ADVERTISEMENT

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ദിനം അടുക്കുമ്പോൾ നാടകീയതകൾ നിറഞ്ഞ നാല് ആഴ്ചകളാണ് നമുക്ക് മുന്നിൽ. തിരഞ്ഞെടുപ്പ് വർഷങ്ങളിലെ പ്രധാന നാൾ വഴികളിൽ ഒന്നാണ് “ഒക്ടോബർ സർപ്രൈസ്” അഥവാ ഒക്ടോബറിൻ ആശ്ചര്യം. നവംബർ ആദ്യവാരമുള്ള തിരഞ്ഞെടുപ്പ് ദിവസത്തോടു വളരെ അടുത്തു മുൻകൂട്ടി ആസൂത്രണം ചെയ്തതോ ആകസ്മികമായി നടക്കുന്നതോ ആയ സംഭവങ്ങൾ വിജയ പരാജയങ്ങളെ സ്വാധീനിക്കാറുണ്ട്. എങ്ങനെയാണു നമ്മൾ വോട്ട് ചെയ്യുന്നത് എന്നതിനെ പല ഘടകങ്ങൾ സ്വാധീനിക്കാറുണ്ട്. നാം വളരെ ശ്രദ്ധാപൂർവം എടുക്കുന്ന തീരുമാനങ്ങളിൽ പോലും, അവസാന ദിനങ്ങളിലെ സംഭവ വികാസങ്ങൾ സാധാരണയിലധികം മാറ്റങ്ങളുണ്ടാക്കാറുണ്ട്.

2016 ഒക്ടോബറിൽ എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമി, ഡെമോക്രറ്റിക് പാർട്ടി സ്ഥാനാർഥി ഹിലരി ക്ലിന്റൺ ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വകാര്യ ഇമെയിൽ ഉപയോഗിച്ചതിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ഈ അവസാന നിമിഷ വാർത്ത റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് അനുകൂലമായി വോട്ടുകൾ ലഭിക്കുന്നതിന് കാരണമായി.

കഴിഞ്ഞ ആഴ്ച ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ട് അനുസരിച്ചു ട്രംപ് കഴിഞ്ഞ പതിനഞ്ചു വർഷങ്ങളിൽ പത്തു വർഷങ്ങളിലും നികുതി അടച്ചിട്ടില്ല എന്ന ആരോപണം ഈ വർഷത്തെ ഒക്ടോബർ സർപ്രൈസ് ആകുമെന്ന് കരുതിയിരുന്നെങ്കിലും, അപ്രതീക്ഷിതമായി കോവിഡ്  ബാധിതനായ ട്രംപ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതാണ് വാർത്തകളിൽ നിറഞ്ഞു നിന്നത്. ആശുപത്രി വാസത്തിനു ശേഷം ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങുകയും, ഔദ്യോഗിക ഉത്തരവാദിത്തങ്ങളിലേക്ക് തിരിച്ചെത്തുകയും ചെയ്തിരിക്കുന്നു. ട്രംപിന്റെ അടുത്ത ദിവസങ്ങളിലെ പ്രധാന ഉദ്ദേശങ്ങളിൽ ഒന്ന് സുപ്രീം കോടതി ജസ്റ്റിസ് സ്ഥാനത്തേക്കുള്ള ജഡ്ജ് എമി കോണി ബാരറ്റിന്റെ നിയമനമാണ്. 

2020ലെ ഒക്ടോബർ സർപ്രൈസ്

തിരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾ മാത്രം ശേഷിക്കെ ആയിരുന്നു ഐതിഹാസിക ജസ്റ്റിസ് റൂഥ് ബേഡർ ഗിൻസ്ബെർഗിന്റെ വിയോഗം. ഗിൻസ്ബെർഗിന്റെ ഇരുപത്തിയേഴു വർഷത്തെ പ്രശംസാര്‍ഹമായ സേവനം ലക്ഷക്കണക്കിന് ജീവിതങ്ങൾ മാറ്റിമറിച്ചു. വിർജീനിയ മിലിട്ടറി ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയിൽ സുപ്രധാന പങ്ക് വഹിച്ചുകൊണ്ടാണ് ജസ്റ്റിസ് ഗിൻസ്ബെർഗ് ആദ്യം ശ്രദ്ധേയയായത്. 

Supporters of Democratic presidential nominee and former Vice President Joe Biden

ലിംഗവിവേചനങ്ങൾക്കെതിരെയുള്ള പ്രധാന ചുവടുവയ്പ്പുകളിൽ ഒന്നായിരുന്നു ഈ വിധി. വിവാഹ സമത്വത്തിലും, കുടിയേറ്റക്കാരുടെയും, ഭിന്നശേഷിക്കാരുടെയും അവകാശങ്ങൾ ഉറപ്പുവരുത്തുന്ന നിയമങ്ങൾ രൂപപ്പെടുത്തുന്നതിലും ജസ്റ്റിസ് ഗിൻസ്ബെർഗിന്റെ സ്വാധീനം ശ്രദ്ധേയമാണ്. അമേരിക്കൻ നീതിന്യായ വ്യവസ്ഥയുടെ നികത്താനാവാത്ത നഷ്ടമാണ് ജസ്റ്റിസ് ഗിൻസ്ബെർഗിന്റെ മരണം. 

എന്നാൽ ഇത് രാഷ്ട്രീയപരമായി നിർണായകമായ നിമിഷങ്ങളിൽ ഒന്ന് കൂടിയാണ്. തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് സുപ്രീം കോടതിയിൽ ഒരു സീറ്റ് ഒഴിവു വന്നതിനാൽ പുതിയ ജസ്റ്റിസിനെ നാമനിർദേശം ചെയ്യാനുള്ള അവസരം ട്രംപിന് ലഭിച്ചിരിക്കുകയാണ്. അമേരിക്കൻ ജനപ്രതിനിധി സഭയായ സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം ഉള്ളതിനാൽ നാമനിർദേശം നിയമനമായി മാറുമെന്നത് ഏറെക്കുറെ ഉറപ്പാണ്. 

Supreme Court Justice Ruth Bader Ginsburg

കോവിഡ് ഭീതിമൂലം ലക്ഷക്കണക്കിന് അമേരിക്കക്കാരാണ് ഈ വർഷം സാധാരണയിൽ നിന്നു വ്യത്യസ്തമായി തപാൽ ബാലറ്റിലൂടെ വോട്ട് ചെയ്യുന്നത്. തപാൽ വോട്ടെടുപ്പിന്റെ വിശ്വാസ്യത ട്രംപ് ചോദ്യം ചെയ്യുകയും നവംബറിൽ താൻ പരാജയപ്പെട്ടാൽ കോടതിയെ സമീപിക്കും എന്നു പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ, പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും റിപ്പബ്ലിക്കൻ പാർട്ടിയുടെ മൂല്യങ്ങളോട് അടുത്ത്‌ നിൽക്കുന്ന എമി ബാരെറ്റിന്റെ നിയമനം ഉറപ്പാക്കുന്നത് റിപ്പബ്ലിക്കൻ പാർട്ടിക്ക് പ്രധാനപെട്ടതാണ്. ജീവിതാവസാനം വരെ തുടരാവുന്ന സുപ്രീം കോടതിയിലെ ജസ്റ്റിസ് പദവിയിൽ നാൽപത്തി ആറാം വയസ്സിൽ ജഡ്ജ് എമി ബാരെറ്റ് എത്തിയാൽ പതിറ്റാണ്ടുകളോളം വിധി പ്രസ്താവങ്ങളിൽ “ജസ്റ്റിസ് എമി ബാരെറ്റ്” നിർണായകമാകും.

കഴിഞ്ഞ ദശാബ്ദത്തിലെ ഒക്ടോബർ ആശ്ചര്യങ്ങൾ!

2016: ഹിലരി ക്ലിൻറൻ vs ഡോണൾഡ് ട്രംപ് 

തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ്, ഒക്ടോബർ 7-നു കുപ്രസിദ്ധമായ “ഹോളിവുഡ് ആക്സസ്” സംഭാഷണ ശകലം പുറത്തായി. ഇതോടെ ഹിലരി ക്ലിന്റൺ തീർച്ചയായും അമേരിക്കയുടെ ആദ്യ വനിതാ രാഷ്ട്രപതി ആകുമെന്ന് പലരും കരുതി. എന്നാൽ, ഒക്ടോബർ 27-നു സ്വകാര്യ ഇമെയിൽ കേസിൽ തുടരന്വേഷണ പ്രഖ്യാപനം വന്നു. ജനവിധി ട്രംപിനൊപ്പം നിന്നു. 

donald-trump-hillary-clinton-01

2012: ബറാക്ക് ഒബാമ vs മിറ്റ് റോംനി 

2012-ൽ ഭൂരിഭാഗം സമയവും അഭിപ്രായ സർവേകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ബറാക്ക് ഒബാമയും മിറ്റ് റോംനിയും തമ്മിൽ. ഒക്ടോബറിൽ അമേരിക്കയിൽ “സാൻഡി” ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. സ്ഥാനാർഥികൾ അവരുടെ പ്രചാരണ പരിപാടികൾ താത്കാലികമായി നിർത്തിവച്ചു. വൻ നാശനഷ്ടങ്ങൾ ഇല്ലാതെ ചുഴലിക്കാറ്റിനെ നേരിട്ടതിൽ ഒബാമ മിടുക്ക് കാണിച്ചു എന്ന് പൊതുജനാഭിപ്രായം ഉയർന്നു. ജനവിധി ഒബാമക്കൊപ്പം. 

barack-obama

ഈ വർഷം ഇനി എന്ത്?

ഒക്ടോബർ അവസാനിക്കാൻ ഇനിയും രണ്ടാഴ്ച ബാക്കി. അവസാന നിമിഷ അത്ഭുതങ്ങളോ ആശ്ചര്യങ്ങളോ ഇല്ലെങ്കിൽ നിലവിലെ സ്ഥിതിയിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വിജയിക്കും എന്നാണ് അഭിപ്രായ സർവേകൾ പറയുന്നത്. എന്നാൽ 2016ൽ അഭിപ്രായ സർവേകൾ ഇതേസമയം മുൻതൂക്കം നൽകിയത് ഹിലരി ക്ലിന്റനാണു. എന്തായിരിക്കും ജനവിധി?

(മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ജർമനിയിൽ ബിഹേവിയറൽ ഇക്കണോമിക്സ് വിഷയത്തിൽ അവസാന വർഷ ഗവേഷണ വിദ്യാർഥിനിയാണ് ലേഖിക റെയ്സ ഷെരീഫ്. സാമ്പത്തിക വിദഗ്‌ദ്ധനും സിവിക് ഡാറ്റാ ലാബിൽ പോളിസി റിസർച്ചറുമാണ് ലേഖകൻ അരുൺ സുദർശൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com