ബൂസ്റ്റര്‍ ഡോസായി സ്പുട്നിക് ലൈറ്റ്: അനുമതി തേടി ഡോ. റെഡ്ഡീസ് ലാബ്സ്
Mail This Article
റഷ്യയില്‍ നിർമിച്ച സ്പുട്നിക് ലൈറ്റ് വാക്സീന്‍ കോവിഡിനുള്ള ബൂസ്റ്റര്‍ ഡോസായി രാജ്യത്ത് പുറത്തിറക്കാന്‍ അനുമതി തേടി ഡോ. റെഡ്ഡീസ് ലാബ്സ്. ഒറ്റ ഡോസ് വാക്സീനായി സ്പുട്നിക് ലൈറ്റ് ഉപയോഗിക്കാനുള്ള അടിയന്തര ഉപയോഗ അനുമതി കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. ഇതിന് പുറമേയാണ് മുന്‍കരുതല്‍ ഡോസായിക്കൂടി ഈ വാക്സീന്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമം.
വാക്സീന്‍റെ വില വൈകാതെ പ്രഖ്യാപിക്കുമെന്ന് ഡോ. റെഡ്ഡീസ് ലാബ്സ് അറിയിച്ചു. ഇതുവരെ വാക്സീന്‍ എടുക്കാത്തവര്‍ക്കും സ്പുട്നിക്കിന്‍റെ ഒറ്റ ഡോസ് ലൈറ്റ് വാക്സീന്‍ ഉപയോഗപ്പെടുത്താം. രാജ്യത്ത് കുട്ടികള്‍ അടക്കം 26 ശതമാനം പേരെങ്കിലും ഇനിയും കോവിഡ് വാക്സീന്‍ എടുക്കാനുണ്ട്. രണ്ട് ഡോസുകളുള്ള സ്പുട്നിക് 5 വാക്സീന്‍ നേരത്തേ തന്നെ ഇന്ത്യയുടെ കോവിഡ് വാക്സീന്‍ വിതരണ പദ്ധതിയുടെ ഭാഗമായിരുന്നു. 12.11 ലക്ഷം ഡോസ് സ്പുട്നിക് 5 വാക്സീന്‍ ഇന്ത്യയിൽ വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിന്‍റെ രണ്ടാമത്തെ ഡോസിന് ദൗര്‍ലഭ്യം നേരിട്ടിരുന്നു.
ഇന്ത്യയടക്കം 30 രാജ്യങ്ങള്‍ സ്പുട്നിക് ലൈറ്റിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ഒമിക്രോണ്‍ വകഭേദത്തിനെതിരെ സ്പുട്നിക് 5 വാക്സീന്‍ ശക്തമായ സംരക്ഷണം നല്‍കുമെന്നും ഫൈസര്‍ വാക്സീനെ അപേക്ഷിച്ച് വൈറസിനെ നിര്‍വീര്യമാക്കാനുള്ള ഇതിന്‍റെ കഴിവ് രണ്ടു മടങ്ങ് അധികമാണെന്നും ഡോ. റെഡ്ഡീസ് ലാബ്സ് അവകാശപ്പെടുന്നു. സ്പുട്നിക്കിന്‍റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കും ഇന്ത്യയിലെ വിതരണത്തിനുമായി 2020ലാണ് ഡോ. റെഡ്ഡീസ് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടുമായി കരാറില്‍ ഏര്‍പ്പെട്ടത്.
Content summary : Sputnik light Booster dose vaccine