കുരുന്നുകളുടെ കാൻസർ പോരാട്ടത്തിന് കൈത്താങ്ങ്; ഗവേഷണ ധനസഹായം നൽകണമെന്ന് കോൺഗ്രസിനോട് അഭ്യർഥിച്ച് മനീഷ

Mail This Article
ഫ്രീമോണ്ട്, കലിഫോർണിയ∙ കുട്ടികളെ ബാധിക്കുന്ന കാൻസറുകളെ സംബന്ധിച്ച് ഗവേഷണത്തിന് കൂടുതൽ ധനസഹായം നൽകണമെന്ന് കോൺഗ്രസിനോട് അഭ്യർഥിച്ച് ഫ്രീമോണ്ട് നിവാസിയും അമേരിക്കൻ കാൻസർ സൊസൈറ്റി കാൻസർ ആക്ഷൻ നെറ്റ്‌വർക്ക് വൊളന്റിയറുമായ മനീഷ മോദി മേത്ത. 15-ാമത് വാർഷിക അലയൻസ് ഫോർ ചൈൽഡ്ഹുഡ് കാൻസർ ആക്ഷൻ ഡേയ്‌സിനായി വാഷിങ്‌ടൻ ഡി.സിയിൽ 350 കാൻസർ രോഗികളും അതിജീവിതരും കുടുംബാംഗങ്ങളും പങ്കെടുത്ത സമ്മേളനത്തിലാണ് മനീഷയുടെ അഭ്യർത്ഥന.
കുട്ടികളെ ബാധിക്കുന്ന കാൻസറിനെതിരായ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 39 സംസ്ഥാനങ്ങളിൽ നിന്നും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിൽ നിന്നുമുള്ള പ്രതിനിധികൾ ഈ സമ്മേളനത്തിൽ ഒത്തുചേർന്നു.
കോൺഗ്രസ് പ്രതിനിധി റോ ഖന്നയുടെ ലെജിസ്ലേറ്റീവ് അസിസ്റ്റന്റിനെയും മറ്റ് കോൺഗ്രസ് ജീവനക്കാരെയും കണ്ട മനീഷ, 14–ാം വയസ്സിൽ മസ്തിഷ്ക ട്യൂമർ ബാധിച്ച് മരിച്ച മകൻ റോണിലിന്റെ കഥ അവരുമായി പങ്കുവെച്ചു. കുട്ടികളെ ബാധിക്കുന്ന കാൻസർ പ്രതിരോധ പദ്ധതികൾക്ക് ഉദാരമായി ധനസഹായം നൽകണമെന്നും, കാൻസർ ഗവേഷണത്തിന് ദേശീയ തലത്തിൽ മുൻഗണന നൽകണമെന്നും കോൺഗ്രസിനോട് മനീഷ ആവശ്യപ്പെട്ടു.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തും നാഷനൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടും കുട്ടികളെ ബാധിക്കുന്ന കാൻസർ മേഖലയിലെ ഗവേഷണ രംഗത്ത് ശക്തമായ സാമ്പത്തിക സഹായം നൽകണം. പുതുതായി കാൻസർ രോഗം നിർണയിക്കപ്പെടുന്ന 14,000 കുട്ടികളിൽ 80% പേരും ജീവൻ രക്ഷിക്കാനായി ഗവേഷണ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. കൂടാതെ പകുതിയിലധികം കുട്ടികളും ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കുചേരുന്നു എന്നും അവർ ചൂണ്ടിക്കാട്ടി.
അമേരിക്കയിൽ 1 മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികളിലെ മരണകാരണങ്ങളിൽ രണ്ടാമത്തേത് കാൻസറാണ്. ബ്രെയിൻ കാൻസറാണ് കാൻസർ മരണങ്ങളിൽ പ്രധാന കാരണം. 2025 ൽ ഏകദേശം 9,550 കുട്ടികൾക്ക് കാൻസർ പുതുതായി കണ്ടെത്തുമെന്നും, 1,050 കുട്ടികൾ ഈ രോഗം മൂലം മരിക്കുന്നതെന്നും കണക്കാക്കുന്നു.