ADVERTISEMENT

കോവിഡുമായി ബന്ധപ്പെട്ടു കുട്ടികൾക്കിടയിലെ ആരോഗ്യ പ്രശ്നങ്ങൾ ഇപ്പോൾ കേരളത്തിലും കണ്ടു വരുന്നുണ്ട്. ശരീരത്തിലെ പല അവയവ വ്യവസ്ഥകളെയും ബാധിക്കുന്ന മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം– ചിൽഡ്രൻ (മിസ്ക്) ലോകത്തു കൂടുതലായി ബാധിച്ചത് ആഫ്രിക്കൻ വംശജരായ കുട്ടികളെയായിരുന്നു. എന്നാൽ ഇപ്പോൾ ലോകത്തിന്റെ പല ഭാഗത്തും ഈ അസുഖം കാണുന്നുണ്ട്.

കോവിഡ് ബാധയ്ക്കു ശേഷം ആഴ്ചകൾ കഴിഞ്ഞാണ് ഇതിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുക. ഹൃദയ പേശികളെയും രക്തധമനികളെയും ബാധിക്കുന്നതുകൊണ്ട് എക്കോ കാർഡിയോഗ്രഫി പരിശോധന രോഗ നിർണയത്തിന് ആവശ്യമാണ്. 9–10 വയസ്സ് പ്രായത്തിലുള്ളവർക്കാണ് ഈ അസുഖം കൂടുതലായി കാണുന്നത്. 70% പേർക്കും ഐസിയു പ്രവേശനം ആവശ്യമാണ്. എന്നാൽ ആശ്വാസകരമായ കാര്യം മരണ നിരക്ക് 2 ശതമാനത്തിൽ താഴെയാണ് എന്നുള്ളതാണ്. 

മാസ്ക് ധരിക്കുക, അകലം പാലിക്കുക തുടങ്ങിയ നിർദേശങ്ങൾ കുട്ടികളും പാലിക്കണം. കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെയാണു കൂടുതലായി ബാധിക്കുകയെന്ന വാദത്തിനു ശാസ്ത്രീയ അടിസ്ഥാനമില്ല. കുട്ടികൾക്കു നൽകുന്ന പല വാക്സീനുകളും കൊറോണയുൾപ്പെടെ മറ്റു പല വൈറസുകൾക്കുമെതിരെ പ്രതിരോധം നൽകിയേക്കാം. ആഗോള തലത്തിൽ തന്നെ കുട്ടികൾക്കു കോവിഡ് പ്രതിരോധ ശേഷി കൂടുതലാണെന്നു പുതിയ പഠനങ്ങൾ തെളിയിക്കുന്നു.

dr-sajan-koshy-health
ഡോ. സാജൻ കോശി

എങ്ങനെ തിരിച്ചറിയാം?

ആഗോള തലത്തിൽ കോവിഡ് ബാധിതരായ കുട്ടികളെ കുറിച്ചു പഠനം നടത്തിയപ്പോൾ അതിൽ ചിലർക്കു പനി, വയറിളക്കം, ഛർദി എന്നിവയ്ക്കൊപ്പം ഹൃദയപേശികൾ, വൃക്കകൾ, ത്വക്ക് എന്നിവയെയും വൈറസ് ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സാധാരണഗതിയിൽ കോവിഡ് ബാധിതനാകുമ്പോൾ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളാണു പ്രധാനമായുമുണ്ടാകുക. എന്നാൽ, ശരീരത്തിന്റെ മറ്റ് അവയവങ്ങളെയും ബാധിക്കുന്ന തരത്തിലുള്ള ലക്ഷണങ്ങളുണ്ടെങ്കിൽ ശ്രദ്ധിക്കണം.

(ആസ്റ്റർ മെഡ്സിറ്റിയിലെ പീഡിയാട്രിക് സർജറിസീനിയർ കൺസൽറ്റന്റ് ആണ് ലേഖകൻ)

English Summary : Multi system inflammatory syndrome in children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com