ADVERTISEMENT

കുട്ടികളിൽ ജന്മനാ ബാധിക്കുന്ന ഡയഫ്രമാറ്റിക് ഹെർണിയ എന്ന ഗുരുതര രോഗത്തോടൊപ്പം കിഡ്നിയുടെ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന ഹൈഡ്രോ നെഫ്രോസിസ് എന്ന അവസ്ഥയും സ്ഥിരീകരിച്ച അഞ്ച് വയസ്സുകാരൻ ലാപ്രോസ്കോപിക് (കീ ഹോൾ) സർജറിയിലൂടെ സാധാരണ ജീവിതത്തിലേക്ക്. വിപിഎസ് ലേക്ഷോറിലെ യൂറോളജി വിഭാഗമാണ് അത്യപൂർവ ശസ്ത്രക്രിയ വിജയകരമായി പൂർത്തികരിച്ചത്.  ലോകത്തുതന്നെ ആദ്യമായാണ് ഇത്തരത്തിൽ ജന്മനാ ഉണ്ടായ ഡയഫ്രമാറ്റിക് ഹെർണിയയും ഹൈഡ്രോ നെഫ്രോസിസും ലാപ്രോസ്കോപിക് ശസ്ത്രക്രിയയിലൂടെ പരിഹരിക്കപ്പടുന്നത്.

 

xray
ഡയഫ്രമാറ്റിക് ഹെർണിയ; ശസ്ത്രക്രിയയ്ക്കു മുൻപും ശേഷവുമുള്ള ചെസ്റ്റ് എക്സ് റേ

ജനിച്ച് ആറ് മാസം മുതൽ കുട്ടിക്ക് ഇടയ്ക്കിടെ ചുമയും പനിയും ഛർദ്ദിലും മറ്റ് അസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടിരുന്നു. ഇതേതുടർന്ന്  നടത്തിയ വിശദമായ പരിശോധനയിലാണ് ഇടത് വശത്തെ ഡയഫ്രമിൽ 6 സെന്റി മീറ്റർ വലുപ്പമുള്ള ഹെർണിയ കണ്ടെത്തുന്നത്.  അതുവഴി ആന്തരിക അവയവങ്ങളായ കുടലും ഇടത് കിഡ്നിയും മുകളിലേക്ക് കയറി വരുകയും കിഡ്നിയിൽ ജന്മനാ ഉണ്ടായ തടസ്സം മൂലം ഹൈഡ്രോ നെഫ്രോസിസ് ഉണ്ടാവുകയും ആയിരുന്നു. (വൃക്കയെ മൂത്രാശയവുമായി ബന്ധിപ്പിക്കുന്ന ട്യൂബിലെ തടസ്സം മൂലമാണ് ഹൈഡ്രോനെഫ്രോസിസ് ഉണ്ടാകുന്നത്. ) അടുത്തകാലത്ത് വയറിന്റെ ഇടത് ഭാഗത്ത് കഠിനമായ വേദനയും ഇടയ്ക്കിടെ ഛർദ്ദിയും അനുഭവപ്പെട്ടിരുന്നു.

kidney
നെഞ്ചിൻകൂടിനകത്തിരിക്കുന്ന വൃക്ക

 

കണക്കുകൾ അനുസരിച്ച് പതിനാറായിരത്തിൽ ഒരാൾക്ക് മാത്രമാണ് ജന്മനാ ഡയഫ്രമാറ്റിക് ഹെർണിയ ഉണ്ടാകുന്നത്. അതിൽതന്നെ നെഞ്ചിനുള്ളിൽ വൃക്ക സ്ഥിതി  ചെയ്യുന്ന കേസുകൾ 140 എണ്ണം മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളു. ഡയഫ്രമാറ്റിക് ഹെർണിയയും തൊറാസിക് കിഡ്നി ഹൈഡ്രോ നെഫ്രോസിസും ഓപ്പൺ സർജറിയിലൂടെ പരിഹരിക്കപ്പെട്ട ഒരു കേസ് മുൻപ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരമൊരു കേസിൽ ലാപ്രോസ്കോപിക് സർജറിയിലൂടെ മെഷ് വച്ച് ഹെർണിയ റിപ്പയർ ചെയ്യുന്നതോടൊപ്പം പൈലോപ്ലാസ്റ്റിയിലൂടെ കിഡ്നി റിപ്പയർ ചെയ്യുന്നതും ഇതാദ്യമായാണ്.

 

2021 നവംബർ 10നാണ് കുട്ടിയിൽ ശസ്ത്രക്രിയ നടക്കുന്നത്.  ഓപ്പറേഷന് ശേഷം ജനുവരിയിൽ സ്റ്റെന്റ് മാറ്റുകയും പിന്നീട് നടത്തിയ പരിശോധനയിൽ രണ്ട് വൈകല്യങ്ങളും കീഹോൾ ശസ്ത്രക്രിയിലൂടെ പരിഹരിക്കാൻ സാധിച്ചുവെന്നും കുട്ടി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയെന്നും യൂറോളജി ആൻഡ് റീനൽ ട്രാൻസ്പ്ലാന്റ് വിഭാഗം തലവൻ ഡോ. ജോർജ് പി എബ്രഹാം പറഞ്ഞു. മൂന്ന് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിൽ ഡോ. ജോർജ് പി എബ്രഹാമിന് പുറമെ സീനിയർ കൺസൽറ്റന്റ് ഡോ. ഡാട്സൺ ജോർജ് പി, ഡോ. വിനീത്, ഡോ. സാം എന്നിവരും ഭാഗമായിരുന്നു.

Content Summary: Diaphramatic hernia and Hydronephrosis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com