നിങ്ങൾക്കുണ്ടോ കൊറോണ ഫോബിയ: അറിയേണ്ടതെല്ലാം
Mail This Article
മുന്‍പൊക്കെ ജലദോഷവും തുമ്മലും വന്നാല്‍ അതൊന്നും പലരും ശ്രദ്ധിക്കുക പോലും ഇല്ലായിരുന്നു. എന്നാല്‍ കോവിഡ് കാലത്തില്‍ ചെറിയൊരു ജലദോഷം പോലും മനുഷ്യരില്‍ ആശങ്ക ജനിപ്പിക്കുന്നു. ചിലരില്‍ ഈ ആശങ്ക അമിതമായി അത് വല്ലാത്ത പേടിയും ഉത്കണ്ഠയുമായി മാറും. കോവിഡുമായി ബന്ധപ്പെട്ട ഈ അമിത ഉത്കണ്ഠയും ഭയവുമെല്ലാം കൊറോണഫോബിയ എന്ന പേരില്‍ അറിയപ്പെടുന്നു.
വൈറസ് ബാധിക്കുമോ എന്ന അതിരു കവിഞ്ഞ ഭയത്തെയാണ് കൊറോണ ഫോബിയ എന്ന പദം കൊണ്ട് ശാസ്ത്രജ്ഞര്‍ അര്‍ഥമാക്കുന്നത്. കൊറോണഫോബിയ ഉള്ളവര്‍ക്ക് ജലദോഷവും ചുമ്മലും തൊണ്ടവേദനയും മാത്രമല്ല ഭയം ജനിപ്പിക്കുന്നത്. കോവിഡ് തങ്ങളുടെ പ്രിയപ്പെട്ടവരെ തട്ടിയെടുക്കുമോ എന്നും ജോലി നഷ്ടപ്പെടുത്തുമോ എന്നുമെല്ലാമുള്ള ഭയം ഇതില്‍ ഉള്‍പ്പെടുന്നു. എപ്പോഴും ഏതു സാഹചര്യത്തിലും സുരക്ഷിതത്വം തേടാന്‍ ഫോബിയ ഉള്ളവര്‍ക്ക് പ്രേരണയുണ്ടാകും. പൊതുസ്ഥലങ്ങളും പൊതുജനങ്ങള്‍ കൂടുന്ന സാഹചര്യവും പൂര്‍ണമായും ഒഴിവാക്കുന്നത് കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി സ്വാഭാവികമായ നടപടിയായിരിക്കാം. എന്നാല്‍ ഫോബിയ ഉള്ളവര്‍ ഒരു പടി കൂടി കടന്ന് എല്ലാത്തരത്തിലുമുള്ള സാമൂഹിക ബന്ധങ്ങളും വിച്ഛേദിക്കും.
ഏഷ്യന്‍ ജേണല്‍ ഓഫ് സൈകാട്രിയില്‍ പ്രസിദ്ധീകരിച്ച പഠനം കൊറോണഫോബിയയുമായി ബന്ധപ്പെട്ട് മറ്റ് ചില ലക്ഷണങ്ങള്‍ കൂടി ഉണ്ടാകാമെന്ന് പറയുന്നു. ഒരിക്കലും നിലയ്ക്കാത്ത ഭയം ഹൃദയമിടിപ്പ് ക്രമാതീതമായി ഉയരാനും, വിശപ്പ് പോകാനും, തലചുറ്റലിനും കാരണമാകാം. അമിതമായ ചിന്ത മൂലമുണ്ടാകുന്ന പ്രശ്നങ്ങളും കൊറോണഫോബിയക്കാരെ പിടികൂടും. പൊതുസ്ഥലങ്ങളോടും ആള്‍ക്കൂട്ടങ്ങളോടുമുള്ള ഭയം വളര്‍ന്ന് സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് ജീവിക്കാനുള്ള വാസനയും ഉണ്ടാകാം. ഇത് ഒറ്റപ്പെടലിലേക്കും വിഷാദരോഗത്തിലേക്കും നയിക്കാം.
ഫ്രോണ്ടിയേഴ്സ് ഇന്‍ ഗ്ലോബല്‍ വിമന്‍സ് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കോവിഡ് ഭീതി ഉറക്കമില്ലായ്മയും വിഷാദവും ഉത്കണ്ഠയും കൂടുതലുണ്ടാക്കുന്നത്. കുടുംബാംഗങ്ങള്‍ക്ക് കോവിഡ് വരുമോ എന്ന ഭയവും തങ്ങള്‍ മറ്റുള്ളവര്‍ക്ക് രോഗം പടര്‍ത്തുമോ എന്ന ഭയവും കൂടുതല്‍ ഉണ്ടാകുന്നതും സ്ത്രീകള്‍ക്കാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കൊറോണ വൈറസ് യുവാക്കളില്‍ ഉത്കണ്ഠ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് അടുത്തിടെ നടന്ന പഠനങ്ങള്‍ പറയുന്നു.
സ്വന്തം ആരോഗ്യം ശ്രദ്ധിക്കുക, വ്യായാമത്തിലേര്‍പ്പെടുക, മറ്റുള്ളവരോട് ഓണ്‍ലൈന്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ ഇടപെടുക തുടങ്ങി കൊറോണഫോബിയയെ മറികടക്കാന്‍ നിരവധി വഴികള്‍ അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ ശുപാര്‍ശ ചെയ്യുന്നു. വാക്സീന്റെ വരവോടെ ഉത്കണ്ഠയ്ക്ക് ചെറിയൊരു ആശ്വാസം വന്നിട്ടുണ്ടെങ്കിലും കോവിഡിനെ പ്രതിയുള്ള ഫോബിയ തുടരാനാണ് സാധ്യത.
English Summary : Coronaphobia