ADVERTISEMENT

മനുഷ്യസഹജമായ ധാരാളിത്തത്തിൽനിന്നും പ്രകൃതി ചൂഷണങ്ങളിൽനിന്നും അന്ധവിശ്വാസങ്ങളിൽനിന്നും കോവിഡ് നമ്മെ മാറ്റി നിർത്തിയിരിക്കുന്നു. കൊറോണ ഭീതിയെ തുടർന്നുണ്ടായ ജീവിതരീതിയിലെ മാറ്റങ്ങൾ ദീർഘവീക്ഷണത്തോടെ, ലാളിത്യത്തിലൂന്നിയുള്ള പുത്തൻ ജീവിതത്തിനുള്ള തുടക്കമാവട്ടെ. 

അവയവദാന ദിനമായ ഓഗസ്റ്റ് 13 ന് അച്ചുവേട്ടനെ കാണാനിറങ്ങുമ്പോൾ ഉദ്ദേശ്യം രണ്ടായിരുന്നു. അമ്പലത്തിൽ പോകുന്നതിനുള്ള നിയന്ത്രണം കാരണം നിത്യേന ആവശ്യമുള്ള ചന്ദനത്തിനു ക്ഷാമം നേരിട്ടു തുടങ്ങിയിരിക്കുന്നു. രണ്ടാമതായി, സഹജീവികളോടുള്ള മനുഷ്യന്റെ കരുണയും സ്നേഹവും വൈദ്യ ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് എത്ര പ്രാധാന്യം കൽപിക്കുന്നു എന്നതിനെക്കുറിച്ച് എഴുത്തിലൂടെ എന്റെ വായനക്കാരെ ഓർമപ്പെടുത്തണം. 

മരണാനന്തര അവയവദാനവും ജീവിച്ചിരിക്കുന്നവരുടെ അവയവദാനവും എന്നും ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ്. കോവിഡ് കാലത്തെ ജനങ്ങളുടെ സാമ്പത്തിക മാന്ദ്യത ചൂഷണം ചെയ്യുന്ന വാർത്തയാണ് കുറച്ചു ദിവസം മുൻപ് കേട്ടത്. കടബാധ്യതയും കഷ്ടപ്പാടുമുള്ള വീട്ടമ്മമാരെ ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് അവയവ കച്ചവട മാഫിയ വലയിൽ വീഴ്ത്തിയിരിക്കുന്നു. കോവിഡ് കാലത്തെ ദാരിദ്ര്യം മൂലം അഞ്ച് വീട്ടമ്മമാരാണ് കൊച്ചിയിലെ രണ്ടു കോളനികളിൽ വൃക്കക്കച്ചവടം നടത്തിയത്. 

മസ്തിഷ്ക മരണം സംഭവിക്കുന്ന സാഹചര്യത്തിൽ മാത്രമാണ് കണ്ണുകൾ, വൃക്ക, കരൾ, ഹൃദയം, മധ്യകർണത്തിലെ ഓസിക്കിളുകൾ എന്ന അസ്ഥികൾ, മജ്ജ, ശ്വാസകോശം, പാൻക്രിയാസ്, മുഖവും കൈകാലുകളും ലിംഗവും പോലെയുള്ള ശരീരഭാഗങ്ങൾ, ത്വക്ക് എന്നിവ സാധാരണയായി ദാനം ചെയ്യാനാകുക. അവയവദാനത്തെക്കുറിച്ചുള്ള അജ്ഞത, സമൂഹ മാധ്യമങ്ങളിലൂടെയും മറ്റുമുള്ള വ്യാജ പ്രചാരണങ്ങൾ‍, അവയവം മാറ്റിവയ്ക്കൽ പ്രക്രിയയുടെ സങ്കീർണതകൾ, ബോധവൽക്കരണത്തിന്റെ അഭാവം എന്നിങ്ങനെ നിരവധി ഘടകങ്ങൾ ഇതിനു പിന്നിലുണ്ട്. എന്നാൽ അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും അവയവദാനത്തിന്റെ ഗുണം കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനുമായി ഒരു ബൃഹദ് പദ്ധതി കേരള സർക്കാരിനുണ്ട്.

2012 മുതലാണ് കേരളത്തിൽ അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ തലത്തിൽ പദ്ധതികൾ രൂപീകരിക്കുന്നത്. "share organs save lives” എന്ന ആപ്തവാക്യവുമായി ആരംഭിച്ച കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൻ ഷെയറിങ് (മൃതസഞ്ജീവനി) വഴിയാണ് കേരളത്തിലെ സർക്കാർ സ്വകാര്യ മേഖലകളിൽ മരണാനന്തര അവയവദാനം നടത്തുന്നത്. സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴി അവയവദാനത്തിന് സന്നദ്ധരായവരുടൈ എണ്ണം തുടർവർഷങ്ങളിൽ വർധിച്ചുവരികയുമുണ്ടായി.

2015–ലാണ് അച്ചുവേട്ടന്റെ പ്രിയ സുഹൃത്തിനു കരൾ രോഗം സ്ഥിരീകരിച്ചത്. കരൾ മാറ്റി വയ്ക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്നു ഡോക്ടർ പറഞ്ഞപ്പോൾ ഭാര്യയും വീട്ടുകാരും തയാറായി.

പുനരുജ്ജീവന ശേഷിയുള്ള കോശങ്ങളാണെങ്കിലും ആ ശേഷി ഉപയോഗപ്പെടുത്താൻ പറ്റാത്തത്ര ഗുരുതരമായ സാഹചര്യത്തിലാണ് കരൾ മാറ്റിവയ്ക്കുക. സിറോസിസ് രോഗത്തിനാണ് സാധാരണ കരൾ മാറ്റി വയ്‌ക്കാറ്. പൂർണവളർച്ച എത്തിയ കോശങ്ങൾ വിഭജിച്ച് പുതിയ കോശങ്ങൾ കരളിൽ സാധാരണ രൂപംകൊള്ളാറുണ്ട്. നിശ്ചിത വലുപ്പം എത്തിക്കഴിഞ്ഞാൽ ഈ കോശ വിഭജനം നിയന്ത്രിക്കപ്പെടുകയും ആ വലുപ്പം സ്ഥായിയായി നിലനിർത്തപ്പെടുകയും ചെയ്യുന്നു. 

ജീവിതം അവിടെ അവസാനിച്ചു എന്നു കരുതി തിരുവമ്പാടി കണ്ണനു മുൻപിൽ നെഞ്ചു പൊട്ടിക്കരഞ്ഞ സുഹൃത്തിന്റെ വേദന കേട്ടത് അച്ചുവാണ്. ഉറ്റ സുഹൃത്തിന് അദ്ദേഹം തന്റെ കരുണയോടൊപ്പം കരളും പകുത്തു നൽകി. മറ്റൊരാളുടെ ശരീരത്തിൽനിന്ന് അവയവം മാറ്റി വയ്ക്കുന്നതിനെ അലോഗ്രാഫ്റ്റ് എന്നു പറയുന്നു.   

അവയവദാനത്തെപ്പറ്റി നടത്താറുള്ള ബോധവൽക്കരണ ക്‌ളാസ്സുകളിൽ മാത്രം എടുത്തു പറയുവാനുള്ളതല്ല ഈ ജീവിതം എന്ന് ഇന്ന് കയ്യിൽ പേന എടുത്തപ്പോൾ കണ്ണൻ എന്നെയും ഓർമിപ്പിച്ചു. അച്ചുവേട്ടന്റെ പുനർസൃഷ്ടിയാണ് ജയറാമിന്റെയും കുടുംബത്തിന്റെയും ഇന്നത്തെ ജീവിതം. ‘തിരുവമ്പാടി കണ്ണൻ പറഞ്ഞു, ഞാൻ അനുസരിച്ചു’– ഇതിൽ കൂടുതൽ ഒന്നും പറയാനില്ല അദ്ദേഹത്തിന്. രണ്ടു വർഷം മുൻപ് ഈ കഥ കേട്ടപ്പോൾ മാത്രമല്ല ഓർക്കുമ്പോഴെല്ലാം എന്റെ കണ്ണുകൾ നിറയാറുണ്ട്. യഥാർഥ ഭക്തൻ !

achu-dr-smitha
അച്ചു(ഇടത്), ഡോ. സ്മിതയോടൊപ്പം അച്ചു(വലത്)

ഓപ്പറേഷനു ശേഷം ശരീരത്തിൽ വലിയ മുറിവുണ്ടാവും. തെറ്റായി എന്തെങ്കിലും സംഭവിച്ചാൽ മരണസാധ്യതയുണ്ട്. കരളിലെ കോശങ്ങളുടെ പുനരുജ്ജീവനം അതിസങ്കീർണമാണ്. 

ജീവിച്ചിരിക്കുന്നവരിൽനിന്നോ മസ്തിഷ്ക മരണം സംഭവിച്ചവരിൽനിന്നോ ആണ് മാറ്റിവയ്ക്കുന്നതിന് ആവശ്യമായ കരൾ എടുക്കുക. ഹെപ്പെറ്റൈറ്റിസ് ബി അല്ലെങ്കിൽ സി അണുബാധ, മദ്യത്തിന്റെ അമിതമായ ഉപയോഗം ഇവയൊക്കെ സിറോസിസിലേക്കു നയിക്കാം. സിറോസിസിന്റെ ഗുരുതരാവസ്ഥയിൽ കരൾ പൂർണമായും പ്രവർത്തനരഹിതമാകുകയും കരൾ മാറ്റിവയ്ക്കൽ ആവശ്യമായി വരികയും ചെയ്യുന്നു

ജീവിച്ചിരിക്കുന്നവരിൽനിന്ന് കരൾ എടുക്കുന്ന സാഹചര്യത്തിൽ, ദാതാവിൽനിന്ന് കരളിന്റെ ഒരു ഭാഗം മുറിച്ചെടുത്ത് രോഗിയിൽ വച്ചുപിടിപ്പിക്കുന്നു. ദാതാവിന്റെ കരൾ വളർന്നു പഴയ അവസ്ഥയിൽ എത്തും.

സുഹൃത്തിന്റെ ശരീരത്തിൽ അച്ചുവിന്റെ കരൾ സാവധാനം പ്രവർത്തിച്ചു തുടങ്ങി. രണ്ടുപേരുടെയും കരൾ കോശവിഭജനം വഴി വളർന്ന് മാസങ്ങൾക്കുള്ളിൽ നിശ്ചിത അളവിലെത്തി. കരൾ വേഗത്തിലും ഫലപ്രദമായും വളരുന്നതിനു വേണ്ടി ആവശ്യമായ പോഷകങ്ങളും മരുന്നുകളും രോഗിയും ദാതാവും കഴിച്ചിരുന്നു. 

കരൾ ദാനത്തിനു ശേഷം പൂർവ ആരോഗ്യസ്ഥിതിയിലേക്ക് തിരിച്ചു വന്നെങ്കിലും വർഷം തോറുമുള്ള ഫോളോ അപ്പ്‌ അദ്ദേഹം മുടക്കാറില്ല. തിരുവമ്പാടി ക്ഷേത്രത്തിനു മുൻപിൽ ഓട്ടോ ഓടിക്കുകയാണിപ്പോൾ. നിസ്വാർഥമായി, നന്മയുടെ വെട്ടം ഒട്ടും കുറയ്ക്കാതെ അമ്പാടിക്കണ്ണനിലർപ്പിച്ച്. കരൾദാനത്തിനു ശേഷമാണ് അദ്ദേഹം വിവാഹം കഴിച്ചത്. 

എഴുതുവാനേറെ വൈകിയ ജീവിതകഥയിലെ കഥാപാത്രത്തിനു വീട്ടിലേക്കു തിരിക്കുവാൻ തിടുക്കമുണ്ടായിരുന്നു. പത്തുമാസം പ്രായമുള്ള കുഞ്ഞമ്പാടിയും അമ്മ ജോഷിണിയും വീട്ടിൽ കാത്തിരിക്കുന്നുണ്ട്. എപ്പോൾ വേണമെങ്കിലും പൊളിച്ചു പണിയാവുന്ന ഒന്നേയുള്ളു, ജീവിതം. 

മറ്റൊരാളുടെ ജീവിതം പുനഃസൃഷ്ടിച്ചപ്പോൾ ദൈവം നൽകിയ ജീവിതം മഹാമാരിക്കാലത്ത് മറ്റേതു വാഹനത്തൊഴിലാളിയേയും പോലെ ബുദ്ധിമുട്ടിലാണ്. ഏക ഉപജീവനമാർഗമാണ് അമ്പലത്തിനു മുൻപിലെ സ്റ്റാൻഡിൽ കിടക്കുന്ന തന്റെ ഓട്ടോ - ‘തിരുവമ്പാടി ഗരുഡൻ’. മറ്റൊരാളുടെ ജീവിതം പുനർസൃഷ്ടിച്ച അച്ചുവേട്ടന് നല്ലതു മാത്രമേ വരൂ. 

English Summary: Liver transplant surgery, Organ Donation

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com