ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയിലെ അസ്വാഭാവികതകള്‍ കണ്ടെത്താന്‍ എംആര്‍ഐ സ്‌കാന്‍
Mail This Article
ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചാ ഘട്ടത്തിലെ അസ്വാഭാവികതകള്‍ കൂടുതല്‍ കൃത്യമായി കണ്ടെത്താന്‍ കഴിയുക എംആര്‍ഐ സ്‌കാനുകളിലാണെന്ന് പഠനം. ശിശുവിന്റെ തല, കഴുത്ത്, നെഞ്ച്, ഉദരം, നട്ടെല്ല് എന്നീ ഭാഗങ്ങളിലെ വളര്‍ച്ചാ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ നിലവിലെ അള്‍ട്രാ സൗണ്ട് സ്‌കാനിനെ അപേക്ഷിച്ച് എംആര്‍ഐ സ്‌കാനിനാണ് കൂടുതല്‍ നന്നായി സാധിക്കുകയെന്ന് ലണ്ടനിലെ കിങ്ങ്‌സ് കോളജും എവ്‌ലീന ചില്‍ഡ്രന്‍സ് ഹോസ്പിറ്റലും ഗ്രേറ്റ് ഓര്‍മോണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലും യുസിഎല്ലും നടത്തിയ ഗവേഷണ പഠനം ചൂണ്ടിക്കാണിക്കുന്നു. ലാന്‍സെറ്റ് ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് ഹെല്‍ത്ത് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും എംആര്‍ഐ സുരക്ഷിതമായ സ്‌കാനിങ്ങാണെന്നും പഠനം പറയുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോര്‍ സംബന്ധിച്ച അസ്വാഭാവികതകള്‍ പരിശോധിക്കാനാണ് പൊതുവേ എംആര്‍ഐ സ്‌കാന്‍ ഉപയോഗിക്കാറുള്ളത്. അതേ സമയം ശിശുവിന്റെ ശരീരത്തിലെ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി അറിയാനും എംആര്‍ഐ ഫലപ്രദമാണെന്ന് പഠനം തെളിയിക്കുന്നു.
സാധാരണവും അസാധാരണവുമായ ശ്വാസകോശ കോശസംയുക്തങ്ങള്‍ തമ്മില്‍ തിരിച്ചറിയാനും എംആര്‍ഐ ഫലപ്രദമാണെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. ഡൈഫ്രാഗ്മാറ്റിക് ഹെര്‍ണിയ പോലുള്ള പ്രശ്‌നങ്ങളും ഇതിലൂടെ കണ്ടെത്താന്‍ കഴിയും. ഗര്‍ഭസ്ഥ ശിശുവിന്റെ ഏറ്റവും വിശദമായ ശരീരഘടന കാട്ടിത്തരാനുള്ള അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങിന്റെ ശേഷിക്ക് പരിമിതികളുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രഫസര്‍ മേരി റുഥര്‍ഫോര്‍ഡ് പറഞ്ഞു.
എംആര്‍ഐ ഉപയോഗിച്ചുള്ള ഗര്‍ഭസ്ഥ ശിശുവിന്റെ സ്‌ക്രീനിങ്ങ് എവ്‌ലീന ലണ്ടന്‍ ആശുപത്രിയിലെ ക്ലിനിക്കല്‍ പ്രാക്ടീസിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങളും വിഡിയോകളും ലഭ്യമാണ്. പഠനഫലത്തിന്റെ അടിസ്ഥാനത്തില്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ പരിശോധനയ്ക്ക് പൂര്‍ണമായും യന്ത്രവത്കൃതമായ എംആര്‍ഐ സ്‌കാനിങ്ങ് പ്രക്രിയ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഇവിടെ പുരോഗമിക്കുകയാണ്.
English Summary : MRI scans more precisely define, detect abnormalities in unborn babies