കോവിഡ് ലക്ഷണങ്ങൾ കുറവെങ്കിൽ രക്തം കട്ട പിടിക്കുമെന്ന ആശങ്ക വേണ്ട
Mail This Article
വീട്ടിൽ ചികിത്സയിൽ കഴിയുന്ന ലക്ഷണങ്ങൾ കുറഞ്ഞ കോവിഡ് രോഗികൾ രക്തം കട്ട പിടിക്കുന്നതിനെ കുറിച്ചു കൂടുതൽ ആശങ്കപ്പെടേണ്ടതില്ലെന്നു ഹെമറ്റോളജി വിദഗ്ധനും അമൃത ആശുപത്രിയിലെ ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസറുമായ ഡോ. നീരജ് സിദ്ധാർഥൻ പറഞ്ഞു. രക്തത്തിലെ ഓക്സിജൻ അളവ് കുറഞ്ഞ് ആശുപത്രി ചികിത്സ ആവശ്യമായി വന്നവരാണ് ഇക്കാര്യത്തിൽ കരുതലെടുക്കേണ്ടതെന്നു മലയാള മനോരമ സാന്ത്വനം പരിപാടിയിൽ ഡോ. നീരജ് പറഞ്ഞു.
കോവിഡ് മുക്തരായി ആശുപത്രി വിട്ട ശേഷം 2 മുതൽ 6 ആഴ്ചയ്ക്കിടയിൽ ചിലയാളുകളിൽ രക്തം കട്ട പിടിക്കാനുള്ള സാധ്യതയുണ്ട്. ആശുപത്രികളിൽ ‘ഡി ഡൈമർ’ പരിശോധന നടത്തി ഇതിനുള്ള സാധ്യത കണ്ടെത്താം. പരിശോധന വഴി കണ്ടെത്തുന്ന ‘ഹൈ റിസ്ക്’ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കു രക്തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്നുകൾ നൽകാറുണ്ട്. അനാവശ്യമായി ഇത്തരം മരുന്നുകൾ കഴിക്കുന്നതു ദോഷം ചെയ്യുമെന്നും ഡോക്ടർ പറഞ്ഞു.
വീട്ടിൽ അമിത ചികിത്സ വേണ്ട
വീട്ടിൽ ചികിത്സയിൽ കഴിയുന്ന പലരും അമിതമായ സ്വയം ചികിത്സയ്ക്ക് ഇപ്പോൾ താൽപര്യം കാണിക്കുന്നുണ്ട്. ഇതു ശരിയായ പ്രവണതയല്ല. ആശുപത്രിയിൽ ചികിത്സ ആവശ്യമുള്ളവർക്കു മാത്രമേ രക്തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്ന് കഴിക്കേണ്ടതുള്ളൂ. വീട്ടിൽ ചികിത്സയിൽ കഴിയുന്നവർ ഒരിക്കലും അത്തരം മരുന്നുകൾ കഴിക്കരുത്. ഡോക്ടറുടെ മാർഗ നിർദേശ പ്രകാരം മാത്രം കഴിക്കേണ്ടവയാണ് ഇത്തരം മരുന്നുകൾ. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകളുടെ അമിതോപയോഗം രക്തസ്രാവത്തിനു കാരണമാകും. ബ്ലാക്ക് ഫംഗസ് പോലുള്ള രോഗങ്ങളും അമിത ചികിത്സയുടെ ഭാഗമായി വരുന്നതാണെന്ന് ഓർക്കണം.
കാലിലെ നീര്, വേദന, ശ്വാസ തടസ്സം
കൊറോണ വൈറസ് നമ്മുടെ രക്തത്തിലും രക്തക്കുഴലുകളിലും മാറ്റമുണ്ടാക്കുന്നതാണു രക്തം കട്ടപിടിക്കാനുള്ള കാരണം. കോവിഡ് ബാധിതരായി ഐസിയുവിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ 20– 70% രോഗികൾക്കു രക്തം കട്ട പിടിക്കുന്ന പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. പലരിലും ഇതു മരണ കാരണമാകാറുമുണ്ട്്. കോവിഡ് മൂലമുള്ള ‘ഇമ്യൂണോ ത്രോംബോസിസ്’ മൂലം ഏതു പ്രധാന അവയവങ്ങളിലും രക്തം കട്ട പിടിക്കാം. കാലിലെയും ശ്വാസകോശത്തിലെയും രക്ത ധമനികളിലാണു പ്രധാനമായും ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത. കോവിഡ് ഗുരുതരമാകുന്ന പലരിലും ശ്വാസകോശത്തിൽ രക്തം കട്ട പിടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാം
കാലിൽ നീരും വേദനയും ഒരുമിച്ചു വരുന്നതാണു കാലിലെ ത്രോംബോസിസിന്റെ ലക്ഷണം. ശ്വാസകോശത്തിൽ രക്തം കട്ട പിടിക്കുന്നുണ്ടെങ്കിൽ ശ്വാസമുട്ടുണ്ടാകും. വയറിലാണെങ്കിൽ അസഹ്യമായ വയറുവേദനയുമുണ്ടാകും. തലച്ചോറിലേക്കുള്ള രക്തധമനികളിൽ രക്തം കട്ട പിടിച്ചാൽ പക്ഷാഘാതത്തിലേക്കു നീങ്ങാം.
English Summary : COVID related health issues