ADVERTISEMENT

കോവിഡ് സാധാരണഗതിയിൽ കണ്ണിനു ഗുരുതര പ്രശ്നങ്ങളുണ്ടാക്കില്ലെന്നു നേത്ര രോഗ വിദഗ്ധനും ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ട് മെ‍ഡിക്കൽ ഡയറക്ടറും ചീഫ് മെന്ററുമായ ഡോ. എ. ഗിരിധർ. കോവിഡ് ബാധിതരാകുന്ന 3–10% ആളുകൾക്കു ചെങ്കണ്ണ് ഉണ്ടാകാറുണ്ട്. അത് അത്ര ഗൗരവമുള്ളതല്ല. ഇപ്പോൾ ചെങ്കണ്ണ് ബാധിക്കുന്നവരെ കോവിഡ് പരിശോധനയ്ക്കും വിധേയമാക്കുന്നുണ്ടെന്നും മലയാള മനോരമ ‘സാന്ത്വനം’ പരിപാടിയിൽ വായനക്കാരുടെ ചോദ്യങ്ങൾക്കു മറുപടിയായി ഡോ. ഗിരിധർ പറഞ്ഞു. 

ചെങ്കണ്ണ് വൈറസ് ബാധ മൂലം ഉണ്ടാകുന്ന അസുഖമാണ്. കൊറോണ വൈറസ് ബാധയല്ലാതെയും അതുണ്ടാകും. എങ്കിലും ഇപ്പോൾ ചെങ്കണ്ണ് ഉണ്ടായാൽ അതു കോവിഡ് മൂലമുള്ളതാണോയെന്നു പരിശോധിക്കണം. കോവിഡ് ബാധയുടെ തുടക്കത്തിലോ ഇടയ്ക്കോ ചെങ്കണ്ണ് ബാധിക്കാം. ഇതിനു പ്രത്യേകിച്ചു മരുന്നിന്റെ ആവശ്യമില്ല. കണ്ണിന്റെ കാഴ്ചയെ ബാധിക്കുന്ന തരത്തിൽ ഇതു ഗൗരവമാകാൻ സാധ്യത കുറവാണ്. ‍‍ഡോക്ടർ പറഞ്ഞു.

∙ തിമിര ശസ്ത്രക്രിയ

ലോക്ഡൗൺ മൂലം പലർക്കും ഇപ്പോൾ ആശുപത്രിയിൽ എത്താൻ കഴിയാറില്ല. തിമിര ശസ്ത്രക്രിയ ഒന്നോ രണ്ടോ മാസത്തേക്കു നീട്ടുന്നതുകൊണ്ടു കുഴപ്പമില്ല. പതിവു നേത്ര പരിശോധനകളും കുറച്ചു ദിവസത്തേക്കു മാറ്റിവയ്ക്കാം. അതല്ലെങ്കിൽ നേത്രാശുപത്രികളിലെ ടെലി മെഡിസിൻ സേവനം പ്രയോജനപ്പെടുത്താം. എന്നാൽ, അടിയന്തര നേത്ര ചികിത്സ ആവശ്യമുള്ള ഘട്ടങ്ങളിൽ ആശുപത്രി സേവനം തേടാൻ മടിക്കരുത്. 

കാഴ്ച പെട്ടെന്ന് മങ്ങുക, കാഴ്ച പൂർണമായി ഇല്ലാതാകുക, കണ്ണു പെട്ടെന്നു ചുവക്കുക, കണ്ണിൽ എന്തെങ്കിലും കൊള്ളുക  തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രികളിൽ ചികിത്സ തേടണം.

health-eye-specialist-dr-a-giridhar
ഡോ. എ. ഗിരിധർ

∙ ബ്ലാക്ക് ഫംഗസ് ബാധ

കോവിഡ് ബാധിതരാകുന്നവർക്കിടയിൽ അപൂർവമായി ‘ബ്ലാക്ക് ഫംഗസ്’ പ്രശ്നങ്ങൾ കാണുന്നതായി റിപ്പോർട്ടുകളുണ്ട്. ‘മ്യൂക്കോർമൈക്കോസിസ്’ എന്ന അണുബാധ കണ്ണിന്റെ ഉൾഭാഗത്തെ നേരിട്ടു ബാധിക്കുന്നതല്ല. കണ്ണിനും പിന്നിലുള്ള എല്ലിനും ഇടയിലുള്ള ഓർബിറ്റിനെയാണ് അതു ബാധിക്കുന്നത്. 

ശുചിത്വം പാലിക്കാതിരിക്കുക, കോവിഡ് രോഗികളിലെ അശാസ്ത്രീയമായ സ്റ്റിറോയ്ഡ് ഉപയോഗം, പ്രമേഹം നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥ എന്നിങ്ങനെയുള്ളവരിൽ രോഗ പ്രതിരോധം കുറയുമ്പോഴാണു ശരീരത്തിൽ നിശബ്ദമായി കിടക്കുന്ന ഫംഗസുകൾ ശക്തിയായി പ്രവർത്തിക്കുന്നത്. കേരളത്തിൽ അപൂർവമായി മാത്രമാണു ‘മ്യൂക്കോർമൈക്കോസിസ്’ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡോ. ഗിരിധർ പറഞ്ഞു.

English Summary : COVID- 19 and conjunctivitis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com