ADVERTISEMENT

ഗർഭാശയഭിത്തിയിലെ പേശീകോശങ്ങളിൽ രൂപപ്പെടുന്ന അർബുദഭീതിയുണ്ടാക്കാത്ത വസ്തുക്കളാണ് ഫൈബ്രോയ്ഡുകൾ അഥവാ നാരുകൾ. ഇവ വളരെ ചെറുതായും ചിലപ്പോൾ വലുതായും കാണപ്പെട്ടേക്കാം. ഒന്നിലധികം ഫൈബ്രോയ്ഡുകൾ കാണപ്പെടുന്ന നിരവധി അനുഭവങ്ങളുണ്ട്. സാധാരണഗതിയിൽ ഇവ അർബുദമായി മാറുവാൻ സാധ്യതയില്ലെങ്കിലും വളരെ അപൂർവമായി അർബുദമായും മാറിയേക്കാം. എന്നാൽ ഗർഭാശയ അർബുദത്തിനുള്ള സാധ്യത ഇവ വർധിപ്പിക്കുന്നില്ല. 

ജീൻ ജാക്വസ് മെർലൻഡ് എന്ന റേഡിയോളോജിസ്റ്റ് 1974 ൽ പാരീസിൽ വച്ച് ഗർഭാശയധമനിയുടെ എംബോലൈസേഷൻ വിജയകരമായി നടത്തി. ഗർഭാശയത്തിൽ അതിസങ്കീർണമായവിധം ഫൈബ്രോയ്ഡുകൾ (നാരുകൾ) ഉള്ളതിനാൽ ഭേദമാക്കാനാവാത്തവിധം രക്തസ്രാവമുണ്ടായിരുന്ന ഒരു സ്ത്രീയിലാണ് ജീൻ ജാക്വസ് നടത്തിയ ശ്രമം വിജയിച്ചത്. 

ലക്ഷണങ്ങൾ 

ഗർഭാശയത്തിൽ ഫൈബ്രോയ്ഡുകളുള്ള സ്ത്രീകൾക്ക് അതിന്റേതായ യാതൊരുവിധ സൂചനകളോ രോഗലക്ഷണങ്ങളോ പ്രത്യക്ഷത്തിൽ അനുഭവപ്പെടാറില്ല.  അഥവാ അനുഭവപ്പെട്ടാലും അവ അസഹനീയമാകാറുമില്ല. രോഗബാധയുണ്ടോയെന്ന് മനസ്സിലാക്കുവാൻ സൂക്ഷ്മനിരീക്ഷണം നടത്തി കാത്തിരിക്കണം.

Print

പൊതുലക്ഷണങ്ങൾ 

∙ വിളർച്ച, ഇടുപ്പ് വേദന, രക്തസമ്മർദ്ദം എന്നിവയ്ക്ക് കാരണമാകാനിടയുള്ള വിധത്തിൽ സംഭവിക്കുന്ന തീവ്രമായതോ കൂടുതൽ ദിവസം നീണ്ടു നിൽക്കുന്നതോ ആയ ആർത്തവകാലം  

∙ ഫൈബ്രോയ്ഡുകളുടെ സമ്മർദം മൂലം ഉണ്ടാകുന്ന ഇടുപ്പുകളിലെയോ കാലുകളിലെയോ വേദന 

∙ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അനുഭവപ്പെടുന്ന വേദന 

∙ ഇടവിട്ട് തുടർച്ചയായി മൂത്രമൊഴിക്കുവാനുള്ള തോന്നൽ, മൂത്രമൊഴിക്കൽ എന്നിവയ്ക്ക് കാരണമാകുന്ന വിധത്തിലുണ്ടാകുന്ന മൂത്രസഞ്ചിയിലെ സമ്മർദം 

∙ കുടലിലെ മർദ്ദം മൂലമുണ്ടാകുന്ന മലബന്ധവും വയർ കമ്പിക്കലും

∙ അസാധാരണമായി വയർ വലുതാകുന്നത്

Print

പ്രാഥമിക പരിശോധനകൾ 

ഗർഭാശയ ഫൈബ്രോയ്ഡുകളെ തിരിച്ചറിയുവാനുള്ള ആദ്യ പടി അൾട്രാസൗണ്ട് സ്കാനിങ്ങാണ്‌. എന്നാൽ എംആർഐ സ്കാനിങ് രോഗാവസ്ഥ മനസ്സിലാക്കുവാനും സ്ഥിരീകരിക്കുവാനും ഉള്ള എളുപ്പ വഴിയാണ്. ഇത് അസാധരണമായ രക്തസ്രാവത്തിന്റെയും ഇടുപ്പ് വേദനയുടെയും ശരിയായ കാരണം കണ്ടുപിടിക്കുന്നതിന് സഹായിക്കുന്നു. 

ചികിത്സാരീതികൾ 

∙ പരമ്പരാഗത മാർഗങ്ങൾ 

∙ അബ്‌ഡൊമിനൽ മയോമെക്ടമി

∙ ഹിസ്റ്റെറെക്ടമി

∙ നോൺ ഇൻവേസിവ് പ്രൊസീജേൃഴ്സ്  

∙ എംആർഐ ഗൈഡഡ് ഫോക്കസ്ഡ് അൾട്രാസൗണ്ട് സർജറി (FUS )

∙ മിനിമൽ ഇൻവേസിവ് പ്രൊസീജേഴ്സ്

∙ ഗർഭാശയ ധമനി  എംബോലൈസേഷൻ

∙ റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ

∙ താക്കോൽ ദ്വാരത്തിലൂടെയോ റോബോട്ടുകൾ വഴിയോ നടത്തുന്ന മയോമെക്ടമി

∙ ഹിസ്റ്ററോസ്കോപിക്  മയോമെക്ടമി

∙ എൻഡോമെട്രിയൽ അബ്ലേഷൻ

ഫൈബ്രോയ്ഡ് എംബലൈസേഷൻ എന്നാലെന്ത്?

ഗർഭാശയ ധമനി എംബലൈസേഷൻ എന്ന പേരിൽ അറിയപ്പെടുന്ന ഫൈബ്രോയ്ഡ് എംബലൈസേഷന്റെ ഏറ്റവും വലിയ പ്രതേൃകത ഇത് ശസ്ത്രക്രിയ ഇല്ലാതെ നടത്തുന്ന ഒരു ചികിത്സയാണെന്നുള്ളതാണ്. ഒരു പെൻസിൽ മുനയുടെ അത്രയും ചെറിയ അടയാളം മാത്രമേ ഇത് വഴി ഉണ്ടാവുകയുള്ളൂ. രോഗി സുബോധത്തോടെയായിരിക്കുമ്പോഴാണ് ഇത് ചെയ്യുന്നത്. വേദനയും ക്ഷീണവും അനുഭവപ്പെടാത്തവിധം മയക്കത്തിലായിരിക്കുമെന്നു മാത്രം. ഇത് ചെയ്യുന്നത് ഒരു ഫിസിഷന്റെയും ആശ്വാസദായകമായ ഉപകരണങ്ങളുടെയും സഹായത്തോടെ ഒരു റേഡിയോളജിസ്റ്റാണ്.

Print

റേഡിയോളോജിസ്റ്റ് ഞരമ്പിന്റെ പുറത്തെ ചർമത്തിൽ ചെറിയ ഒരു മുറിവ് ഉണ്ടാക്കുന്നു. അതിലൂടെ കത്തീറ്റർ എന്ന് വിളിക്കുന്ന ഒരു ചെറിയ ട്യൂബ്  ധമനിയിലേക്ക് കടത്തുന്നു. കത്തീറ്റർ ധമനികളിലൂടെ ഗർഭപാത്രത്തിലേക്ക് കടത്തി വിടുന്നത് റേഡിയോളോജിസ്റ്റ് എക്സ് റേയുടെ സഹായത്തോടെ നിരീക്ഷിച്ചുകൊണ്ടിരിക്കും. ഫൈബ്രോയ്ഡിന് രക്തം നൽകുന്ന ധമനികൾ  നശിപ്പിച്ചുകളയുകയാണ് റേഡിയോളോജിസ്റ്റ് ചെയ്യുന്നത്. അതിനായി മണൽത്തരികളുടെ വലുപ്പമുള്ള പോളിവിനൈൽ കണങ്ങളോ ജെലാറ്റിൻ സ്‌പോഞ്ച്‌ കണങ്ങളോ റേഡിയോളോജിസ്റ്റ് കത്തീറ്റർ യഥാസ്ഥാനത്ത് എത്തിക്കഴിയുമ്പോൾ കുത്തിവയ്ക്കുന്നു. ഈ കണങ്ങൾ ഫൈബ്രോയ്ഡിലേക്കുള്ള രക്തപ്രാവാഹത്തെ തടഞ്ഞ് അവ ചുരുങ്ങുവാൻ ഇടയാക്കുന്നു. 

ശസ്ത്രക്രിയ വഴി ഗർഭാശയത്തെ നീക്കം ചെയ്യാൻ താല്പര്യമില്ലാത്ത രോഗലക്ഷണ ഫൈബ്രോയ്ഡുകൾ ഉള്ള സ്ത്രീകൾക്ക് ഏറ്റവും ഉചിതമായ ചികിത്സാരീതിയാണിത്.

Photo credit :  Alona Siniehina / Shutterstock.com
Photo credit : Alona Siniehina / Shutterstock.com

മുന്നൊരുക്കങ്ങൾ 

രോഗിയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളും മുൻരോഗ ചരിത്രവും അറിയാവുന്നതോടൊപ്പം പൂർണമായ ശാരീരികപരിശോധനയും നടത്തേണ്ടതുണ്ട്. അതോടൊപ്പം പ്രസവചികിത്സയിൽ മികവുള്ള ഒരു ഡോക്ടർ നടത്തുന്ന പരിശോധനയും വേണം. അടുത്തകാലത്തായി നടത്തിയ ഗർഭാശയമുഖ അർബുദ പരിശോധനയുടെ ഫലവും ഉണ്ടാവണം. രക്തസ്രാവമുള്ള സ്ത്രീകൾക്ക് എൻഡോമെട്രിയൽ ബയോപ്സിയും നടത്തണം. ഇവയ്‌ക്കെല്ലാം പുറമെ ഗർഭാശയ ഫൈബ്രോയ്ഡുകൾ ഉണ്ടെന്ന് വ്യക്തമാക്കുന്ന സ്‌കാനിങ് റിപ്പോർട്ടും വേണ്ടതാണ്. 

ദൂഷ്യഫലങ്ങൾ 

ചികിത്സ നേടിയവർക്ക് ഇടുപ്പ് വേദനയ്ക്കോ, ഗർഭധാരണ തടസ്സത്തിനോ ഇത് കാരണമായേക്കും.

നേട്ടങ്ങൾ 

പഠനങ്ങൾ അനുസരിച്ച് ഈ ചികിത്സാരീതി 85 % വിജയസാധ്യതയുള്ളതാണ്. ഇത് രക്തസ്രാവത്തെ കുറയ്ക്കുകയും അനുബന്ധ വേദനകളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ചികിത്സ സ്വീകരിച്ച നല്ലയൊരു വിഭാഗം സ്ത്രീകളും രോഗ തീവ്രത വളരെ പെട്ടെന്ന് കുറഞ്ഞുവെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ ശസ്ത്രക്രിയയുടെ സങ്കീർണതകളില്ലാത്തതിനാൽ അടുത്തദിവസം മുതൽതന്നെ ദൈനം ദിന ജോലികളിൽ ഏർപ്പെടാൻ കഴിയുന്നത് വലിയ നേട്ടമാണ്. ഗർഭധാരണത്തിനുള്ള സ്ത്രീകളുടെ ശേഷിയെ ഏതെങ്കിലും വിധത്തിൽ ഫൈബ്രോയ്ഡ് എംബലൈസേഷൻ ഇല്ലാതാക്കുമെന്ന് നാളിതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ഒരു രാത്രി മാത്രം നീളുന്ന ആശുപത്രിവാസം കൊണ്ട് ചികിത്സ നേടി തിരിച്ചു പോകാവുന്നതാണ്. പൂർണ സുഖം പ്രാപിക്കുവാൻ ഒന്നോ രണ്ടോ ആഴ്ച വേണ്ടി വന്നേക്കാം, ചിലരുടെ കാര്യത്തിൽ അല്പം കൂടി നീണ്ടുപോയേക്കാം. താരതമേൃന സുരക്ഷിതമായ ചികിത്സാരീതിയായാണ് ഫൈബ്രോയ്ഡ് എംബലൈസേഷനെ കണക്കാക്കിപ്പോകുന്നത്. 45 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് ആർത്തവവിരാമത്തിന് ഇത് കാരണമായേക്കാം. മിക്കവാറും ഇൻഷുറൻസ് കമ്പനികൾ ഈ ചികിത്സയ്ക്ക് പണം നൽകുന്നുണ്ട്. 

ഫൈബ്രോയ്ഡുകളെ ഇല്ലാതാക്കുവാൻ നടത്തുന്ന ഈ ചികിത്സക്ക് സുഖം പ്രാപിക്കുവാൻ ഒരാഴ്ച മതിയാകുമെന്നിരിക്കിലും യോനി സ്രവം പോലുള്ളവ നിലയ്ക്കാൻ കൂടുതൽ ആഴ്ചകൾ വേണ്ടി വന്നേക്കാം. ഈ ചികിത്സയ്ക്ക് ശേഷവും നിരവധി സ്ത്രീകൾ ഗർഭിണികളായിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. 

ഫൈബ്രോയ്ഡുകൾ ചികിത്സയ്ക്ക് ശേഷവും ഉണ്ടാകുവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ചികിത്സ ആവശ്യമില്ലാത്ത നേർത്ത ഫൈബ്രോയ്ഡുകളും ചിലപ്പോൾ ഉണ്ടായെന്ന് വരാം. ഇതര ചികിത്സാരീതികൾ സ്വീകരിക്കുമ്പോഴും ഇതിനുള്ള സാധ്യതയുണ്ട്.

dr-rajesh
ഡോ. രാജേഷ് ആന്റണി

ഗർഭാശയ ഫൈബ്രോയ്ഡുമായി ബന്ധപ്പെട്ട ഏറ്റവും സുരക്ഷിതവും ശസ്ത്രക്രിയാരഹിതവും അനുദിനം പ്രചാരം നേടികൊണ്ടിരിക്കുന്നതുമായ ഒരു ചികിത്സാരീതിയായി ഗർഭാശയ ധമനി എംബലൈസേഷൻ മാറി കഴിഞ്ഞു. രോഗികൾക്ക് സന്തോഷവും സമാധാനവും കൊടുക്കുന്നു എന്നത് മാത്രമല്ല അതീവ സുരക്ഷയും പ്രയോജനവും നൽകുവാൻ ഇതിനു സാധിക്കുന്നു എന്നത് കൊണ്ടും വളരെ കുറഞ്ഞ നാളുകൾക്കകം ഈ ചികിത്സാരീതി ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. മുറിവുകൾ ഉണ്ടാക്കാതെ ഗർഭാശയ ധമനി എംബലൈസേഷൻ ഭയമില്ലാതെ നടത്താവുന്ന ഒരു ചികിത്സാരീതിയാണ്.  

ഡോ. രാജേഷ് ആന്റണി
സീനിയർ കൺസൽറ്റന്റ്, ഇന്റർവെൻഷണൽ റേഡിയോളജി
പാല മാർ സ്ലീവ മെഡിസിറ്റി

English Summary : Ovarian cyst: Symptoms and treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com