ഗർഭാശയ കാൻസർ നിർണയത്തിന് എളുപ്പമാർഗം കണ്ടെത്തി

Mail This Article
ഗർഭാശയ കാൻസർ നിർണയം മൂത്രപരിശോധനയിലൂടെ സാധ്യമാകുമെന്നു പഠനം. കാൻസർ നിർണയം, ചികിത്സ, രോഗി സുഖപ്പെടാനുള്ള സാധ്യത ഇതെല്ലാം രോഗം ആദ്യഘട്ടത്തിൽതന്നെ തിരിച്ചറിയുന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും. കൃത്യതയുള്ളതും എളുപ്പത്തിലുള്ളതും ആയ കാൻസർ സ്‌ക്രീനിങ്ങും പരിശോധനയും നിലവിലുണ്ടെങ്കിൽ മാത്രമേ രോഗം ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ സാധിക്കൂ.
ഗർഭാശയ കാൻസർ നിർണയിക്കാനുള്ള പുതിയ പരിശോധനയ്ക്ക് 91 ശതമാനം കൃത്യത ഉണ്ട്. വജൈനൽ സ്വാബ്‌സ്, യൂറിൻ എന്നിവയിലൂടെയാണ് ഗർഭാശയ കാൻസർ നിർണയം സാധ്യമാകുന്നത്. ഒരു മൈക്രോസ്കോപ്പിലൂടെ കാൻസറിന്റെ ലക്ഷണമായ കാൻസർ കോശങ്ങളെ യൂറിൻ സാമ്പിളിലൂടെ കണ്ടെത്താൻ ഈ പരിശോധനയിലൂടെ സാധിക്കും.
കാൻസർ ബാധിച്ച 103 സ്ത്രീകളിൽ 98 പേരിലും ഈ മാർഗത്തിലൂടെ രോഗം തിരിച്ചറിയാനായി. ഒരു വ്യക്തിക്ക് ഗർഭാശയ കാൻസർ ഇല്ല എങ്കിൽ അതും കൃത്യമായിതന്നെ നിർണയിക്കാൻ സാധിക്.
കാൻസർ കേസുകളിൽ അഞ്ചിൽ ഒരാൾക്ക് വീതം രോഗത്തിന്റെ അവസാനഘട്ടമെത്തും വരെ കാൻസർ തിരിച്ചറിയാതെ പോകുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ രോഗികൾ അഞ്ചു വർഷത്തിലധികം ജീവിച്ചിരിക്കാൻ 15 ശതമാനം മാത്രമാണ് സാധ്യത.
നിലവിൽ ഗർഭാശയ കാൻസർ നിർണയത്തിനുള്ള മാർഗം ഹിസ്റ്ററോസ്‌കോപ്പി ആണ്. നീളം കൂടിയ മെലിഞ്ഞ ഒരു ഉപകരണം വജൈന, സെർവിക്‌സ് ഇവയിലൂടെ ഗർഭാശയത്തിൽ കടത്തിയാണ് പരിശോധന നടത്തുന്നത്. ഈ ഉപകരണത്തിന്റെ അറ്റത്ത് ലൈറ്റും ക്യാമറയും പിടിപ്പിക്കുന്നു. ഇത് ഗർഭാശയത്തിനുൾവശം കാണാൻ ഡോക്‌ടർമാരെ സഹായിക്കുന്നു. ഈ മാർഗം ഫലപ്രദമാണെങ്കിലും സ്ത്രീകൾക്ക് ഇത് വളരെ പ്രയാസകരവും വേദന ഉണ്ടാക്കുന്നതുമാണ്. വേദന അറിയാതിരിക്കാൻ അനസ്തീസിയ നൽകുമെങ്കിലും ഈ പ്രക്രിയ അരമണിക്കൂറെങ്കിലും നീളും.
പുതിയ മൂത്രപരിശോധനാ മാർഗം ചെലവ് കുറഞ്ഞതും വളരെ വേഗത്തിലുള്ളതും വേദന രഹിതവും ആണ്. സ്ത്രീകൾക്ക് വീട്ടിൽ വച്ചുതന്നെ മൂത്രം ശേഖരിച്ച് പരിശോധനയ്ക്കു നൽകാവുന്നതാണ്.
മാഞ്ചസ്റ്റർ സർവകലാശാല ഗവേഷകരാണ് പുതിയ മാർഗം വികസിപ്പിച്ചത്. ‘ഗർഭാശയ അർബുദ കോശങ്ങളെ മൂത്രത്തിൽ നിന്ന് തിരിച്ചറിയാനാകും അതുപോലെ വജൈനൽ സാമ്പിളുകൾ മൈക്രോസ്കോപ്പിലൂടെയും’– ഗവേഷകനായ പ്രൊഫ. ക്രോസ്ബി പറയുന്നു.
ഗർഭാശയ അർബുദം സംശയിക്കപ്പെടുന്ന സ്ത്രീകളിൽ പുതിയ പരിശോധനാ മാർഗം, ലളിതവും സ്വീകാര്യവുമായ ഒരു കാൻസർ നിർണയ രീതി ആയി മാറുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു.
English Summary : A simple urine test will detect womb cancer