'മരിച്ചവരെ പറ്റി കുറ്റമൊന്നും ഇനി പറയാനോ ഓർക്കാനോ പാടില്ലല്ലോ; അകത്തുള്ള മുറിയിൽ നിലവിളി ഉയർന്നു'
Mail This Article
നുകം (കഥ)
പുലരിയുടെ പുതപ്പിനെ ഊരിയെറിയാൻ വെമ്പുന്ന കാറ്റിൽ മുടിയെ തുണി കൊണ്ട് മുറുക്കിക്കെട്ടി ഞാൻ വീടിന്റെ പുറകുവശത്തുള്ള വാഴത്തോപ്പിലേയ്ക്ക് നടന്നു. അടുപ്പ് വൃത്തിയാക്കിയ ചാരം നിറഞ്ഞ ബക്കറ്റ് വലിച്ചു പിടിച്ചു കൊണ്ട് ഓരോരോ മൺകൂനയിലേക്കും ചാരത്തെ നിറച്ചു കുതിർത്തിട്ടു.നിറഞ്ഞു നിൽക്കുന്ന ചീരക്കൂട്ടത്തിലേക്ക് വിതറിയിട്ടിട്ടും ബാക്കി വന്നവയെ തെങ്ങിൻ ചുവട്ടിലും കുടഞ്ഞിട്ട് നടുവ് നിവർത്തുമ്പോൾ തന്നെ മതിലിൽ തല തിക്കി മുട്ടി ഉയർത്തി സുഭദ്രേച്ചിയുടെ പതിവ് വിളി വന്നു.
ഹേമേ എങ്ങനെയുണ്ട് അമ്മക്ക് ?
ആ കുഴപ്പമില്ല
ആൾ വിളിക്കാറില്ലേ?
ഉവ്വ്, എന്നും മൂന്നു നേരം വിളിക്കാറുണ്ട്
ഭാഗ്യവതി... ഇവിടുത്തെ ആളിന് ഒന്നിനും നേരമില്ലന്നേ!
ഒരു മൂളലിൽ തൃപ്തി കാണിച്ചു കൊണ്ട് തിരികെ നടന്നപ്പോൾ എന്നത്തേയും പോലെ ചിരിയെ അടക്കി വച്ചു. നടക്കുന്ന വഴിയിൽ ഉറുമ്പ് നിര നിര പോലെ നീങ്ങുന്നുണ്ട്. കൂട്ടമൊന്നും തെറ്റാതെ അവർ യാത്ര ചെയ്തു എത്തുന്നത് വീടിന്റെ നടവരമ്പിലേക്കാണ്. വെറുതെ കുറച്ചു നേരം ആ നീണ്ട വരികളെ നോക്കി നിന്നു. ഇതിൽ ആണും പെണ്ണും ഉണ്ടാകുമോ ? എങ്ങനെയാണ് അറിയുക? ആവോ ആർക്കറിയാം ചായക്ക് ഒപ്പം അട ഉണ്ടാക്കാനൊരു വാഴയിലയും കീറിയെടുത്ത് അരിപ്പൊടി വാട്ടാൻ വെള്ളം അടുപ്പിലേക്ക് വെച്ചു.
മോൾ വിദേശത്തേക്ക് പഠനത്തിനായി പോയി. മോൻ ഇവിടെ കൊച്ചിയിൽ ജോലി തിരക്കിലും ആയി. ഇടക്ക് വന്നു പോകുന്ന തിരക്കലുകളിൽ അമ്മ യെന്ന വീട്ടമ്മ ലാളിക്കപ്പെടുന്നുണ്ട്.
"ചീഞ്ഞളിഞ്ഞ് തുടങ്ങും മുൻപ് ചുളിവ് വീഴും വിധമാണ് ജീവിതം മടുപ്പിലേക്ക് ആദ്യം വീണു തുടങ്ങുന്നത്. ഉണങ്ങി തുടങ്ങിയാൽ അകം പൂർണ്ണമായും വരണ്ടു തുടങ്ങും അല്ലെങ്കിൽ ചിലപ്പോൾ ഉള്ളു നാറി ചലമായി പൊട്ടി പുറത്തേക്ക് വരും."
ഇന്നത്തെ എഴുത്ത് ഇങ്ങനെ ആയിരുന്നു. പ്രിയപ്പെട്ടതായി എന്നോ ഉള്ളിലേക്ക് ചേർത്ത് വെച്ച ആ മനുഷ്യന്റെ പേജിലേക്ക് നോക്കി കൊണ്ട് പണികളെല്ലാം ഒരുവിധം തീർത്ത് ഫോണുമായി വെറുതെ ബെഡിലേക്ക് ആഞ്ഞിരുന്നു.തീർത്തും അപരിചിതനാണെന്ന് തോന്നുന്നില്ലല്ലോ എനിക്ക് ! വർഷങ്ങളായി എന്റെ ഓരോ ദിവസത്തിന്റെയും തുടക്കവും ഒടുക്കവും എന്നിൽ നിറയുന്നതെല്ലാം ആളെ വായിച്ചു കൊണ്ടാരുന്നു. എന്റെ പുസ്തക ശേഖരം പോലും ആളോട് തോന്നിയ എന്തോ ഒന്നിൽ അനുദിനം വളർത്താൻ നോക്കിയിട്ടുണ്ട്.
ഞാനുമെന്റെ ഡയറി എടുത്തു എഴുതിത്തുടങ്ങി ...
ഒന്നോർത്തു നോക്കൂ... നിങ്ങൾക്ക് വേണ്ടിയൊരാൾ ഈ ലോകത്തിന്റെ ഏതോ കോണിൽ ഉണ്ടെന്ന് വിശ്വസിക്കുന്നത് ഒറ്റയാക്കപെട്ടവൾക്ക് എന്തൊരു ആശ്വാസമായിരിക്കും. ഒരേ പോലെ ഇഷ്ടങ്ങൾ ഉള്ള ആ രണ്ടു മനുഷ്യർ ഇനിയുള്ള ജീവിതത്തിൽ ഒരുമിച്ച് ഈ നാടിനെ കാണാൻ യാത്ര ചെയ്യുന്നതിനെ പറ്റി സ്വപ്നം കാണുന്നതിൽ എന്തൊക്കെയാകും തടസ്സങ്ങൾ ഉണ്ടാകുക !
അതെന്തുമായി കൊള്ളട്ടെ....
ലോകത്തിന്റെ ഏതോ അരികുകളിൽ ഇരുന്ന് അവർ ഒരേ പോലെ ചിന്തിച്ചുവെന്നത് അദ്‌ഭുതമല്ലേ ! ഒരേ വിഷയങ്ങളെ കുറിച്ച് എഴുതിയിരുന്നു വെന്നും, കേട്ടിരുന്ന പാട്ടുകൾ വായിച്ച പുസ്തകങ്ങൾ, ചെയ്തു കഴിഞ്ഞ യാത്രകൾ, ഇഷ്ടമുള്ള ഭക്ഷണങ്ങൾ, നിറം, ഗന്ധം, അലസമാകുന്ന ചിട്ടകൾ തുടങ്ങിയെല്ലാം സമയ ബന്ധിതമായി ചെയ്തിരുന്നുവെന്നു അറിയുന്ന ഒരു നിമിഷം ജീവിതത്തിൽ ഉണ്ടായാൽ എങ്ങനെയാകും വിലയിരുത്തപ്പെടുക !
വെറുതെയാകുമെന്നോ അല്ലെങ്കിൽ സദാചാര ധ്വംസനമായോ ഭൂരിപക്ഷവും പറയുമായിരിക്കുമെങ്കിലും ആ തിരിച്ചറിവ് നൽകുന്ന ആവേശത്തിൽ ഓരോ നിമിഷവും നിറഞ്ഞു നിൽക്കുന്ന ലഹരി അവർക്ക് മാത്രമല്ലേ അറിയാൻ കഴിയു.
അവർ ആണോ പെണ്ണോ വിവാഹിതനോ അവിവാഹിതനോ, അവർ പോകുന്ന യാത്രയിൽ ഒരു മുറിയിലാകുമോ താമസിക്കുക എന്നൊന്നും തല പുകക്കാതെ ജീവിക്കുന്ന മനുഷ്യരുടെ ലോകം ഈ ഭൂമിയിൽ എവിടെയാകുമുണ്ടാകുക..!!
അറിയുമോ നിങ്ങൾക്ക്??
ഫോൺ ബെല്ലടിച്ചു തീർന്നിട്ടും നോക്കാൻ മെനക്കെടാതെ ചുരുണ്ടു കിടന്നു. 'അമ്മ ഉച്ചയുറക്കം ഉറക്കമുണരും വരെ ഈ കിടപ്പ് ശീലമായി.മുറ്റത്ത് ചെരുപ്പടി ശബ്ദവും പിറുപിറക്കലും കേട്ടാണ് വാതിൽ തുറന്നത്. ആദ്യം കണ്ടയാൾ എന്റെ തോളിൽ തട്ടി 'അമ്മ കിടക്കുന്ന മുറിയിലേക്ക് പോയി അടുത്ത വീട്ടിലെ സുഭദ്ര ചേച്ചി 'ന്റെ മോളെന്ന് 'നിലവിളിച്ചു ചുറ്റി പിടിച്ചപ്പോൾ എന്റെ കുഞ്ഞുങ്ങൾ എന്നൊരു ആന്തൽ ഉള്ളിൽ ഉണ്ടായുള്ളൂ യെന്നത് പരമ മായ സത്യം
അവന്റെ ഒറ്റക്കുള്ള ഫോട്ടോയില്ലേ എന്ന ചോദ്യത്തിൽ ഉള്ളു നിറയുന്ന ശൂന്യതയ്ക്കും ഭാരമുണ്ടെന്ന് തിരിച്ചറിയാൻ തുടങ്ങി.. വൃത്തിയാക്കി അടുക്കി വെച്ചിരിക്കുന്ന പൊടിയെ കാണാൻ കിട്ടാത്ത എന്റെ മുറിയുടെ ഒരു കോണിൽ പിന്നീട് ഞാൻ എത്രയോ ദിവസം പുതച്ചുറങ്ങി.കാലങ്ങൾക്ക് ശേഷം ആരുമെന്നോട് ചായ ഇടാനോ പ്രാതൽ മുതൽ എന്തെന്ന് ചോദിക്കാനോ വന്നില്ല.എന്റെ ചീര തൈകൾ ആരെക്കെയോ പറിച്ചു കൊണ്ട് പോയി.
മൂത്ത വാഴക്കുലയും കന്നുമൊക്കെ ചർച്ചയാകുന്നത് േട്ട് വെറുതെ കണ്ണടച്ച് കിടന്നു. എന്റെ മോൻ പെട്ടെന്ന് വലുതായ പോലെ തോന്നിച്ചു വീടിന്റെ ഉടമസ്ഥനാകും വിധം ! എപ്പോഴോ അദ്ദേഹം പുതച്ചു മൂടി ഒരു വലിയ ബോക്സിൽ എത്തി.എന്നത്തേയും പോലെ ഭംഗിയായി ഒരുങ്ങി. മുഖത്ത് കാണുന്ന തെളിച്ചത്തിൽ ആ പരിഹാസച്ചിരി ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.
എനിക്ക് മാത്രം കിട്ടിയിരുന്നത്!
"മരണപ്പെട്ടവരെ പറ്റി കുറ്റമൊന്നും ഇനി പറയാനോ ഓർക്കാനോ പാടില്ലല്ലോ"
അകത്തുള്ള മുറിയിൽ വലിയ ശബ്ദത്തോടെ യുള്ള നിലവിളി ഉയരുമ്പോഴും എന്നിൽ നിറഞ്ഞ ശൂന്യതയുടെ ഭാരം താങ്ങി നിർത്തി ഞാൻ ആരെക്കെയോ ചാരി നിലത്തിരുന്നതേയുള്ളു എനിക്കായി കിട്ടുന്ന ഇൻഷുറൻസ് പൈസയും ബാങ്കിലെ ഫിക്സഡ് ഡെപ്പോസിറ്റുകളെ പറ്റിയുമൊക്കെ മോനും വല്യേട്ടനും സംസാരിച്ചു തുടങ്ങിയപ്പോൾ എല്ലാ ഡോക്യൂമെന്റുകളും ആധാരവും ഒക്കെ അടങ്ങുന്ന ബാഗ് അവർക്ക് മുന്നിലേക്ക് വെച്ചു തിരിഞ്ഞു നടന്നു
ഇൻഷുറൻസിന്റെ എല്ലാം അവകാശിയായി അകത്ത് തളർവാതം വന്നു കിടക്കുന്ന അമ്മയും ബാങ്കിലെ പൈസകൾക്കും വാങ്ങി കൂട്ടിയ വസ്തുക്കൾക്ക് എല്ലാം അവകാശിയായി മക്കളെയും പരിഗണിക്കുന്ന വിൽപത്രവും അവർക്ക് പൂർണ്ണ ബോധ്യം വന്നപ്പോൾ ഞാൻ നടുവരമ്പിൽ നിന്ന് അകത്തേക്ക് നിരനിരയായി വരുന്ന ഉറുമ്പിൻ കൂട്ടത്തെ നോക്കി നിൽക്കുകയായിരുന്നു
അമ്മയെ നോക്കാൻ എത്ര വേഗമാണ് ഹോം നേഴ്സ് എത്തിയത് ചാരി ഇരുത്താനും ആളുണ്ടായപ്പോൾ ഞാൻ ദീർഘ നേരമെടുത്ത് കുളിച്ചു വർഷങ്ങളായി കയ്യിൽ പുരണ്ട എല്ലാ മലമൂത്ര വിസർജ്ജദികളെയും സോപ്പ് പതയിൽ ഉരച്ചു ഉരച്ചു കളഞ്ഞു.
ഏറ്റവും നല്ല സാരിയും ഉടുത്ത് പുറത്തേക്ക് ഇറങ്ങിയപ്പോൾ നെറ്റി ചുളിച്ച എല്ലാ കണ്ണുകളെയും അവഗണിച്ചു പോസ്റ്റ് ഓഫീസിലേക്ക് നടന്നു.ഡയറി ഒരു കവറിൽ പൊതിഞ്ഞുഎന്റെ എഴുത്തുകാരന്റെ അഡ്രെസ്സ് എഴുതും മുൻപ് ഒരു പേപ്പറിൽ എഴുതി വെച്ചു...ഈ ഡയറി വായിച്ചു തീരുമ്പോഴേക്കും ഞാൻ വാങ്ങി കൂട്ടിയ പുസ്തകങ്ങൾ നിങ്ങളിലേക്ക് എത്തും.യാതൊരു നിവൃത്തിയുമില്ലാതെ ജീവിതത്തെ കഴുതയെ പോലെ ചുമന്ന ഒരുവളുടെ ഏക സമ്പാദ്യം!
ഇനിയെനിക്ക് ശ്വാസമറിയാൻ ഒന്നും തേടിപ്പിടിക്കേണ്ടതില്ലല്ലോ..ബന്ധനങ്ങളിൽ നിന്നും വിടുതൽ വന്നവളുടെ സമ്പാദ്യങ്ങൾക്ക് കനമുണ്ടാകില്ലെങ്കിലും ചിറക് തുന്നാൻ കഴിഞ്ഞിരിക്കുന്നു...
ഇനിയാണ് യാത്രകൾ..!