ADVERTISEMENT

ബ്രിട്ടിഷ് രാജകുടുംബത്തിലെ എക്കാലത്തെയും വിവാദനായികയായിരുന്നു ഡയാന രാജകുമാരി. മരണത്തിൽ പോലും നിഗൂഢതകൾ പലതും അവശേഷിപ്പിച്ച ഡയാന വർഷങ്ങളോളം ഒരു രഹസ്യ രോഗത്തിന് ചികിത്സയിലായിരുന്നു. 1995 ൽ നടന്ന ഒരു ബിബിസി അഭിമുഖത്തിൽ ഡയാന തന്നെയാണ് താൻ ഒരു ദശാബ്ദത്തോളം മറച്ചു വച്ച ബുളീമിയ എന്ന രോഗത്തെക്കുറിച്ച് മനസ്സു തുറന്നത്.

 

ഡയാനയ്ക്ക് 19 വയസ്സുള്ളപ്പോഴായിരുന്നു രോഗത്തിന്റെ തുടക്കം. ചാൾസ് രാജകുമാരനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ അതേ ആഴ്ചയിൽ ആരംഭിച്ച ബുളീമിയ പത്തു വർഷത്തോളം തന്നെ വലച്ചെന്ന് ഡയാന അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഭക്ഷണം കഴിക്കുന്നതിലെ താളപ്പിഴയാണ് ഈ രോഗത്തിന്റെ മുഖമുദ്ര. അത് പക്ഷേ മാനസികമായ വികാര വിചാരങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. ആത്മവിശ്വാസം ഏറ്റവും താഴുന്ന ഘട്ടത്തിൽ കണ്ണിൽ കണ്ടതെല്ലാം വലിച്ചു വാരി തിന്നുന്നതും പിന്നീട് കുറ്റബോധം തോന്നി കഴിച്ചതെല്ലാം ഛർദിച്ച് കളയുന്നതും ബുളീമിയയുടെ പ്രത്യേകതയാണെന്നും ഡയാന അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. ഈ രോഗാവസ്ഥയിൽ സ്വയം നാണക്കേടും വെറുപ്പും തോന്നുമെന്നും ഡയാന കൂട്ടിച്ചേർക്കുന്നു. ബുളീമിയ ബാധിച്ചവരിൽ ശരീരഭാരം മാറ്റമില്ലാതെ തുടരുമെന്നും ഡയാന പറയുന്നു. 

 

ബുളീമിയ നെർവോസ എന്നാണ് ഈ രോഗത്തിന്റെ പൂർണനാമം. സ്വയം ഛർദിപ്പിക്കാനുള്ള പ്രേരണ, ലാക്സേറ്റീവുകളുടെയും ഭാരം കുറയ്ക്കാനുള്ള സപ്ലിമെന്റുകളുടെയും ഡൈയൂറെറ്റിക്സിന്റെയും എനിമയുടെയും ദുരുപയോഗം എന്നിവയെല്ലാം ബുളീമിയയുടെ ഭാഗമായി രോഗികളിൽ ഉണ്ടാകുമെന്ന് മയോക്ലിനിക് ചൂണ്ടിക്കാണിക്കുന്നു. ചിലർ വ്രതം നോക്കാനും ഡയറ്റ് നിയന്ത്രിക്കാനും അമിതമായി വർക്ക് ഔട്ട് ചെയ്യാനും ശ്രമിക്കാറുണ്ട്.

 

ജീവനുതന്നെ ആപത്തായേക്കുന്ന ബുളീമിയയെ ചിലപ്പോൾ രോഗികൾ തിരിച്ചറിഞ്ഞെന്നു വരില്ല. ഇതുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങൾ രോഗനിർണയത്തിനു സഹായിക്കും. 

 

1. ശരീരഭാരത്തെയും ആകാരവടിവിനെയും പറ്റിയുള്ള അതിരു കടന്ന ചിന്ത.

 

2. ഭാരം വര്‍ധിക്കുമോ എന്നുള്ള ഭയവും ഉത്കണ്ഠയും.

 

3. വലിയ അളവിൽ ഭക്ഷണം കഴിക്കൽ.

 

4. കാലറി കുറയ്ക്കാൻ വേണ്ടി, കഴിച്ച ഭക്ഷണം ഛർദിച്ച് കളയാനുള്ള ശ്രമം.

 

5. കഠിനമായ ഡയറ്റുകളും പട്ടിണി കിടക്കലും വ്യായാമവുമൊക്കെ പിന്തുടരാനുള്ള വാസന.

 

6. ഭാരം കുറയ്ക്കാനുള്ള മരുന്നുകളും സപ്ലിമെന്റുകളും പതിവായി ഉപയോഗിക്കൽ. 

 

ആത്മവിശ്വാസമില്ലായ്മ, സ്വയം നെഗറ്റീവ് ഇമേജ് ഉണ്ടാക്കൽ, ബന്ധങ്ങളിൽ പ്രശ്നങ്ങൾ, ഉത്കണ്ഠ, വിഷാദം, വ്യക്തിത്വ പ്രശ്നങ്ങൾ, ഹൃദ്രോഗം, ദഹനപ്രശ്നങ്ങൾ, ആത്മഹത്യാ ചിന്ത, സ്വയം മുറിവേൽപ്പിക്കാനുള്ള പ്രേരണ, മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും ഉപയോഗം എന്നിങ്ങനെ പല പ്രശ്നങ്ങളിലേക്കും ബുളീമിയ നയിക്കാം. 

 

ബുളീമിയ നിയന്ത്രിക്കുന്നത് അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനുള്ള പ്രോത്സാഹനം രോഗികൾക്ക് നൽകേണ്ടതാണ്. ശരീരത്തിന്റെ ഇമേജിനെ ചൊല്ലിയുള്ള ആശങ്കകൾ വളരെ ചെറുപ്പത്തിൽത്തന്നെ മുളയിലേ നുള്ളണം. ആരോഗ്യകരമായ ബോഡി ഇമേജിനെയും ജീവിതശൈലിയെയും കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കണം. എല്ലാ വലുപ്പത്തിലുമുള്ള മനുഷ്യരും പല നിറങ്ങളിൽപ്പെട്ടവരും നമുക്ക് ചുറ്റും ഉണ്ടെന്നും ഓരോന്നും അവരവരുടെ രീതിയിൽ തനതും സുന്ദരവുമാണെന്നുമുള്ള ബോധ്യം കുട്ടികളിൽ ഊട്ടിയുറപ്പിക്കണം. ശരീരഭാരത്തെക്കുറിച്ച് വീടുകളിൽ സംസാരിക്കുകയോ ആരുടെയെങ്കിലും വലുപ്പത്തെയോ ഭാരത്തെയോ പറ്റി അഭിപ്രായപ്രകടനങ്ങൾ നടത്തുകയോ ചെയ്യരുത്. ശരീരത്തെ പറ്റിയുള്ള ആശങ്കകൾ പങ്കുവയ്ക്കാനുള്ള ഇടവും കുട്ടികൾക്ക് ലഭ്യമാകണം.

Content Summary: Princess Diana suffered from Bulimia illness for nearly a decade

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com