കുടിവെള്ളം മുട്ടുമോ? 2050നകം മിനയിലെ ജല ലഭ്യത 20 ശതമാനം കുറയും; മേഖല ജലക്ഷാമത്തിന്റെ വക്കിൽ

Mail This Article
കുവൈത്ത് സിറ്റി ∙ മധ്യപൂർവ വടക്കൻ ആഫ്രിക്കൻ (മിന) മേഖല ജലക്ഷാമത്തിന്റെ വക്കിൽ. 2050 നകം മിന മേഖലയിലെ ജലലഭ്യതയിൽ 20 ശതമാനം കുറവ് വരുകയും ആവശ്യകത 50 ശതമാനം ഉയരുമെന്നും അധികൃതർ.
മിന മേഖലയിലെ 85 ശതമാനം ജലവും വിനിയോഗിക്കുന്നത് കാർഷിക മേഖലയാണ്. വർധിച്ചു വരുന്ന അപകടസാധ്യതകളെയും അഭിമുഖീകരിക്കുന്നുണ്ട്. നഗര പ്രദേശങ്ങളിൽ ഇപ്പോൾ തന്നെ ശുദ്ധജലക്ഷാമം നേരിട്ടു തുടങ്ങിയെന്നും കുവൈത്തിൽ ഇന്ന് സമാപിച്ച ദ്വിദിന ജല വികസന സാമ്പത്തിക ഫോറത്തിൽ അറബ് ഫണ്ട് ഫോർ ഇക്കോണമിക് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ ബാദർ അൽ സാദ് വിശദമാക്കി.
ലോകജനസംഖ്യയിലെ 6 ശതമാനം ആളുകൾക്ക് ലഭ്യമാകുന്ന ആഗോള പുനരുപയോഗ ശുദ്ധജല സ്രോതസ്സുകളുടെ ഒരു ശതമാനത്തിൽ താഴെയാണ് മിനയിലെ ജലക്ഷാമത്തിന്റെ തോത്. ആഗോള ശരാശരിയായ 5,500 ക്യൂബിക് മീറ്ററുമായി താരതമ്യം ചെയ്യുമ്പോൾമിനയിലെ പൗരന്മാർക്ക് വർഷത്തിൽ 480 ക്യുബിക് മീറ്റർ വെള്ളത്തിന്റെ ലഭ്യതയുണ്ട്. ജനസംഖ്യയിൽ 60 ശതമാനം പേർ ഉപരിതല ജലത്തിലും 24 ശതമാനം പേർ ഭൂഗർഭ ജലത്തെയുമാണ് ആശ്രയിക്കുന്നത്.
ആഗോള ജലക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജലക്ഷാമം പരിഹരിക്കാൻ പുതുമ, നിക്ഷേപം, സുസ്ഥിര നയങ്ങൾ എന്നിവയുടെ അടിയന്തര അനിവാര്യതയും അൽ സാദ് ഉയർത്തിക്കാട്ടി. ഉപ്പ് വേർതിരിച്ചെടുത്ത് കടൽ വെള്ളം ഉപയോഗിക്കുന്നതും മലിനജലം സംസ്കരിച്ച് പുനരുപയോഗിക്കുന്നതും ഉറപ്പുള്ള പരിഹാരങ്ങളാണെങ്കിലും ഗണ്യമായ തടസ്സങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മിനയിലെ ജലത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ കൂട്ടായ മേഖലാ, ആഗോള ശ്രമങ്ങൾക്കും അൽ സാദ് ആഹ്വാനം െചയ്തു.