കരിങ്കല്ല് തുരന്ന് 'ജിന്നുകൾ' കുഴിച്ച മരുഭൂമിയിലെ കൽ കിണറുകള്‍

Mail This Article
ജിദ്ദ ∙ മരുഭൂമിയിലെ അത്ഭുതങ്ങൾ പലതാണ്. വലിയ മണൽ കൂനകളും കടുത്ത ചൂടുമുള്ള കണ്ണെത്താത്ത പ്രദേശമാകുമ്പോഴും നിരവധി അത്ഭുതങ്ങളുണ്ട് മരുഭൂമിയുടെ ഉള്ളിലെല്ലാം. അത്തരം അത്ഭുതങ്ങളുടെ ഏറ്റവും വലിയ ശേഖരമുണ്ട് സൗദിയിലെ ലേന ഗ്രാമത്തിൽ. നിരവധി കൽ കിണറുകളാണ് ഇവിടെയുള്ളത്. പ്രവാചകന്‍ സോളമന്റെ (സുലൈമാന്‍ നബി) കാലത്തിന്റെ അവശേഷിക്കുന്ന അടയാളങ്ങളാണ് ലേനയിലെ കിണറുകളെന്ന് പറയപ്പെടുന്നു.
ഉത്തര സൗദിയിലെ ലേനയില്‍ മുന്നൂറോളം കിണറുകളാണുള്ളത്. ഇവയെല്ലാം കരിങ്കല്ല് തുരന്നുണ്ടാക്കിയവയാണ്. കാലപ്രവാഹത്തില്‍ ഭൂരിഭാഗം കിണറുകളും നശിച്ചുപോയെങ്കിലും നിലവിൽ ഇരുപതു കിണറുകൾ ഇവിടെ അവശേഷിക്കുന്നുണ്ട്. ജറൂസലമിലെ ബൈത്തുല്‍ മുഖദ്ദസില്‍ നിന്ന് (അല്‍അഖ്സ മസ്ജിദ്) യെമനിലേക്കുള്ള പടയോട്ടത്തിനിടെ സൈനികര്‍ക്ക് കുടിവെള്ളം ലഭിക്കുന്നതിനു വേണ്ടി ജിന്നുകളാണ് (ഭൂതങ്ങള്‍) സുലൈമാന്‍ നബിക്കു വേണ്ടി പാറകള്‍ തുരന്ന് കിണറുകള്‍ കുഴിച്ചതെന്നാണ് അഭ്യൂഹം.
ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ റഫ്ഹക്ക് തെക്ക് 100 കിലോമീറ്റര്‍ ദൂരെയാണ് ചരിത്രപ്രാധാന്യമുള്ള ലേന ഗ്രാമം. അല്‍നുഫൂദ് മരുഭൂമിക്കും അല്‍ഹജ്റക്കും ഇടയില്‍ തന്ത്രപ്രധാനമായ സ്ഥലത്താണ് ഗ്രാമത്തിന്റെ സ്ഥാനം. റിയാദിനെയും അല്‍ഖസീമിനെയും ഹായിലിനെയും ബന്ധിപ്പിക്കുന്ന വഴിത്തിരിവിലുള്ള ഗ്രാമം നജ്ദിനെയും ഇറാഖിനെയും ബന്ധിപ്പിക്കുന്ന പുരാതന വാണിജ്യ പാതക്കും ദര്‍ബ് സുബൈദയെന്ന പേരില്‍ അറിയപ്പെടുന്ന ചരിത്രപ്രധാനമായ പാതക്കും അടുത്താണ്.
വിനോദ സഞ്ചാരികളുടെയും മരുഭൂയാത്ര ഇഷ്ടപ്പെടുന്നവരുടെയും ഇഷ്ട കേന്ദ്രം കൂടിയാണ് ലേന. ഗ്രാമത്തിന് സോളമന്‍ പ്രവാചകന്റെ കാലം വരെ പഴക്കമുണ്ടെന്നാണ് ചരിത്ര ഗവേഷകന്‍ ഹമദ് അല്‍ജാസിര്‍ പറയുന്നത്. കല്ലുകള്‍ നിറഞ്ഞ പരുക്കന്‍ പ്രദേശമാണ് ലേന. ശുദ്ധ ജലമുള്ള കല്‍കിണറുകളാണ് ലേനക്ക് പ്രശസ്തി നല്‍കുന്നത്. ഈ കിണറുകള്‍ സുലൈമാന്‍ നബിയുടെ ആശ്രിതരായിരുന്ന ജിന്നുകളാണ് കുഴിച്ചതെന്നാണ് ഗ്രാമീണർ പറയുന്നത്.
ഇത്തരം കിണറുകള്‍ നിര്‍മിക്കുക മനുഷ്യരെ സംബന്ധിച്ചേടത്തോളം എളുപ്പമല്ല. ഇത്തരത്തില്‍ പെട്ട മുന്നൂറോളം കിണറുകളാണ് ലേനയിലുള്ളത്. കരിങ്കല്ല് തുരന്ന് നിര്‍മിച്ച കിണറുകള്‍ ആരെയും അതിശയിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യും. ബന്ധപ്പെട്ടവര്‍ വേണ്ട രീതിയില്‍ പരിചരിച്ച് സംരക്ഷിക്കാത്തതിനാല്‍ ഭൂരിഭാഗം കിണറുകളും മണ്ണില്‍ മൂടിയിരിക്കുന്നു. എല്ലാ തലത്തിലും ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന കിണറുകള്‍ സംരക്ഷിക്കുന്നതിന് ആരുടെ ഭാഗത്തു നിന്നും ശ്രമമുണ്ടായിട്ടില്ല.
ജറുസലമില്‍ നിന്ന് യെമന്‍ ലക്ഷ്യമാക്കി പുറപ്പെട്ട സുലൈമാന്‍ നബിയും പരിവാരങ്ങളും പരുക്കന്‍ പ്രദേശമായ ലേനയിലെത്തിയപ്പോള്‍ ദാഹിച്ചുവലഞ്ഞു. വെള്ളം വകിട്ടാക്കനിയായി. ജിന്നുകളുടെ കൂട്ടത്തില്‍ പെട്ട സൈനികനായിരുന്ന സബ്തര്‍ ഈ സമയത്ത് ചിരിക്കുന്നതാണ് സുലൈമാന്‍ നബി കണ്ടത്. എന്തിനാണ് ചിരിക്കുന്നതെന്ന് ആരാഞ്ഞ സുലൈമാന്‍ നബിയോട് കാലിനടിയില്‍ വെള്ളമുണ്ടായിട്ടും ആളുകള്‍ ദാഹിച്ചുവലഞ്ഞത് കണ്ടിട്ടാണ് താന്‍ ചിരിക്കുന്നതെന്ന് സബ്തര്‍ മറുപടി പറഞ്ഞു. അപ്പോഴാണ് കിണറുകള്‍ കുഴിക്കുന്നതിന് ജിന്നുകള്‍ക്ക് സുലൈമാന്‍ നബി നിര്‍ദേശം നല്‍കിയത്. ജിന്നുകള്‍ പാറയില്‍ അടിച്ചതോടെ കിണറുകള്‍ രൂപപ്പെടുകയും വെള്ളം ലഭിക്കുകയും ചെയ്തെന്നാണ് പറയപ്പെടുന്നതെന്നാണ് ഗ്രാമത്തിലെ ചരിത്രകാരൻ ഹമദ് അല്‍ജാസിര്‍ പറയുന്നത്.
ലേനയിലെ കിണറുകള്‍ ജിന്നുകള്‍ കുഴിച്ചതാണെന്നതിന് തെളിവുകളില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് ഐതിഹ്യ കഥയാണെന്നും കിങ് സൗദ് യൂണിവേഴ്സിറ്റിയിലെ ജിയോളജി വിഭാഗം പ്രൊഫസര്‍ ഡോ. അബ്ദുല്‍ അസീസ് അല്‍ബസ്സാം പറഞ്ഞു. പുരാതന നാഗരികതകള്‍ നിലനിന്ന പ്രദേശമാണിത്. അവരാകും ഈ കിണറുകള്‍ കുഴിച്ചത്. മദായിന്‍ സ്വാലിഹില്‍ പാറകള്‍ തുരന്ന് വീടുകള്‍ നിര്‍മിക്കുകയും ഈജിപ്തില്‍ പിരമിഡുകള്‍ നിര്‍മിക്കുകയും ചെയ്ത നാഗരികതകള്‍ കഴിഞ്ഞുപോയത് കണക്കിലെടുത്താല്‍ പാറ തുരന്ന് കിണറുകള്‍ കുഴിച്ചത് മനുഷ്യരാണെന്ന് നമുക്ക് മനസ്സിലാക്കുന്നതിന് സാധിക്കുമെന്ന് ഡോ. അബ്ദുല്‍ അസീസ് അല്‍ബസ്സാം പറഞ്ഞു.