ADVERTISEMENT

മനുഷ്യ ശരീരത്തെ താങ്ങി നിർത്തുന്നത് കാലുകളാണ്. പക്ഷേ ഈ കാലുകളെ നമ്മൾ പലപ്പോഴും വേണ്ടത്ര പരിഗണിക്കാറില്ലെന്നതാണ് വാസ്തവം. കാലുകളിലെ കൂടുതൽ സമ്മർദവും ഏൽക്കുന്നതു പാദങ്ങൾക്കാണ്. ഈ പാദങ്ങൾ പണിമുടക്കിയാലുള്ള അവസ്ഥ ആലോചിച്ചു നോക്കിയിട്ടുണ്ടോ? നാം ആകെ പെട്ടു പോയുതതന്നെ അല്ലേ... അതുകൊണ്ടുതന്നെ പാദത്തിലുണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ പോലും ശ്രദ്ധിക്കുകയും സമയത്തുതന്നെ പരിഹരിക്കുകയും വേണം. സാധാരണ പാദങ്ങളെ ബാധിക്കുന്ന രണ്ടു പ്രശ്നങ്ങളാണ് ഉപ്പൂറ്റി വേദനയും വിണ്ടു കീറലും. ഇവയെക്കുറിച്ച് അറിയാം.

 

ഉപ്പൂറ്റി വേദന

 

ഉപ്പൂറ്റിയുടെ അസ്ഥിയിൽ നിന്ന് കാൽവിരലുകളുടെ അസ്ഥിയിലേക്കു വ്യാപിച്ചു കിടക്കുന്ന പ്ലാന്റാർ ഫേഷ്യ എന്ന കട്ടിയുള്ള പാടയ്ക്കു വരുന്ന നീർവീക്കമാണ് ഉപ്പൂറ്റി വേദനയ്ക്കു പ്രധാന കാരണം. രാവിലെ കാൽ നിലത്തു കുത്തുമ്പോൾ അനുഭവപ്പെടുന്ന കഠിന വേദനയാണു പ്രധാന ലക്ഷണം. ദീർഘനേരം നിൽക്കുന്നവരിലും പടികൾ കയറി ഇറങ്ങുന്നവരിലും അമിതവണ്ണമുള്ളവരിലുമാണ് ഈ വേദന കൂടുതൽ കാണുന്നത്. കാലിന്റെ പുറകിലെ ചില പേശികൾ ചേർന്ന് ഉണ്ടാകുന്ന അകിലസ് ടെൻഡർ അസ്ഥിയുമായി ചേരുന്ന ഭാഗത്ത് ഉണ്ടാകുന്ന നീർക്കെട്ട് മൂലവും ഉപ്പൂറ്റി വേദന വരാം. 

 

∙ നീരും വേദനയും കുറയ്ക്കാനുള്ള മരുന്നുകൾ കഴിക്കാം. ചൂടുവെള്ളത്തിൽ 10 മിനിറ്റ് കാൽ മുക്കിവച്ച ശേഷം, തണുത്ത വെള്ളത്തിൽ ഒരു മിനിറ്റ് കാൽ വയ്ക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കും. 

∙ കാൽപാദം ഐസ്‌വെള്ളം നിറച്ച കുപ്പിയുടെ മേൽവച്ച് അമർത്തി മുൻപോട്ടും പിറകോട്ടും 10 മിനിറ്റ് ഉരുട്ടുക.

∙ നിന്നു ജോലി ചെയ്യുന്നവർക്ക്, ഷൂവിന് ഉള്ളിലായി സിലിക്കൺ കൊണ്ടുള്ള ഹീൽ കപ്പ് ഉപയോഗിക്കാം. ഒരു മണിക്കൂർ കൂടുമ്പോൾ അഞ്ചു മിനിറ്റ് ഇരുന്നു വിശ്രമിക്കാം.

∙ മൃദുവായ ചെരിപ്പുകൾ പ്രത്യേകിച്ച് മൈക്രോസെല്ലുലാർ റബർ ചെരിപ്പ് ഉപ്പൂറ്റി വേദനയുള്ളവർക്ക് ഉത്തമം.

 

പാദങ്ങളുടെ വിണ്ടുകീറൽ

 

സാധാരണയായി വരണ്ട ചർമക്കാരിലാണ് ഇതു കൂടുതലായി കണ്ടുവരുന്നത്. സോറിയാസിസ്, പ്രമേഹം, തൈറോയ്ഡ് രോഗമുള്ളവരിൽ ഇതിന്റെ തീവ്രത കൂടുതലാണ്. അമിതവണ്ണമുള്ളവരിലും സ്ഥിരമായി നിൽക്കുന്ന ജോലിയിൽ ഏർപ്പെടുന്നവരിലും രോഗസാധ്യത കൂടുതലാണ്. 

 

ചെറിച്ചിൽ, ചെറിയ വേദന, ചോര പൊടിയുക എന്നിവ സാധാരണ ലക്ഷണങ്ങളാണ്. പലപ്പോഴും അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പ്രമേഹരോഗികളിൽ ഇവ ഉണങ്ങാൻ പ്രയാസമുള്ള വ്രണങ്ങളായി പരിണമിക്കാം. 

 

മോയ്സ്ചറൈസറുകൾ പുരട്ടുന്നത് പാദചർമത്തിന്റെ വളർച്ച ഒരുപരിധിവരെ തടയുന്നു. യൂറിയ, സാലിസിലിക് ആസിഡ് എന്നിവ അടങ്ങിയവ ഉപയോഗിക്കാം. പ്രമേഹരോഗികൾ പാദങ്ങൾ ദിവസേന പരിശോധിക്കണം. വിള്ളൽ ഗുരുതരമാകുന്നതിനു മുൻപുതന്നെ കൃത്യമായ ചികിത്സ എടുക്കണം.

Content Summary : Heel pain and foot fracture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com