ആര്‍ത്തവസമയത്ത് അമിതമായ രക്തസ്രാവമോ ? തേടാം ഈ പരിഹാര മാര്‍ഗങ്ങള്‍
Mail This Article
ആര്‍ത്തവ സമയത്ത് അമിതമായ രക്തസ്രാവം മൂലമുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്ന നിരവധി സ്ത്രീകളുണ്ട്. ദൈനം ദിന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഈ അമിത രക്തസ്രാവം സ്ത്രീകളുടെ തൊഴില്‍ദിനങ്ങളും നഷ്ടപ്പെടുത്തുന്നു. ശരീരം ദുര്‍ബലമാകാനും വിളര്‍ച്ചയുണ്ടാകാനും ഇത് കാരണമാകും. ഗര്‍ഭപാത്രത്തിന് പ്രശ്നങ്ങളൊന്നും ഇല്ലാതിരിക്കേ തന്നെ ഇത്തരത്തില്‍ അമിതമായി രക്തസ്രാവം ഉണ്ടാകുന്ന അവസ്ഥയ്ക്ക് ഡിസ്ഫങ്ഷണല്‍ യൂട്ടെറിന്‍ ബ്ലീഡിങ് അഥവാ അനോവ്യുലേറ്ററി ബ്ലീഡിങ് എന്ന് പറയുന്നു. 30കളിലും 40 കളിലുമുള്ള പല സ്ത്രീകളും ഇത് അനുഭവിക്കുന്നവരാണ്.
സാധാരണ ആര്‍ത്തവ ചക്രത്തില്‍ നിന്ന് വ്യത്യസ്തമാണ് അനോവ്യുലേറ്ററി ബ്ലീഡിങ്. സാധാരണ ആര്‍ത്തവ ചക്രം ആരംഭിച്ചതായുള്ള സന്ദേശം നല്‍കുന്നത് ഹോര്‍മോണുകളാണ്. ഈ സാധാരണ ആര്‍ത്തവ ചക്രത്തിലെ ഹോര്‍മോണ്‍ സന്ദേശങ്ങള്‍ തടസ്സപ്പെടുമ്പോഴാണ് ഡിസ്ഫങ്ഷണല്‍ യൂട്ടെറിന്‍ ബ്ലീഡിങ് ആരംഭിക്കുന്നത്. ഒന്നിടവിട്ട് കനത്തതും ലഘുവായതുമായ ആര്‍ത്തവങ്ങളുണ്ടാകുക, ആര്‍ത്തവ സമയത്തല്ലാതെ രക്തസ്രാവമുണ്ടാകുക, ആര്‍ത്തവചക്രം ദൈര്‍ഘ്യമേറിയതോ ദൈര്‍ഘ്യം കുറഞ്ഞതോ ആവുക എന്നിവയെല്ലാം ഇതിന്‍റെ ഭാഗമായി സംഭവിക്കാം.
ഡിസ്ഫങ്ഷണല്‍ യൂട്ടെറിന്‍ ബ്ലീഡിങ് തന്നെയാണോ രക്തസ്രാവത്തിന് കാരണമെന്നറിയാന്‍ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്‍സല്‍ട്ട് ചെയ്യാം. സോണോഗ്രാഫി പരിശോധനയിലൂടെ ട്യൂമറോകളോ അര്‍ബുദ കോശങ്ങളോ ഒന്നുമല്ല രക്തസ്രാവത്തിന്‍റെ കാരണമെന്ന് ഉറപ്പിക്കാവുന്നതാണ്. ദീര്‍ഘകാലമുള്ള ഹോര്‍മോണ്‍ ചികിത്സ, ഇടയ്ക്കിടെയുള്ള ക്യുറട്ടാഷ് പ്രക്രിയ, ഗര്‍ഭപാത്രം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യല്‍ തുടങ്ങിയ ചികിത്സകള്‍ ഉണ്ടെങ്കിലും അവയ്ക്കെല്ലാം അപകട സാധ്യതകളും സങ്കീര്‍ണതകളും ഉണ്ട്.
എന്നാല്‍ ഇവയൊന്നുമില്ലാതെ കനത്ത രക്തസ്രാവത്തെ നിയന്ത്രിക്കാനുള്ള രണ്ട് ലളിതമായ മാര്‍ഗങ്ങള്‍ പരിചയപ്പെടുത്തുകയാണ് ദ ഹെല്‍ത്ത്സൈറ്റ്.കോമിന് നല്‍കിയ അഭിമുഖത്തില്‍ മുംബൈ ജസ്ലോക് ആന്‍ഡ് ലീലാവതി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. റിഷ്മ ധിലണ്‍ പൈ.
യൂട്ടറിന്‍ ബലൂണ്‍ അബ്ലേഷന്‍ തെറാപ്പി
യോനി വഴി ഒരു ചെറിയ ട്യൂബ് ഗര്‍ഭപാത്രത്തിലേക്ക് പ്രവേശിപ്പിക്കുന്നതാണ് ഈ തെറാപ്പി. ഈ ട്യൂബിന്‍റെ അഗ്രത്തില്‍ വീര്‍പ്പിക്കാവുന്ന ഒരു ബലൂണ്‍ ഘടിപ്പിച്ചിട്ടുണ്ടാകും. ട്യൂബ് ഉള്ളില്‍ പ്രവേശിപ്പിച്ച ശേഷം ബലൂണില്‍ ഒരു കംപ്യൂട്ടറൈസ്ഡ് യന്ത്രം ഉപയോഗിച്ച് ചൂട് വെള്ളം നിറയ്ക്കും. ഇത് ഉപയോഗിച്ച് എട്ട് മിനിട്ട് നേരം ഗര്‍ഭപാത്രത്തിന്‍റെ ഭിത്തികള്‍ ചൂട് പിടിപ്പിക്കും. ഗര്‍ഭപാത്രത്തിന്‍റെ ഭിത്തിയിലെ പാളി ഇത് മൂലം നേര്‍ത്തതാകുകയും അത് വികസിക്കുന്നത് നിര്‍ത്തുകയും ചെയ്യും. ലോക്കല്‍, ജനറല്‍ അനസ്തീസിയ നല്‍കി കൊണ്ട് ഈ തെറാപ്പി ചെയ്യാവുന്നതാണ്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം, കിഡ്നി രോഗം എന്നിവയുള്ളവരിലും ഇത് സുരക്ഷിതമായി ചെയ്യാം. ഇതിന്‍റെ ഫലമായി ആര്‍ത്തവ രക്തസ്രാവം നിലയ്ക്കുകയോ കുറയുകയോ ചെയ്യാം. കുട്ടികളൊക്കെ ആയി കഴിഞ്ഞ സ്ത്രീകള്‍ക്കാകും ഇത് അനുയോജ്യമെന്ന് ഡോ. റിഷ്മ ചൂണ്ടിക്കാട്ടി. ഏതാനും മണിക്കൂറുകള്‍ മാത്രമേ ഇതിനായി സ്ത്രീകള്‍ ആശുപത്രിയില്‍ ചെലവഴിക്കേണ്ടി വരുന്നുള്ളൂ എന്നതിനാല്‍ അടുത്ത ദിവസം തന്നെ ജോലി ഉള്‍പ്പെടെയുള്ള ദൈനംദിനപ്രവര്‍ത്തനങ്ങള്‍ തുടരാം.
സര്‍ജിക്കല്‍ അല്ലാത്ത മാര്‍ഗം
ഒരു ഹോര്‍മോണല്‍ ഇന്‍ട്രാ യൂട്ടെറിന്‍ ഡിവൈസ്( LNG _ IUD ) ഗര്‍ഭപാത്രത്തിലേക്ക് കയറ്റി വയ്ക്കുകയാണ് മറ്റൊരു മാര്‍ഗം. കോപ്പര്‍ ടിയെയോ ലൂപ്പിനെയോ അനുസ്മരിപ്പിക്കുന്ന ഈ ഡിവൈസില്‍ ഹോര്‍മോണുകള്‍ അടങ്ങിയിട്ടുണ്ടാകും. അനസ്തീസിയ ഒന്നും കൂടാതെ രണ്ട് മിനിട്ടിനുള്ളില്‍ ഈ ചെറു ഡിവൈസ് ഗര്‍ഭപാത്രത്തില്‍ വച്ച് പിടിപ്പിക്കാന്‍ സാധിക്കും. ഇത് ആര്‍ത്തവ സമയത്തെ രക്തസ്രാവം അഞ്ച് വര്‍ഷത്തേക്ക് നിര്‍ത്തുകയോ കുറയ്ക്കുകയോ ചെയ്യും. ഗര്‍ഭനിരോധനത്തിനും ഈ ഡിവൈസ് സഹായിക്കും. ഈ താത്ക്കാലിക ഡിവൈസ് ഏത് സമയം വേണമെങ്കിലും നീക്കം ചെയ്യാവുന്നതാണെന്നും ഡോ. റിഷ്മ കൂട്ടിച്ചേര്‍ത്തു.
English Summary : Dysfunctional Uterine Bleeding: Causes, Symptoms and treatment