യുഎസ് വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ഡോണൾഡ് ട്രംപ്

Mail This Article
വാഷിങ്ടൻ ∙ യുഎസ് ഡിപ്പാർട്മെന്റ് ഓഫ് എജ്യുക്കേഷൻ ഒരു അഴിച്ചു പണിക്കു വിധേയമാവുമെന്നു പ്രസിഡന്റ് ട്രംപ് ഒപ്പു വച്ച എക്സിക്യൂട്ടീവ് ഓർഡർ പറയുന്നു. അതേസമയം പൂർണമായും ഒരു അഴിച്ചു പണി നടക്കില്ല എന്ന് വൈറ്റ് ഹവ്സ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റ് ഒരു പ്രസ്താവനയിൽ പറഞ്ഞു. നിർണായകമായ കർത്തവ്യങ്ങൾ തുടർന്നും ഡിപ്പാർട്മെന്റ് കൈകാര്യം ചെയ്യും. പൗരാവകാശ നിയമങ്ങൾ നടപ്പാക്കുക, വിദ്യാഭ്യാസ വായ്പകളും പെൽ ഗ്രാന്റുകളും മോണിറ്റർ ചെയ്യുക തുടങ്ങിയ ജോലികൾ ഡിപ്പാർട്മെന്റ് തുടർന്നും ചെയ്യും. ഇത് എജ്യുക്കേഷൻ സെക്രട്ടറിയുടെ മേൽനോട്ടത്തിലാവും നടക്കുക.
ഭിന്ന ശേഷിക്കാരായ വിദ്യാർഥികളുടെ വിദ്യാഭാസ ആവശ്യങ്ങൾക്ക് നൽകുന്ന ഗ്രാന്റുകളും ലോണുകളും (പ്രധാനമായും താഴ്ന്ന വരുമാന കുടുംബത്തിൽ നിന്നുള്ളവർ) തുടർന്നും ഡിപ്പാർട്മെന്റിന്റെ കീഴിൽ വരുമെന്ന് ഒരു വക്താവ് പറഞ്ഞു. ഡിപ്പാർട്മെന്റ് പൂർണമായും നിർത്തലാക്കുവാൻ യുഎസ് കോൺഗ്രസിന്റെ അനുമതി വേണം. ഇതിനു 60 സെനറ്റ് അംഗങ്ങളുടെ പിന്തുണ വേണം. ഇത് റിപ്പബ്ലിക്കൻ പാർട്ടിക്ക് നേടുക അസാധ്യമായിരിക്കും.
എജ്യുക്കേഷൻ സെക്രട്ടറി ലിൻഡ മക് മഹോന്റെ സ്ഥിരപ്പെടുത്തൽ ഹിയറിങ്ങിൽ അഴിച്ചുപണി പ്രയാസമായിരിക്കും എന്ന് അവർ തന്നെ പറഞ്ഞിരുന്നു. 1979ൽ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ ഭരണ കാലത്താണ് ഡിപ്പാർട്മെന്റ് ഓഫ് എജ്യുക്കേഷൻ നിലവിൽ വന്നത്. 60 വോട്ടിന്റെ ആവശ്യകത വേണ്ടി വന്നേക്കും എന്ന വസ്തുത പ്രസിഡന്റിന് അറിയാം എന്ന് ലിൻഡ പറയുന്നു.
കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കേണ്ടി വരും എന്ന് പ്രസിഡന്റിന് അറിയാം എന്ന് ലൂസിയാനയിൽ നിന്നുള്ള സെനറ്റർ ബിൽ കാസ്സിഡിയും പറഞ്ഞു. എല്ലാ സെനറ്റർമാരും ഒന്നിച്ചു പ്രവർത്തിക്കും എന്ന് ഉറപ്പു വരുത്താനാണ് ഞങ്ങളുടെ ശ്രമം, കാസിഡി കൂട്ടിച്ചേർത്തു.
ഇപ്പോൾ നടക്കുന്ന അഴിച്ചു പണി ഫണ്ടിങ്ങിനു സഹായിക്കും. അത് മൂലം സംസ്ഥാനങ്ങൾക്ക് അവരുടെ പദ്ധതികൾക്ക് സഹായം ലഭിക്കും. മക് മഹോനും ഭരണകൂടവും ഇതിനകം തന്നെ ചില നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. ഡിപ്പാർട്മെന്റിലെ ജീവനക്കാരെ ഏതാണ്ട് പകുതിയോളം പിരിച്ചു വിട്ടു കഴിഞ്ഞു.
ട്രംപിന്റെ ഈ ഓർഡറും കോടതികളിൽ ചോദ്യം ചെയ്യപെടാനാണ് സാധ്യത. തൊഴിൽ, പൗരാവകാശ സംഘടനകൾ ഭരണകൂടത്തിന്റെ ഈ ഓർഡർ നിശിതമായി വിമർശിച്ചു. ഇവരിൽ നാഷനൽ എജ്യുക്കേഷൻ അസോസിയേഷൻ പ്രസിഡന്റ് ബെക്കി പ്രിങ്‌ളെയും എൻഎഎസിപി പ്രസിഡന്റ് ഡെറിക് ജോൺസണും ഉൾപ്പെടുന്നു.
സ്റ്റുഡന്റ് ലോണുകളും പേൾ ഗ്രാന്റുകളും മറ്റു നിർണായക പ്രവർത്തനങ്ങളും കൈകാര്യം ചെയ്യാൻ പര്യാപ്‌തമായ നിലയിൽ ഡിപ്പാർട്മെന്റ് ഓഫ് എജ്യുക്കേഷനെ മാറ്റിയെടുക്കും എന്ന് ട്രംപ് പറഞ്ഞു.