മഹാമാരികൾ സൃഷ്ടിച്ച വൈറസുകൾ; സ്പാനിഷ് ഫ്ലൂ മുതൽ കോവിഡ്– 19 വരെ

Mail This Article
ലോകത്തിലെ മറ്റെല്ലാ ജീവിവർഗത്തിന്റെയും മൊത്തം എണ്ണത്തെക്കാള്‍ കൂടുതൽ വരും വൈറസുകളുടെ എണ്ണം. മറ്റെല്ലാ ജീവിവർഗത്തെക്കാളും വൈറസുകൾ ആക്രമിക്കുകയും ചെയ്യും. 20–30 നാനോമീറ്ററാണ് സാധാരണഗതിയിൽ ഒരു വൈറസിന്റെ വലുപ്പം. അതായത് ഒരു ബാക്ടീരിയയുടെ നൂറിലൊന്ന്. ജീവന്റെ സാനിധ്യം എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം സന്നിഹിതമാവുന്ന ഒരു അസാധാരണ ജൻമമാണ് വൈറസ്.
രോഗവ്യാപന ശേഷിയിൽ മറ്റേതൊരു രോഗാണുവിനെക്കാളും വൈറസുകൾ മുൻപന്തിയിൽ നിൽക്കുന്നത് ജനിതക മാറ്റത്തിനുള്ള അസാധാരണ മിടുക്കു കൊണ്ടാണ്. ദശകങ്ങളായി മനുഷ്യനെ ബാധിക്കുകയും ചെറിയ ജലദോഷവും തുമ്മലുമുണ്ടാക്കി കടന്നു പോവുകയും ചെയ്തിരുന്ന 'പാവം' കൊറോണ വൈറസാണ് Sars COV2 ആയി രൂപാന്തരംകൊണ്ട് ഈ നൂറ്റാണ്ടിൽ മനുഷ്യൻ നേരിട്ട ഏറ്റവും വലിയ മഹാമാരിക്ക് കളമൊരുക്കിയത്.
വൈറസ് രോഗങ്ങൾക്ക് കൃത്യമായ ബീജഗർഭകാലവും പകർച്ചാസമയവുമുണ്ട്. കോവിഡ്–19ന്റെ ബീജഗർഭകാലം സാധാരണഗതിയിൽ 2 മുതൽ 14 ദിവസം വരെയാണ്. അതായത് കൊറോണ വൈറസ് ഒരു രോഗിയെ ബാധിച്ചാൽ രോഗം പുറത്തു വരാനെടുക്കുന്ന ഏറ്റവും ചുരുങ്ങിയ സമയം രണ്ടു ദിവസവും കൂടിയ കാലയളവ് 14 ദിവസവുമാണ്. അപൂർവമായി 28 ദിവസം വരെ നീളാം.
മനുഷ്യൻകണ്ട ഏറ്റവും വലിയ മഹാമാരികൾ എല്ലാം സൃഷ്ടിച്ചത് വൈറസുകളാണ്. 100 ലക്ഷം പേർ മരിച്ച 1918–ലെ സ്പാനിഷ് ഫ്ലൂ, 1959ലെയും 60ലെയും ഇൻഫ്ലുവൻസ മഹാമാരികൾ, എയ്ഡ്സ് മഹാമാരി, ഇപ്പോൾ കോവിഡ്–19 എല്ലാം വൈറസിന്റെ വിളയാട്ടങ്ങളാണ്.
പാപ്പിലോമ, എബ്സ്റ്റീൻ–ബാർ, ഹെപ്പറ്റൈറ്റിസ്–ബി എന്നിവയൊക്കെ അനുകൂല സാഹചര്യങ്ങളിൽ അർബുദ രോഗവും മനുഷ്യനു സമ്മാനിക്കുന്നുണ്ട്. ദുരന്തത്തിന്റെ മുന്നറിയിപ്പോടെ വൈറസുകൾ മനുഷ്യശരീരത്തിൽ കടന്നാൽ ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ അതിനെ ചെറുക്കാൻ ശ്രമിക്കും. മിക്കവാറും രോഗാണുക്കളൊക്കെ ഈ പ്രതിരോധത്തിൽ കീഴ്പ്പെടുമെങ്കിലും അവയെ അതിജീവിക്കാൻ വൈറസുകൾക്ക് കഴിഞ്ഞാൽ രോഗവ്യാപനമായി.