചാരിക്ക്, അവൻ പറയുന്ന സൗകര്യങ്ങൾ നൽകാൻ ലോകത്ത് വേറെ നൂറുകണക്കിനു വിനോദകേന്ദ്രങ്ങളുണ്ട്. അവർ ആ വഴിക്കു പോയാൽ, നമുക്ക് ലഭിക്കേണ്ട 190 രൂപയും പോകും. പിടിവാശി മാറ്റിവച്ച്, മാറുന്ന കാലത്തിനൊപ്പം കണക്റ്റഡാവുന്നതല്ലേ നല്ലത്?