കഴിഞ്ഞ സാമ്പത്തിക വർഷം വളർച്ച രേഖപ്പെടുത്തി യൂണിയൻ കോപ്

Mail This Article
ദുബായ് ∙ ദുബായ് ആസ്ഥാനമായുള്ള പ്രമുഖ റീട്ടെയിലർ 'യൂണിയൻ കോപ്' കഴിഞ്ഞ സാമ്പത്തിക വർഷം വരുമാന വർധനവും പ്രവർത്തന മികവും കാണിച്ചതായി അധികൃതർ പറഞ്ഞു. ചില്ലറ വ്യാപാര പ്രവർത്തനങ്ങളിൽ നിന്ന് 1,854 ദശലക്ഷം ദിർഹവും മറ്റ് പ്രവർത്തനങ്ങളിൽ നിന്ന് 637 ദശലക്ഷം ദിർഹവും സഹിതം 2,491 ദശലക്ഷം ദിർഹത്തിന്റെ മൊത്ത വരുമാനം സഹകരണസംഘം രേഖപ്പെടുത്തി. ഇത് പ്രതിവർഷം 5% വർധനവ് പ്രതിഫലിപ്പിക്കുന്നു.
കൂടാതെ, നികുതിക്ക് മുൻപുള്ള ലാഭം 348 ദശലക്ഷം ദിർഹമായി ഉയർന്നതായും 2023-ലെ 297 ദശലക്ഷം ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 18% വർധനവാണെന്നും അറിയിച്ചു. ഈ സാമ്പത്തിക വളർച്ച യൂണിയൻ കോപ്പിന്റെ തന്ത്രപരമായ പ്രവർത്തനത്തെ ശക്തിപ്പെടുത്തുകയും സുസ്ഥിര വളർച്ചയ്ക്കും വിപുലീകരണത്തിനുമുള്ള ശ്രമത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും. അതുവഴി ഈ മേഖലയിലെ മുൻനരക്കാരെന്ന നിലയിലുള്ള സ്ഥാനം വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു.
2024-ൽ റീട്ടെയിൽ നവീകരണവും ഡിജിറ്റൽ സംവിധാനത്തിലേക്കുള്ള മാറ്റവും യൂണിയൻ കോപ്പ് ഇരട്ടിയാക്കി. തമയസ് ലോയൽറ്റി പ്രോഗ്രാം ആകെ 1,029,881 കാർഡ് ഹോൾഡർമാരിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. കോർപറേറ്റ് സോഷ്യൽ റെസ്പോൺസിറ്റി (സിഎസ് ആർ) പദ്ധതികളും സജീവമാണ്. ദുബായിലെ സാമൂഹിക, വിദ്യാഭ്യാസ, സുരക്ഷ, ജീവകാരുണ്യ സംരംഭങ്ങൾക്കായി 19.5 ദശലക്ഷം ദിർഹം അനുവദിച്ചു.
