ADVERTISEMENT

കോവിഡ് രോഗമുക്തരായവരുടെ രക്തത്തിലെ പ്ലാസ്മയില്‍ നിന്നെടുക്കുന്ന ആന്‍റിബോഡികള്‍ ഉപയോഗിച്ചുള്ള പ്ലാസ്മ ചികിത്സ കോവിഡ് രോഗികള്‍ക്ക് നല്‍കരുതെന്ന് ലോകാരോഗ്യ സംഘന. ഇത് രോഗികളുടെ അതിജീവന ശേഷി ഉയര്‍ത്തുമെന്നോ വെന്‍റിലേറ്ററുകളുടെ ആവശ്യം കുറയ്ക്കുമെന്നോ സംബന്ധിച്ച് തെളിവുകളില്ലെന്നും ഡബ്യുഎച്ച്ഒ അറിയിച്ചു. 

 

രോഗമുക്തരുടെ ശരീരത്തില്‍ നിന്നെടുക്കുന്ന ആന്‍റിബോഡികള്‍ കോവിഡ് രോഗികളുടെ ശരീരത്തിലെ കൊറോണ വൈറസിനെ നിര്‍ജ്ജീവമാക്കുമെന്നും അവ പെരുകുന്നത് തടയുമെന്നും അത് വഴി ശരീരത്തിലെ കോശങ്ങള്‍ക്കുണ്ടാകുന്ന ക്ഷതം കുറയ്ക്കുമെന്നുമാണ് കരുതിയിരുന്നത്. ഇന്ത്യയില്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ കോവിഡ് രോഗികളില്‍  കോണ്‍വാലസന്‍റ് പ്ലാസ്മ തെറാപ്പി പരീക്ഷിക്കുകയും ചെയ്തിരുന്നു. 

 

എന്നാല്‍ ചെലവ് കൂടിയതും ദീര്‍ഘനേരം എടുക്കുന്നതുമായ ഈ ചികിത്സ കൊണ്ട് പറയത്തക മെച്ചമില്ലെന്നാണ് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. തീവ്ര കോവിഡ് രോഗികള്‍ അല്ലാത്തവരില്‍ പ്ലാസ്മ തെറാപ്പി ഉപയോഗിക്കരുതെന്ന് രാജ്യാന്തര തലത്തിലുള്ള ആരോഗ്യ വിദഗ്ധരുടെ പാനല്‍ ശക്തമായി ശുപാര്‍ശ ചെയ്യുന്നതായി പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു. പരീക്ഷണത്തിന്‍റെ ഭാഗമായി അല്ലാതെ തീവ്രമായ കോവിഡ് അണുബാധ ബാധിച്ചവരിലും ഇത് ഉപയോഗിക്കരുതെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. 

 

തീവ്ര കോവിഡ് ബാധിതരും അല്ലാത്തവരുമായ 16,236 രോഗികളെ ഉള്‍പ്പെടുത്തി നടത്തിയ 16 പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വിദഗ്ധരുടെ ഈ നിര്‍ദ്ദേശം. ഈ ശുപാര്‍ശകള്‍ ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

English Summary : WHO advises against blood plasma treatment for COVID-19 patients

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com