നാശം വിതയ്ക്കുന്ന ജന്തുജന്യ രോഗങ്ങൾ; 2019ൽ മറ്റൊരു മഹാമാരിയെ അഭിമുഖീകരിക്കേണ്ടിവന്നത് ദുഃസൂചന

Mail This Article
ഇന്നു ലോക ജന്തുജന്യ രോഗദിനം (World Zoonoses Day). ജന്തുക്കളിൽനിന്നു മനുഷ്യരിലേക്കു പകരുന്ന രോഗങ്ങൾക്ക് ‘Zoonoses’ എന്ന പദം ആദ്യമായി ഉപയോഗിച്ചതു ജർമൻ ഭിഷഗ്വരനും Social Medicine –ന്റെ പിതാവുമായ റുഡോൾഫ് വിർച്ചോ (Rudolf Virchow) ആയിരുന്നു. മനുഷ്യനിലേക്കു പകരുന്ന സാംക്രമിക രോഗങ്ങളിൽ (Infectious Diseases) 60 ശതമാനവും ജന്തുജന്യ രോഗങ്ങളാണെന്നു കണക്കാക്കുന്നു. ഇത്തരം ജന്തുജന്യ രോഗങ്ങൾമൂലം വർഷം 20 ലക്ഷം മരണങ്ങൾ ലോകത്തു സംഭവിക്കുന്നു എന്ന് യുഎൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭയാനകമായ രീതിയിൽ മനുഷ്യനെ ബാധിക്കുന്ന, മരണം സുനിശ്ചിതമായ പേവിഷബാധ(Rabies)ക്കെതിരെ ഫലപ്രദമായ പ്രതിരോധ വാക്സീൻ ആദ്യമായി മനുഷ്യനിൽ ഫ്രഞ്ച് ജീവശാസ്ത്രജ്ഞൻ ആയിരുന്ന ലൂയീസ് പാസ്റ്റർ കുത്തിവയ്പ് നൽകിയ ദിനമായിരുന്നു 1885 ജൂലൈ ആറാം തീയതി. ജന്തുജന്യ രോഗങ്ങൾക്കെതിരെയുള്ള ചരിത്രത്തിലെ ആദ്യത്തെ ഫലപ്രദ വാക്സിനേഷനായിരുന്നു അത്. ആ ചരിത്രസംഭവത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി ജൂൺ 6 ലോക ജന്തുജന്യ രോഗദിനമായി ലോകം മുഴുവൻ ആചരിക്കുന്നു.
ലോകമെമ്പാടുമുള്ള മനുഷ്യസമൂഹത്തിന്റെ ജീവനും സാമൂഹികാവസ്ഥയ്ക്കും സമ്പത്തിനും അതിദയനീയമായ രീതിയിൽ നാശം വിതയ്ക്കുവാൻ കെൽപ്പുള്ളവയാണ് പല ജന്തുജന്യ രോഗങ്ങളും; അല്ലെങ്കിൽ അത്തരം രോഗവ്യാപന ശേഷിയിലേക്ക് അവ പരിണമിച്ചിരിക്കുന്നു. കോവിഡ്–19 മഹാമാരിയിൽ (Pandemic) ലോകം മുഴുവൻ വിറങ്ങലിച്ചു നിൽക്കുന്ന ഈ വേളയിൽ നമുക്കിതിനു കൂടുതൽ തെളിവുകൾ വേണ്ട. 2019 നവംബർ 17ന് ചൈനയിലെ ഹ്യുബെ പ്രവിശ്യയിൽ കോവിഡ്–19 എന്നു സംശയിക്കുന്ന രോഗബാധ പത്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2020 ജനുവരി 3ന് ന്യുമോണിയ ലക്ഷണങ്ങളോടെ, അജ്ഞാതരോഗബാധിതരായി 44 രോഗികൾ ചൈനയിലുള്ളതായി ലോകാരോഗ്യ സംഘടനയെ (World Health Organization –WHO) ചൈന ഔദ്യോഗികമായി അറിയിച്ചു. 2020 ജനുവരി 7–ൽ പുതിയ തരത്തിലുള്ള കൊറോണ വൈറസിന്റെ (Novel Corona Virus) വ്യാപനം ചൈന സ്ഥിരീകരിക്കുന്നു. 2020 ജനുവരി 20ന് 282 കൊറോണ ബാധിതർ ചൈനയിലും രണ്ടുപേർ തായ‌്‌ലൻഡിലും ഒരാൾ ജപ്പാനിലും ഒരാൾ കൊറിയൻ റിപ്പബ്ലിക്കിലും ഉൾപ്പെടെ 286 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇപ്പോൾ ഒരു വർഷവും 4 മാസവും പിന്നിടുമ്പോൾ ലോകത്താകമാനം 18 കോടിയിലേറെ പോസിറ്റീവ് കേസുകളിലേക്കും 39 ലക്ഷത്തിലേറെ കോവിഡ് മരണത്തിലേക്കും കോവിഡ്–19 മഹാമാരി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. ചൈനയിലെ വവ്വാലുകളിൽനിന്ന് ഇന്നും അജ്ഞാതമായ ഒരു വാഹകജീവിയിലുടെ മനുഷ്യനിൽ ചേക്കേറിയ അപകടകാരിയായ ഒരു വൈറസ്ബാധയുടെ ഞെട്ടിക്കുന്ന കണക്കുകളാണിത്. ദുരിതം നിറഞ്ഞ മൂന്നാം തരംഗത്തിനു സമീപഭാവിയിൽ സാധ്യത ഏറെയാണ്.
നാശം പലവിധത്തിൽ
കോവിഡ്–19 മഹാമാരി ആഗോള സാമ്പത്തിക ഘടനയ്ക്കു വരുത്തിവച്ച ബാധ്യത വളരെ ആഴത്തിലുള്ളതാണ്. ഐഎംഎഫ് (International Monetary Fund) റിപ്പോർട്ട് ചെയ്ത കണക്കുകളിൽനിന്ന് നമുക്കതു വ്യക്തമായി മനസ്സിലാക്കാം. കോവിഡ്–19 മൂലം ഏകദേശം 9 ലക്ഷം കോടി ഡോളറിന്റെ നഷ്ടം ലോക സമ്പദ്‌വ്യസ്ഥയ്ക്ക് ഉണ്ടായിട്ടുണ്ട് എന്ന് ഐഎംഎഫ് റിപ്പോർട്ട് ചെയ്യുന്നു. 21–ാം നൂറ്റാണ്ടിന്റെ (എഡി 2000 മുതൽ 2100 വരെയുള്ള കാലം) ആദ്യപാദത്തിൽ ലോകം മുഴുവൻ പടർന്നുപിടിച്ച ഒരു മഹാവ്യാധിയായിരുന്നു പന്നിപ്പനി എന്നറിയപ്പെടുന്ന H1N1. 2009ൽ അമേരിക്കയിൽനിന്ന് ആരംഭിച്ച് ലോകം മുഴുവൻ വ്യാപിച്ച H1N1നെ WHO നൂറ്റാണ്ടിലെ ആദ്യത്തെ മഹാമാരി (Pandemic) ആയി അംഗീകരിച്ചു. അനൗദ്യോഗിക കണക്കുകൾ പ്രകാരം 140 കോടി ജനങ്ങളെ ബാധിച്ച പന്നിപ്പനി 2 ലക്ഷത്തിൽപരം മരണങ്ങൾക്കു കാരണമായി എന്നു കണക്കാക്കുന്നു. ഈ മഹാമാരിയെതുടർന്ന് 500 കോടി ഡോളറിലേറെ നഷ്ടം അമേരിക്കയ്ക്കു മാത്രം സംഭവിച്ചു എന്നത്, ഈ മഹാമാരിയുടെ സാമ്പത്തിക ബാധ്യതയെ ലോകത്തിനു മുൻപിൽ ദൃശ്യമാക്കുന്നു. 2009നുശേഷം വെറും 10 വർഷങ്ങൾക്കിപ്പുറം 2019ൽ ലോകം വീണ്ടും മറ്റൊരു മഹാമാരിയെ അഭിമുഖീകരിക്കേണ്ടിവരിക എന്നത് ദുഃസൂചനയാണ്.
വ്യാധികൾ പലവിധം
1980നും 2013നും ഇടയ്ക്ക് 12000ഓളം തവണ വ്യത്യസ്ഥമായ പകർച്ചവ്യാധികൾ ലോകമാകമാനം പൊട്ടിപ്പുറപ്പെട്ടതായി WHO റിപ്പോർട്ട് ചെയ്യുന്നു. 440 ലക്ഷത്തോളം ജനങ്ങളെ ബാധിച്ച ഈ പകർച്ചവ്യാധികളിൽ SARS, MERS, പക്ഷിപ്പനി, പന്നിപ്പനി തുടങ്ങിയ ജന്തുജന്യ രോഗങ്ങൾ മൂലം ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് 10000 കോടിയിലധികം യുഎസ് ഡോളറിന്റെ നഷ്ടം സംഭവിച്ചിട്ടുണ്ട് എന്ന് UNEP റിപ്പോർട്ട് ചെയ്യുന്നു. ആധികരിക്കുന്ന പുതിയ ജന്തുജന്യ രോഗങ്ങൾ, വളരെ ഉയർന്ന അവയുടെ വ്യാപനശേഷി, അതുമൂലം മനുഷ്യസമൂഹത്തിനുണ്ടാകുന്ന സാമ്പത്തികവും സാമൂഹികവും ജൈവീകവുമായ പ്രതിസന്ധികൾ തുടങ്ങിയവയ്ക്കുള്ള കാരണങ്ങൾ എന്തെന്നു നമുക്കൊന്നു പരിശോധിക്കാം.
21–ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വർധനവിനെ സംബന്ധിച്ച് IPCC (Intergovernmental Panel on Climatic Change) നടത്തിയ പ്രവചനങ്ങൾ ആശങ്കാദജനകമാണ്. ഈ നൂറ്റാണ്ടിന്റെ അവസാനം 1.8 ഡിഗ്രി സെൽഷ്യസ് മുതൽ മുതൽ 4ഡിഗ്രി സെൽഷ്യസ് വരെ ശരാശരി അന്തരീക്ഷ താപനിലയിൽ വർധനവുണ്ടാകാം എന്ന് IPCC റിപ്പോർട്ട് ചെയ്യുന്നു. ഉയരുന്ന താപനില കൊതുകുകൾ, ചെള്ളുകൾ, സാന്റ്ഫ്ളൈ തുടങ്ങിയ രോഗാണുവാഹകരായ ഷഡ്പദങ്ങൾക്കു വളരെ അനുകൂലമാകാം എന്നു പഠനങ്ങൾ പറയുന്നു. ഉയർന്ന താപനിലയിൽ രോഗവാഹകരായ ഷഡ്പദങ്ങളിൽ പ്രത്യുൽപാദന നിരക്കിൽ വർധനവുണ്ടാകുന്നതായും, അവ മനുഷ്യനിൽനിന്നു രക്തം വലിച്ചെടുക്കുന്നതിന്റെ തോതിൽ വർധനവ് ഉണ്ടാകുന്നതായും പഠനങ്ങൾ പറയുന്നു. ഇത്തരം ഷഡ്പദങ്ങളുടെ ശരീരത്തിനകത്തു രൂപാന്തരം പ്രാപിക്കുന്ന രോഗാണുക്കളുടെ "maturation" വേഗത്തിലാക്കാൻ ഉയർന്ന താപനില സഹായകമാവും എന്നു പഠനങ്ങൾ പ്രസ്താവിക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം വളരെ പെട്ടെന്നു തീവ്രതയോടെ പെയ്യുന്ന മഴയും, വരൾച്ചയും രോഗാണുവാഹകരായ ഷഡ്പദങ്ങൾക്കു സഹായകമാവാം. വരൾച്ച മൂലം വറ്റിവരളുന്ന നദിയിൽ ജലം ചെറി പോക്കറ്റുകളായി മാറുന്നതു കൊതുകുകളുടെ പെരുകലിനു കാരണമായി മാറുന്നു. 2018ൽ ലോകത്താകമാനം 2280 ലക്ഷം മലേറിയ രോഗികൾ ഉണ്ടായതായും അതുമൂലം 4 ലക്ഷം മരണങ്ങൾ സംഭവിച്ചതായും WHO റിപ്പോർട്ട് ചെയ്യുന്നു.
ജന്തുക്കളുടെ വഴിയേ...
മനുഷ്യന്റെ കടന്നുകയറ്റം മൂലം നശിച്ചുകൊണ്ടിരിക്കുന്ന വനങ്ങളും വന്യമൃഗങ്ങളുമായുള്ള വർധിച്ച ഇടപെടലുകളും, അവയുടെ മാംസം ഭക്ഷണമാക്കുന്നതും വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്കുണ്ടാവുന്ന ശോഷണവും പുതിയ തരത്തിലുള്ള ജന്തുജന്യ രോഗബാധയിലേക്കു മനുഷ്യനെ നയിക്കുന്നു. ഗൊറില, ചിമ്പാൻസി, കാണ്ടാമൃഗം, വെരുക്, മുതല, പാമ്പുകൾ, തവള, വവ്വാലുകൾ, എലികൾ, കാട്ടുപന്നികൾ, പഗോളിൻ, പലതരം പക്ഷികൾ, തുടങ്ങി ഒട്ടേറെ കാട്ടുമൃഗങ്ങളെ ഭക്ഷണത്തിനായി ഉപയോഗിക്കുന്നതു ചൈനയെപ്പോലുള്ള ഏഷ്യൻ രാജ്യങ്ങളിൽ സാധാരണമാണ്. ഇവയുടെ പരിപാലനവും മാംസ ഉപഭോഗവും പുതിയ തരത്തിലുള്ള ജന്തുജന്യ രോഗബാധകളിലേക്കു മനുഷ്യനെ നയിക്കാം. ആഗോള തലത്തിൽ ഉയർന്നുവരുന്ന മനുഷ്യന്റെ മാംസ ഉപഭോഗം ഇതിനോടൊപ്പം കൂട്ടിച്ചേർത്തു വായിക്കേണ്ടതാണ്. 2020ൽ 3500 ലക്ഷം ടൺ മാംസം മനുഷ്യൻ ഭക്ഷണത്തിനുപയോഗിച്ചിരുന്നു എങ്കിൽ 2050ൽ അത് 4600 ലക്ഷം ടൺ ആയി ഉയരും എന്നു പഠനങ്ങൾ വ്യക്തമാക്കുന്നു.
അമിതമായാൽ ആന്റിബയോട്ടിക്കിക്കും
ആധുനിക വൈദ്യശാസ്ത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു ആന്റിബയോട്ടിക്കുകളുടെ കണ്ടുപിടിത്തം. മനുഷ്യരാശിയെ വെല്ലുവിളിച്ച ഭയാനക രോഗങ്ങളെ തടയാൻ നമുക്കു ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കൊണ്ടു സാധിച്ചു. എന്നാൽ ഇന്ന് ആന്റിബയോട്ടിക്കുകളുടെ നിയന്ത്രണമില്ലാത്ത ഉപയോഗം, അവയ്ക്കെതിരെ പ്രതിരോധം തീർക്കുന്ന രോഗാണുക്കളുടെ എണ്ണത്തിലെ വർധനവിലേക്കു വഴിതെളിച്ചു. ഭക്ഷണത്തിനായി വളർത്തുന്ന കോഴി ഉൾപ്പെടെയുള്ള മൃഗങ്ങളിൽ, തൂക്കത്തിനും കുടുതൽ വേഗത്തിലുള്ള വളര‍്ച്ചയ്ക്കുമായി നിയന്ത്രണങ്ങളില്ലാതെ ആന്റിബയോട്ടിക്സ് ഉപയോഗിക്കുന്നത്, ആന്റിബയോട്ടിക്ക് റിസിസ്റ്റൻസ് ഉള്ള പുതിയ രോഗാണുക്കളുടെ രുപീകരണത്തിനു കാരണമാകുന്നു. ഇത്തരം മൃഗങ്ങളെ ഭക്ഷണമാക്കുമ്പോൾ, അവയിൽനിന്നും ആന്റിബയോട്ടിക് തന്മാത്രകൾ നമ്മുടെ ശരീരത്തിലേക്കു പ്രവേശിക്കുകയും ചിലവ ശരീരത്തിലെ കൊഴുപ്പു കോശങ്ങളിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നു. ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ അപകടകാരികളായ പുതിയ രോഗാണുക്കളുടെ രൂപീകരണത്തിനു കാരണമാകുന്നു.
ഏകലോകം ഏകാരോഗ്യം
കോവിഡ്–19, SARS, H1N1 തുടങ്ങിയ മഹാമാരികൾ മനുഷ്യസമൂഹത്തിന്റെ വിവിധ മേഖലകളെ തകർത്തെറിഞ്ഞപ്പോൾ പുതിയ ചിന്തകളിലേക്കും വിചിന്തനങ്ങളിലേക്കും ലോകസമൂഹം കടന്നുപോയി. കോവിഡ്–19 മഹാമാരിയെ നാം നേരിടുമ്പോൾ, അതനുഭവിക്കുന്ന രോഗിക്കു മാത്രമല്ല ചികിൽസയെന്നും, വൈറസിന്റെ വ്യാപനത്തിനു കാരണമായ വവ്വാലുകളുടെ ആവാസ വ്യവസ്ഥാ ശോഷണവും അവയുടെ വംശനാശ ഭീഷണികളുടെ കാരണങ്ങളും പഠിക്കണമെന്ന ഉൾക്കാഴ്ച മനുഷ്യന് അനുഭവവേദ്യമായിടത്താണ് ഏകലോകം ഏകാരോഗ്യം എന്ന ചിന്തയുടെ രൂപവൽക്കരണം സാധ്യമായത്.
മനുഷ്യന്റെ ആരോഗ്യവും പരിസ്ഥിതിയുടെ ആരോഗ്യവും തന്റെ ചുറ്റുമുള്ള മൃഗങ്ങളുടെ ആരോഗ്യവും പരസ്പരബന്ധിതമാണെന്നും മൂന്നു ഘടകങ്ങളും സന്തുലമായി നിലനിന്നാൽ മാത്രമേ അതിൽ ഒന്നായ മനുഷ്യനു നിലനില്പുള്ളൂ എന്ന തിരിച്ചറിവാണ് ഏകലോകം ഏകാരോഗ്യം എന്ന സങ്കൽപ്പം.
ഏറ്റവും നൂതനമായ ശാസ്ത്രസാങ്കേതികവിദ്യകളും വാർത്താവിനിമയ ഉപാധികളും മനുഷ്യവിഭവശേഷിയും ഒത്തൊരുമിച്ച് കൊറോണ വൈറസിനെതിരെ അതിജീവനത്തിനായി പോരാട്ടം നടത്തുന്ന ഈ വേളയിൽ, ആരോഗ്യമുള്ള പരിസ്ഥിതിയെയും ജീവജാലങ്ങളുടെയും പ്രാധാന്യം കൂടി നമ്മെ ഓർമിപ്പിക്കുന്നു, ലൂയീസ് പാസ്റ്ററിന്റെ സ്മരണ ജ്വലിപ്പിക്കുന്ന ഈ വർഷത്തെ ലോക ജന്തുജന്യ രോഗദിനം.
English Summary : World Zoonoses Day