ADVERTISEMENT

ദേഷ്യം വരുമ്പോൾ പല്ലുകൾ കൂട്ടി കടിച്ച് തമ്മിൽ ഉരസുന്നവരാണ് നമ്മളിൽ പലരും. എന്നാൽ നിങ്ങളുടെ കുട്ടികൾ ഉറങ്ങുമ്പോൾ പല്ലുകൾ കൂട്ടി ഉരസുന്ന ശബ്ദം നിങ്ങളെ അസ്വസ്ഥരാക്കാറുണ്ടോ? അതെന്തുകൊണ്ടാണെന്ന് ചിന്തിക്കാറുണ്ടോ? കുട്ടികൾ സ്വപ്നം കാണുമ്പോൾ സംഭവിക്കുന്നതാണെന്നാണ് പലരും തെറ്റിദ്ധരിക്കുന്നത്. ദേഷ്യം വരുമ്പോൾ പല്ലിറുമ്മുന്നത് പലപ്പോഴും സ്വഭാവികമായ ഒരു പ്രക്രിയ ആണെങ്കിലും ഉറക്കത്തിൽ പല്ലിറുമ്മിക്കൊണ്ടിരിക്കുന്നത് ഒരു അസാധാരണമായ അവസ്ഥയാണ്. അതിന് ബ്രക്സിസം(Bruxism) എന്നാണ് വൈദ്യശാസ്ത്രം നൽകിയിരിക്കുന്ന പേര്. കൂടുതലും ഉറക്കത്തിലാണ് കുട്ടികളിൽ ഇത് കാണപ്പെടുന്നത്. അല്ലാതെയും ബ്രക്സിസം ഉണ്ടാവാം.

 

 ബ്രക്സിസത്തിന്റെ കാരണങ്ങൾ 

കൃത്യമായ കാരണങ്ങൾ ഇപ്പോഴും വ്യക്തമല്ല, എങ്കിലും ചില സാധാരണമായ കാരണങ്ങൾ നോക്കാം.

 

∙ മാൽ ഒക്ലൂഷൻ (malocclusion): വായ അടയ്ക്കുമ്പോൾ മുകളിലത്തെയും താഴെത്തെയും നിരയിലുള്ള പല്ലുകൾ തമ്മിൽ കൃത്യമായ ഒരു ബന്ധം പാലിക്കണം. ആ ക്രമീകരണങ്ങളിൽ മാറ്റങ്ങൾ വരുന്ന അവസ്ഥയാണ് മാൽ ഒക്ലൂഷൻ. അത് അസാധാരണമായി പല്ലിറുമ്മുന്നതിന് കാരണമാകാം.

 

∙ പല്ല് മുളച്ചു വരുന്ന പ്രായങ്ങളിൽ പല്ലിറുമ്മൽ കൂടുതലായി കാണപ്പെടാം. 5-6 മാസം പ്രായമുള്ള കുഞ്ഞുങ്ങളിൽ പാൽപ്പല്ലുകൾ മുളച്ചു തുടങ്ങുന്ന സമയത്തും 6-7 വയസ്സ് പ്രായമുള്ള കുട്ടികളിൽ ആദ്യത്തെ സ്ഥിരം പല്ലുകൾ മുളച്ചു തുടങ്ങുന്ന സമയത്തുമാണ് കൂടുതലായി ഇത് ശ്രദ്ധയിൽപ്പെടുക.

∙ വേദനകൾ :ചെവിയിൽ നിന്നുള്ളതോ പല്ല് മുളച്ചു വരുമ്പോഴുള്ളതോ ആയ വേദനകൾ.

∙ മാനസിക സമ്മർദം: ഉത്കണ്ഠകൾ കൂടുന്ന സമയങ്ങളിൽ കുട്ടികൾ പല്ലിറുമ്മുകയും ഇത് ഒരു ശീലമായി മാറുകയും സാധാരണ സമയങ്ങളിൽ പോലും തുടരുകയും ചെയ്യും.

∙ പാരമ്പര്യമായി ലഭിക്കുന്നവ

∙ എ‌ഡി‌എച്ച്‌ഡി(അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർആക്ടിവിറ്റി ഡിസോർഡർ)പോലുള്ള ഹൈപ്പർ ആക്റ്റിവിറ്റി രോഗങ്ങൾ അല്ലെങ്കിൽ സെറിബ്രൽ പാൾസി പോലുള്ള അവസ്ഥകൾ ഉള്ള കുട്ടികളിൽ ബ്രക്സിസം കൂടുതലായി കണ്ടുവരുന്നു. അതുപോലെ ചില മരുന്നുകളോടുള്ള പ്രതിപ്രവർത്തനമായും ഇത് സംഭവിക്കാം.

∙ സ്ലീപ്‌ അപ്നിയ പോലുള്ള ഉറക്ക തകരാറുകൾ പല്ലിറുമ്മലിന് കാരണമാകാം 

∙ ശ്വസന പ്രശ്നങ്ങൾ ഉള്ള കുട്ടികളിൽ പല്ലിറുമ്മൽ കൂടുതലായി കാണാൻ സാധ്യതയുണ്ട്.

∙ വിരശല്യം ഉള്ള കുട്ടികളിലും ബ്രക്സിസം കണ്ടു വരാറുണ്ട്.

 

തലവേദന, താടി എല്ലുകളിലെ വേദന, ചെവി വേദന, മുഖത്തെ പേശികളിലും സന്ധികളിലും ഉള്ള വേദന, പല്ലുകളിലെ  തേയ്മാനം, പല്ലു പുളിപ്പ് അങ്ങനെ കുട്ടികളിൽ പല വിധ പ്രശ്നങ്ങൾക്കും ബ്രക്സിസം കാരണമാകാറുണ്ട്. പക്ഷേ മുതിർന്നവരിലാണ് ഈ ശീലം കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാറ്.

 

കുട്ടികൾ ഉറങ്ങുമ്പോൾ പല്ലുകൾ തമ്മിൽ ഉരസുന്ന ശബ്ദം കേൾക്കുന്നത്, രാവിലെ എഴുന്നേറ്റാൽ അവർ മുഖത്തും താടിയെല്ലുകളും വേദനയുണ്ടെന്ന് പറയുന്നത്, ഭക്ഷണം ചവച്ചരയ്ക്കുമ്പോൾ വേദന അനുഭവവപ്പെടുന്നത് ഇവയൊക്കെ പാടേ അവഗണിക്കാതെ ഒരു ഡെന്റിസ്റ്റിനെ കാണുക.

 

പല്ലുകളിലെ ഇനാമലിൽ അസാധാരണമായ തേയ്മാനം ഉണ്ടോയെന്നും പല മാർഗങ്ങളിലൂടെ പല്ലിന്റെ സംവേദനക്ഷമത പരിശോധിക്കുകയുമാണ് ഡന്റിസ്റ്റുകൾ ചെയ്യുന്നത്. പല്ലുകളിൽ ബ്രക്സിസത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ അതിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനായി ഡന്റിസ്റ്റ് നിങ്ങളോട് ചോദ്യങ്ങൾ ചോദിച്ചേക്കാം.

മിക്കവാറും അവസരങ്ങളിൽ ബ്രക്സിസം നിരുപദ്രവകാരി ആണ്.

 

ബ്രക്സിസം തടയാൻ

കുട്ടിക്ക് ബ്രക്സിസം ഉണ്ടാവാൻ കാരണം എന്താണോ അതു കണ്ടെത്തി അതിനാണ് ചികിത്സ നൽകേണ്ടത്. കുട്ടികളിൽ പല്ലിറുമ്മൽ ഉണ്ടാവാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം മാനസിക സമ്മർദ്ദം ആണെന്നാണ് പല റിപ്പോർട്ടുകളും കാണിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ സമ്മർദം ലഘൂകരിക്കാനുള്ള മാർഗങ്ങൾക്ക് തന്നെയാണ് ബ്രക്സിസത്തിന്റെ ചികിത്സയിൽ പ്രാധാന്യവും. മാതാപിതാക്കളെയും കുട്ടികളെയും കൗൺസിൽ ചെയ്യുന്നതിലൂടെയും ക്ഷമയോടെയും സ്നേഹത്തോടെയും കുട്ടികളെ കേൾക്കാൻ തയാറാവുന്നതിലൂടെയും അത് സാധ്യമാകുന്നതാണ്.

 

പല്ലുകളുടെ ക്രമീകരണത്തിലുള്ള അപാകതകൾ മൂലമാണ് പല്ലിറുമ്മൽ ഉണ്ടാവുന്നതെങ്കിൽ ആ ക്രമീകരണ തകരാറുകളെ ചികിത്സിച്ചു ഭേദമാക്കാനുള്ള നൂതനവും മികച്ചതുമായ വഴികൾ ഡന്റിസ്റ്റിനു നിർദേശിക്കാൻ കഴിയും. പല്ലിന് കമ്പിയിടലും മുഖത്തും വായയിലും ഘടിപ്പിക്കുന്ന ചെറിയ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ചികിത്സയും ഇതിൽ ഉൾപ്പെടും.

 

പല്ലുകളെ സംരക്ഷിക്കാൻ കായിക താരങ്ങൾ ഉപയോഗിക്കുന്ന സംരക്ഷണ കവചങ്ങൾ പോലെയുള്ള ചെറിയ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ചികിത്സ കുട്ടികളിൽ അപൂർവമായേ ചെയ്തു വരാറുള്ളൂ. വളരെ അത്യാവശ്യ  ഘട്ടങ്ങളിൽ മാത്രമേ കുട്ടികളിൽ ഇത്തരം ചികിത്സകൾ ചെയ്യാറുള്ളൂ.

 

കാരണം എന്തെന്ന് മനസ്സിലാക്കി അതിന് പരിഹാരമാർഗങ്ങൾ കണ്ടെത്തുക എന്നതിനാണ് ബ്രക്സിസത്തിന്റെ ചികിത്സയിൽ പ്രാധാന്യം. ഒരു ഡന്റിസ്റ്റിന്റെ സഹായത്തോടെ നിങ്ങൾക്ക് അത് സാധ്യമാണ്.

 

(ഏറ്റുമാനൂർ തീർത്ഥാസ് ടൂത് അഫയർ ഡെന്റൽ ഹോസ്പിറ്റലിലെ ചീഫ് ഡന്റൽ സർജനും ലഫ്.കേണൽ ഹേമന്ദ് രാജിന്റെ ഭാര്യയുമാണ് ലേഖിക)

Content Summary: Bruxism in children: Causes, symptoms and treatment

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com