ചിറ്റമൃത് കഴിച്ചാൽ കരൾ നാശമോ? വിശദീകരണവുമായി ആയുഷ് മന്ത്രാലയം

Mail This Article
പ്രതിരോധശേഷി വര്‍ധിപ്പിക്കാനും പ്രമേഹത്തെ തടുക്കാനുമൊക്കെ ശേഷിയുണ്ടെന്ന് കരുതപ്പെടുന്ന ചെടിയാണ് ചിറ്റമൃത്. മരങ്ങളെ ചുറ്റി വളരുന്ന ഈ വള്ളിച്ചെടിയുടെ തണ്ടിന് പല രോഗങ്ങളെയും ഭേദപ്പെടുത്താനുള്ള ഔഷധശേഷിയുണ്ടെന്ന് ആയുര്‍വേദം പറയുന്നു. എന്നാല്‍ കോവിഡ് കാലത്ത് അമിതമായി ചിറ്റമൃത് ജ്യൂസ് കഴിച്ച പലര്‍ക്കും കരള്‍ നാശമുണ്ടായതായി റിപ്പോര്‍ട്ടുകളും പഠനങ്ങളും പുറത്തു വന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര ആയുഷ് മന്ത്രാലയം. ആവശ്യമായ തോതില്‍ കഴിച്ചാല്‍ ചിറ്റമൃത് യാതൊരു വിധത്തിലുമുള്ള പ്രശ്നങ്ങളും ശരീരത്തില്‍ ഉണ്ടാക്കില്ലെന്നും കരള്‍ നാശവുമായി ഈ ഔഷധചെടിയെ തെറ്റായി ബന്ധിപ്പിച്ചിരിക്കുകയാണെന്നും ആയുഷ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
എന്നാല്‍ മരുന്നിന്റെ സുരക്ഷ അത് എങ്ങനെ ഉപയോഗിക്കുന്നു, എത്ര അളവില്‍ ഉപയോഗിക്കുന്നു എന്നതിനെയെല്ലാം അടിസ്ഥാനപ്പെടുത്തി ഇരിക്കുമെന്നും ആയുര്‍വേദ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന അളവില്‍ മാത്രമേ ഇത് കഴിക്കാവുള്ളൂ എന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കുന്നു. ചയാപചയ പ്രശ്നങ്ങള്‍ ചികിത്സിക്കുന്നതിനും പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനുമുള്ള ചിറ്റമൃതിന്റെ ഗുണങ്ങളും മന്ത്രാലയം വിവരിക്കുന്നു. പല ആയുര്‍വേദ മരുന്നുകളുടെയും സുപ്രധാന ചേരുവയാണ് ചിറ്റമൃത് എന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.
ചിറ്റമൃതിനെ കരള്‍ നാശവുമായി ബന്ധപ്പെടുത്തി നടത്തുന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണം ഇന്ത്യയുടെ പാരമ്പര്യ ചികിത്സാ സംവിധാനത്തിന് തിരിച്ചടിയാകുമെന്ന ആശങ്കയും ആയുഷ് മന്ത്രാലയം പങ്കുവയ്ക്കുന്നു. അമേരിക്കന്‍ അസോസിയേഷന് ഫോര്‍ ദ് സ്റ്റഡി ഓഫ് ലിവര്‍ ഡിസീസിന്റെ ഔദ്യോഗിക ജേണലായ ഹെപറ്റോളജി കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പഠനമാണ് ചിറ്റമൃത് കരള്‍ നാശമുണ്ടാക്കുന്നതായി കണ്ടെത്തിയത്.
ലഖ്നോവിലെ കിങ് ജോര്‍ജ്സ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ അടക്കം 13 മെഡിക്കല്‍ കേന്ദ്രങ്ങളില്‍ നടത്തിയ ഗവേഷണത്തില്‍ കരള്‍ രോഗബാധിതരായ 43 രോഗികള്‍ ചിറ്റമൃത് ജ്യൂസ് ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ ശരാശരി 46 ദിവസത്തേക്ക് കഴിച്ചിരുന്നതായി നിരീക്ഷിച്ചു. ജേണല്‍ ഓഫ് ക്ലിനിക്കല്‍ ആന്‍ഡ് എക്സ്പിരിമെന്റല്‍ ഹെപറ്റോളജിയില്‍ വന്ന മറ്റൊരു ഗവേഷണഫലവും ചിറ്റമൃത് മുംബൈയില്‍ ആറ് രോഗികളുടെ കരള്‍ നാശത്തിന് കാരണമായതായി ചൂണ്ടിക്കാണിക്കുന്നു . ഈ ഗവേഷണ റിപ്പോര്‍ട്ടുകളെയാണ് കേന്ദ്ര ആയുഷ് മന്ത്രാലയം നിരാകരിക്കുന്നത്.
Content Summary : Giloy Falsely Linked To Liver Damage: Ayush Ministry